District News
കടുത്തുരുത്തി: കല്ലറ മാര്‍ക്കറ്റ് ജംഗ്ഷന് വികസനം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടി കല്ലറ പഞ്ചായത്ത്. ആവശ്യമായ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് റോഡ് വികസനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.കെ. ബഷീറിനെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയത്.
കല്ലറ ജംഗ്ഷ ന്റെ വികസനം വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ എടുത്ത തീരുമാനങ്ങളെ തുടര്‍ന്നാണ് പഞ്ചായത്ത് ജനപ്രതിനിധികള്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.
മുട്ടുചിറ-കല്ലറ-നീണ്ടൂര്‍ റോഡും കല്ലറ-വെച്ചൂര്‍ മിനി ഹൈവേയും ചേരുന്നതാണ് കല്ലറ മാര്‍ക്കറ്റ് ജംഗ്ഷൻ. കുറുപ്പന്തറ, കുറവിലങ്ങാട്, ആയാംകുടി, കൈപ്പുഴ, നീണ്ടൂർ, കടുത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ദിവസവും നൂറുകണക്കിന് കൂറ്റന്‍ ടോറസ്, ടിപ്പര്‍ ലോറികളാണ് കല്ലറ ജംഗ്ഷനിലെത്തി ആലപ്പുഴ, ചേര്‍ത്തല, കുമരകം ഭാഗത്തേക്ക് മണ്ണുമായി പോകുന്നത്.
നിരവധി ബസുകളും കുമരകം, ആലപ്പുഴ ഭാഗത്തേക്കുള്ള ടൂറിസ്റ്റുകളുടെ വാഹനങ്ങളും സ്കൂള്‍ ബസുകളും മറ്റു വാഹനങ്ങളും ജംഗ്ഷനില്‍ എത്തുന്നതോടെ ഗതാഗത കുരുക്കും അപകടങ്ങളും പതിവാണ്. ജംഗ്ഷനു സമീപം തന്നെയാണ് കല്ലറ സെന്റ് തോമസ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെയും വൈകുന്നേരവും സ്കൂള്‍ വിദ്യാര്‍ഥികളും സ്കൂള്‍ വാഹനങ്ങളും കൂടി റോഡില്‍ എത്തുന്നതോടെ ടൗണും ജംഗ്ഷനും ഗതാഗത ക്കുരുക്കിലാവും.
മാറി വന്ന പഞ്ചായത്ത് ഭരണ സമിതികളും ജനപ്രതിനിധികളും കല്ലറ ജംഗ്ഷന് വികസനത്തിനായി ശ്രമങ്ങള്‍ നടത്തിയിട്ടും ഒന്നും ഫലവത്തായില്ല. റോഡിന് വീതി കൂട്ടി സുരക്ഷാ നടപടികള്‍ സ്വീകരിച്ചാലേ കല്ലറ ജംഗ്ഷനിലെ പ്രശ്നങ്ങളും ഗതാഗത ക്കുരുക്കും പരിഹരിക്കാന്‍ കഴിയൂ.
ഇതിന് പഴയ കെട്ടിടങ്ങള്‍ ഇരിക്കുന്ന സ്ഥലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിനായി സ്ഥലം വിട്ടു നല്കാന് ഉടമകള്‍ സര്‍വകക്ഷി യോഗത്തില്‍ സമ്മതം അറിയിച്ചിരുന്നു. പണം നല്കി സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം ഉണ്ടായാലേ കല്ലറ ജംഗ്ഷന് വികസനം സാധ്യമാകൂ എന്ന് ജനപ്രതിനിധികള്‍ പറയുന്നു.
District News
വൈക്കം: മാംസാവശിഷ്ടങ്ങളും ശുചിമുറി മാലിന്യവും തള്ളുന്നത് പതിവായതോടെ കരിയാറിന്റെ തീരത്ത് താമസിക്കുന്നവർ കടുത്ത മലിനീകരണ ഭീഷണിയിലായതായി പരാതി. വൈക്കം തോട്ടുവക്കം മുതൽ തോട്ടകംവരെയുള്ള ഭാഗത്ത് കെ വി കനാലിലും കരിയാറിലും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിയാണ് മാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കരിയാറിനെയും വേമ്പനാട്ടുകായലിനേയും കൂട്ടിയിണക്കുന്ന കെ വി കനാലിലും വല്യാനപുഴ പാലത്തിനു സമീപവുമാണ് നിരന്തരം മാലിന്യം തള്ളുന്നത്.
കരിയാറിലും തോട്ടിലും രാസവസ്തു കലർത്തിയ ശുചിമുറി മാലിന്യമടക്കം കലർന്ന് ജല മലിനീകരണം രൂക്ഷമായതോടെ പ്രദേശവാസികൾ സാംക്രമിക രോഗ ഭീതിയിലാണ്. വലിയനാപ്പുഴ പാലവും പരിസരവും രാത്രി കാലത്ത് ഇരുട്ടുമൂടി കിടക്കുന്നത് മാലിന്യ നിക്ഷേപത്തിന് കാരണമാകുന്നതായും പരാതിയുണ്ട്. മഴ കനത്തതോടെ തോട്ടിലും ആറ്റിലും വ്യാപിച്ച മാലിന്യം സമീപപ്രദേശങ്ങളിലേക്കും കലർന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനാണ് ഇടയാക്കുന്നതെന്ന് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആരോപിക്കുന്നു.
വൈക്കം നഗരസഭയും തലയാഴം പഞ്ചായത്തും അതിർത്തി പങ്കിടുന്ന പ്രദേശത്ത് വഴിവിളക്ക് തെളിക്കാൻ അധികൃതർ നടപടി സ്വീകരിച്ചാൽ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നഗരസഭ ആവശ്യപെട്ടിട്ടുണ്ടെന്നും നടപടി ഉണ്ടായില്ലെങ്കിൽ വെച്ചൂർ റോഡ് ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികൾ നടത്തുമെന്നും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി പറഞ്ഞു. മഴ തോട്ടിലേക്കും പുഴയിലേക്ക് മാലിന്യം വ്യാപിച്ച് പ്രദേശത്ത് മാത്രമല്ല സമീപപ്രദേശങ്ങളിലും ഗുരുതരമായ രോഗ ഭീഷണിയാണ് ഉയരുന്നത്.
District News
കടുത്തുരുത്തി: സംസ്ഥാന ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കടുത്തുരുത്തി നിയോജകമണ്ഡലം. നീണ്ട ഇടവേളയ്ക്കുശേഷം ദീര്‍ഘകാലമായി എംഎല്‍എയായിരുന്ന അഡ്വ മോന്‍സ് ജോസഫ് മന്ത്രിയായതോടെ വികസനരംഗത്ത് കടുത്തുരുത്തിയില്‍ പുതിയ പദ്ധതികളും സംരംഭങ്ങളും വരുമെന്ന നിലയിലാണ് ജനങ്ങളും ജനപ്രതിനിധികളും വരുന്ന ബജറ്റിനെ നോക്കിക്കാണുന്നത്.
മണ്ഡലത്തില്‍നിന്ന് സമര്‍പിച്ചിട്ടുള്ള പദ്ധതികള്‍
ബൈപ്പാസ്
വര്‍ഷങ്ങളായി നിര്‍മാണം നിലച്ചു കിടന്ന ബൈപ്പാസ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ഭൂരിഭാഗം ജോലികളും പൂര്‍ത്തിയാക്കി ഗതാഗതത്തിനുള്ള സൗകര്യത്തിലാക്കിയത്. കടുത്തുരുത്തി ബൈപ്പാസ് നിര്‍മാണ പൂര്‍ത്തീകരണത്തിനും സുരക്ഷാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക വകയിരുത്തും. നിലവില്‍ ബൈപ്പാസിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും ഗതാഗതത്തിനായി തുറന്നു കൊടുക്കുകയോ ഉദ്ഘാടനം നടത്തുകയോ ചെയ്തിട്ടില്ല.
കേന്ദ്രീയ വിദ്യാലയം
നിലവില്‍ കെപിപിഎല്‍ വകസ്ഥലത്തെ കെട്ടിടത്തിലാണ് കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ആപ്പാഞ്ചിറ പോളിടെക്നിക് കോളജിന് സമീപം കേന്ദ്രീയ വിദ്യാലയത്തിനായി കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിനുള്ള സാങ്കേതിക തടസം നീക്കി ഇതിനായി തുക വകയിരുത്തണം.
ആരോഗ്യരംഗം
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കും. മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം ആശുപത്രികള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ച് സൗകര്യങ്ങള്‍ വിപുലപ്പെടുത്താൻ ഫണ്ട് അനുവദിക്കണം. ഉഴവൂര്‍ കെ.ആർ. നാരായണന് സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആധുനികവത്കരണ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള പദ്ധതി നടപ്പാക്കണം.
റോഡ് വികസനം
ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ പുളിന്തറ ഉള്‍പെടെയുള്ള അപകട വളവുകള്‍ നിവര്‍ത്താനും കുറുപ്പന്തറ കവല വികസനം സാധ്യമാക്കാനുമുള്ള പദ്ധതി പൂര്‍ത്തീകരിക്കും. കീഴൂർ-അറുനൂറ്റിമംഗലം-ഞീഴൂര്‍ റോഡ് ഉള്‍പ്പെടെ ജലഅഥോറിറ്റിക്ക് കൈമാറിയ റോഡുകളുടെ നവീകരണം വേഗത്തിലാക്കും. പത്ത് റോഡുകളാണ് ഇത്തരത്തില്‍ കൈമാറിയിട്ടുള്ളത്. മൂര്‍ക്കാട്ടില്‍പടി-വെള്ളൂര്‍ കെപിപിഎൽ-റബര്‍ പാര്‍ക്ക് റോഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിക്കണം. മണ്ഡലത്തിലെ മുഴുവന്‍ റോഡുകളും ഹൈടെക്കാക്കും.
കുടിവെള്ളം
സന്പൂര്‍ണ കുടിവെള്ള വിതരണ മണ്ഡലമായി കടത്തുരുത്തിയെ മാറ്റും. ഇതിനായി ബൃഹത് പദ്ധതിക്ക് അംഗീകാരം വേണം. മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കും.
കെട്ടിട നിര്‍മാണം
കിടങ്ങൂര്‍ പഞ്ചായത്ത് ഓഫീസ് കോംപ്ലംക്സ്, സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മാണം, മുളക്കുളം പഞ്ചായത്തിന് പുതിയ ഓഫീസ് അനക്സ് ബില്‍ഡിംഗ് പെരുവയിലും നിര്‍മിക്കണം. വെളിയന്നൂര്‍ പഞ്ചായത്തിലെ പുതുവേലി, പൂവക്കുളം സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കണം.
സയന്‍സ് സിറ്റി
കുറവിലങ്ങാട് കേരള സയന്‍സ് സിറ്റിയുടെ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കാനും പുതിയ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പ്രവർത്തനം നടപ്പാക്കണം.
കോട്ടയം ടെക്സ്റ്റൈല്‍സ്
കാണക്കാരിയിലെ കോട്ടയം ടെക്സ്റ്റൈല്‍സ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള പദ്ധതി നടപ്പാക്കണം. നവീകരണ പ്രവര്‍ത്തങ്ങള്‍ കാലാനുസൃതമായിട്ടുണ്ടാകണം.
കാര്‍ഷിക രംഗം
സമ്പൂര്‍ണ കാര്‍ഷിക ഉത്പന്ന വികസന-വിപണന കേന്ദ്രമായി കടുത്തുരുത്തിയെ മാറ്റും. നെല്‍ക്കൃഷിയെ പ്രോത്സാഹിപ്പിക്കാനും പാടശേഖരങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനുമായുള്ള നടപടികളുണ്ടാകണം. കര്‍ഷകര്‍ക്ക് പ്രോജനപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
കടുത്തുരുത്തിയില്‍ വികസന കുതിപ്പുണ്ടാകും അഡ്വ മോന്‍സ് ജോസഫ്
ഈ ബജറ്റില്‍ കടുത്തുരുത്തി മണ്ഡലത്തിന്റെ സമ്പൂര്‍ണ മാറ്റം സാധ്യമാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകും. കഴിഞ്ഞ പത്ത് വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാരിന് മുമ്പില്‍ ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ സമര്‍പിച്ചെങ്കിലും ഒന്നും പരിഗണിച്ചില്ല.
യുഡിഎഫ് സര്‍ക്കാര്‍ കടുത്തുരുത്തിക്ക് പ്രത്യേക പരിഗണനയും കരുതലും നല്‍കും. നല്ല പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കാം. അഡ്വ മോന്‍സ് ജോസഫ്, ജലവിഭവ വകുപ്പ് മന്ത്രി, കടുത്തുരുത്തി എംഎല്‍എ
District News
അതിരമ്പുഴ: അതിരമ്പുഴ നിവാസികൾ ഏറെക്കാലം സമരം ചെയ്ത് പെണ്ണാർ തോടുമായി ബന്ധിപ്പിച്ച എംവിഐപി കനാൽ ഇപ്പോൾ പെണ്ണാർ തോടിനും അതിരമ്പുഴയ്ക്കും ശാപമായിരിക്കുന്നു. കനാലിലേക്ക് തള്ളുന്ന മുഴുവൻ മാലിന്യങ്ങളും വന്നടിയുന്നത് അതിരമ്പുഴ ചന്തക്കുളത്തിലും പെണ്ണാർ തോട്ടിലുമാണ്.
കനാൽ കടന്നു പോകുന്ന എല്ലാ പ്രദേശങ്ങളിലും ആളുകൾ സർവമാലിന്യങ്ങളും കനാലിലേക്ക് തള്ളുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, തെർമോകോൾ, തേങ്ങയുടെ തൊണ്ട്, ചിരട്ട, ഉപയോഗം കഴിഞ്ഞ തുണി തുടങ്ങി വൃക്ഷത്തിന്റെ ശിഖരങ്ങൾ വരെയുണ്ട് ഈ മാലിന്യങ്ങളിൽ. മഴക്കാലമാകുമ്പോൾ കനാലിൽ ഒഴുക്കിന് ശക്തി കൂടും. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വരെ അതിരമ്പുഴ ചന്തക്കുളത്തിൽ എത്തും.
ആഴ്ച്ചകൾക്കു മുമ്പ് അതിരമ്പുഴ പഞ്ചായത്തിലെ പെരുമ്പുഴ ഭാഗത്ത് കെഎസ്ഇബി ജീവനക്കാർ ടച്ചിംഗ് വെട്ടിയ വൃക്ഷ ശിഖരങ്ങൾ കനാലിലേക്ക് തള്ളിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി ഇക്കാര്യം കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. പെണ്ണാർ തോട് കടന്നു പോകുന്ന 22-ാം വാർഡ് മെംബർ ജോയ്സ് ആൻഡ്രൂസിന്റെ നേതൃത്വത്തിൽ, ഒഴുകിയെത്തിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും പിൻവാങ്ങുകയായിരുന്നു. നീക്കം ചെയ്താലും അതിലേറെ മാലിന്യങ്ങളാണ് തൊട്ടടുത്ത ദിവസം ഒഴുകിയെത്തുന്നത്.
മാലിന്യങ്ങൾ തടഞ്ഞു നിർത്തി നീക്കം ചെയ്യുന്നതിനു വേണ്ടി ചന്തക്കുളത്തിനു സമീപം കനാലിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചെങ്കിലും മരച്ചില്ലകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ കുത്തൊഴുക്കിൽ ഗ്രിൽ തകർന്നു പോയി കനാലിലേക്കുള്ള മാലിന്യ നിക്ഷേപത്തിനെതിരേ ശക്തമായ ബോധവത്കരണം ആവശ്യമാണ്. ആർക്കും എന്തും കനാലിലേക്ക് തള്ളാം എന്നതാണ് അവസ്ഥ.
കനാൽ കടന്നു പോകുന്ന പ്രദേശങ്ങളിലെ പഞ്ചായത്തുകളെ ഏകോപിപ്പിച്ച് ബോധവത്ക്കരണം നടത്തി ആളുകളെ മാലിന്യം തള്ളലിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണം. ഒപ്പം പഞ്ചായത്തുകൾ നിരീക്ഷണം ശക്തമാക്കണം.
District News
പാമ്പാടി: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നാട്ടുകാർക്ക് ആശങ്കയായി കുറുനരി ശല്യം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജനവാസമേഖലകളിൽ കുറുനരിയുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
പകൽസമയങ്ങളിൽ പോലും വീടുകളുടെ തിണ്ണകളിലും റോഡുകളിലും ആളൊഴിഞ്ഞ വീടുകളുടെ സിറ്റൗട്ടുകളിലും കുറുനരിയെ കാണുന്നത് പതിവായിരിക്കുകയാണ്. ചില വീടുകളിൽ സോഫ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിച്ചതായും നാട്ടുകാർ പറയുന്നു. വീടിന് പുറത്തുവച്ച ചെരിപ്പുകളും മറ്റ് വസ്തുക്കളും കടിച്ചുകീറുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പാമ്പാടി മുക്കാംകുഴി ഭാഗത്തെ തെളിക്കാതെ കാടുപിടിച്ച് കിടക്കുന്ന റബർ തോട്ടങ്ങളാണ് കുറുനരി ശല്യം വർധിക്കാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശങ്ങളിൽ അഭയം കണ്ടെത്തുന്ന കുറുനരി ഭക്ഷണം തേടി ജനവാസമേഖലകളിലേക്ക് എത്തുകയാണെന്നാണ് വിലയിരുത്തൽ. സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികളടക്കമുള്ളവർ കുറുനരി സാന്നിധ്യം കാരണം ആശങ്കയിലാണ്.
വൈകുന്നേരങ്ങളിലും രാത്രിയിലും കുറുനരി കൂട്ടമായി ഓലിയിടുന്നത് പ്രദേശത്ത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായും നാട്ടുകാർ പറയുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വന്യജീവി വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ ഭൂമികൾ വൃത്തിയാക്കുന്നതിനും കുറുനരിശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
District News
കോട്ടയം: തിരുഹൃദയ നഴ്സിംഗ് കോളജില്‍ രക്തദാന വാരാചരണത്തിന് തുടക്കമായി.
രക്തം നല്‍കൂ ജീവന് രക്ഷിക്കൂ എന്ന സന്ദേശവുമായി കോട്ടയം തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗും എസ്എച്ച് മെഡിക്കല്‍ സെന്ററും സംയുക്തമായിട്ടാണു ലോക രക്തദാന വാരം സംഘടിപ്പിച്ചത്.
കോളജിലെ ഐക്യുഎസി, എന്‍എസ്എസ്, എസ്എന്‍എ, എസ്എസ്ജിപി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാരാചരണം കോട്ടയം ഈസ്റ്റ് എസ്ഐ കീര്‍ത്തന ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സിസ്റ്റര്‍ ആലീസ്, എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ജീന റോസ് അധ്യക്ഷത വഹിച്ചു.
ബ്ലഡ് ബാങ്ക് ഇന്‍-ചാര്‍ജ് സിസ്റ്റര്‍ അനിലിറ്റ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ലബോറട്ടറി സര്‍വീസസ് മേധാവിയുമായ ഡോ. ടി.യു. ജിഷ എന്നിവര്‍ പ്രസംഗിച്ചു. വരും ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി വിപുലമായ ബോധവത്ക്കരണ പരിപാടികളും പ്രത്യേക രക്തദാന ക്യാമ്പുകളും നടത്തുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
District News
കൂരോപ്പട: ലോകം മുഴുവൻ ഫുട്ബോളിൽ ആവേശം കൊള്ളുമ്പോൾ ആ വികാരത്തിൽ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ കായികപ്രേമികൾ.
ഇഷ്ട ടീമുകളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചും ഫുട്ബോൾ ചർച്ചകൾ സജീവമാക്കിയും ആരാധകർ ആവേശം പ്രകടിപ്പിക്കുന്നതിനിടെ, ഇനി സൗഹൃദ ഫുട്ബോൾ മത്സരത്തിനായി മൈതാനത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
മത്സരത്തിന് മുന്നിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉണ്ടാകും എന്നതാണ് ശ്രദ്ധേയം. കൂരോപ്പടയിലെ ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന ടർഫിൽ 20 ന് വൈകുന്നേരം 6.30ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ എംഎൽഎ ഇലവൺ ടീമും മീഡിയ ഇലവൺ കോട്ടയം ടീമും തമ്മിലാണ് ഏറ്റുമുട്ടുക.
ഫുട്ബോളിലൂടെ സൗഹൃദവും കായിക സംസ്കാരവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫുട്ബോൾ ആരാധകർ മത്സരം കാണാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
District News
കോട്ടയം: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ സംഘടിപ്പിച്ച പ്രഥമ സംയുക്ത പ്രാദേശിക ഔദ്യോഗികഭാഷാ സമ്മേളനം കോട്ടയം ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തില്‍ നടത്തി.
റബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എ.കെ.എം. കശ്യപ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് സര്‍വകലാശാലയിലെ ഹിന്ദി വിഭാഗം പ്രഫ.ഡോ. പ്രഭാകരന് ഹെബ്ബാര്‍ ഇല്ലത്ത് ഔദ്യോഗികഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നടത്തി.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ സഞ്ചയ് പട്ടീല്‍, നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഫോര്‍ റബര്‍ ട്രെയിനിംഗ് ഡയറക്ടര്‍ എച്ച്. പ്രിയ വര്‍മ്മ, റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. ടി. സിജു, ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ദേബബ്രദ റായ് പ്രസംഗിച്ചു.
District News
അരുവിത്തുറ: ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ (ഐസിഎസ്എസ്ആർ) സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ബുധനാഴ്ച ആരംഭിക്കുന്നു. കോളജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റും ഐക്യുഎസിയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
"പുതുതലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ: ഇന്ത്യയിലെ കാർഷിക മേഖല, കാർഷിക മൂല്യശൃംഖലകൾ, ഗ്രാമീണ ഉപജീവനമാർഗങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനം' എന്നതാണ് സെമിനാറിന്റെ മുഖ്യ വിഷയം.
ബുധനാഴ്ച രാവിലെ 10ന് കോളജ് ഡിജി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രാലയ റവന്യൂ വകുപ്പ് ഡയറക്ടർ ഡോ. മനു ജെ. വെട്ടിക്കൻ ഐഇഎസ് സെമിനാർ ഉദ്ഘാടനം ചെയ്യും.
കോളജ് മാനേജർ റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് സന്ദേശം നൽകും.
ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രഫ. സച്ചിദാനന്ദ മുഖർജി മുഖ്യപ്രഭാഷണവും ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ ഡോ. വിജയ് കുമാർ പ്രത്യേക പ്രഭാഷണവും നടത്തും.
കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ ആശംസകൾ അർപ്പിക്കും.
സെമിനാർ കൺവീനർ ഡോ. മിഥുൻ ജോൺ സ്വാഗതവും കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഷെറിൻ എലിസബത്ത് ജോൺ നന്ദിയും പറയും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ പ്ലീനറി സെഷനുകൾ, പാനൽ ചർച്ചകൾ, പ്രബന്ധ അവതരണങ്ങൾ എന്നിവ നടക്കും.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ പ്രഫ. കെ. ജെ. ജോസഫ്, സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് ഡയറക്ടർ ഡോ. ജോസ് ചാത്തുക്കുളം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
സെമിനാറിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയം നബാർഡ് ഡിജിഎം റെജി വർഗീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക "സംവാദ സദസ്' (Public Dialogue Session) സംഘടിപ്പിച്ചിട്ടുണ്ട്.
ജിഎസ്ടി പരിഷ്കാരങ്ങൾ സാധാരണക്കാരുടെ കുടുംബക്ഷേമത്തെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഈ ചർച്ചയിൽ കർഷകർ, ഗ്രാമീണ സംരംഭകർ, വിദ്യാർഥികൾ എന്നിവർക്ക് പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
District News
ചങ്ങനാശേരി: പ്രതിസന്ധികൾ നിറഞ്ഞ ലോകത്ത് മനുഷ്യരെ സ്വർഗത്തിലെത്തിക്കുക എന്നതാണ് ചെറുപുഷ്പ മിഷൻലീഗിന്റെയും ക്രൈസ്തവ ജീവിതത്തിന്റെയും ലക്ഷ്യമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ. ചെറുപുഷ്പ മിഷൻലീഗ് ചങ്ങനാശേരി അതിരൂപതയുടെ 2026-27 പ്രവർത്തനവർഷ ഉദ്ഘാടനവും പ്രവർത്തന മാർഗരേഖാ പ്രകാശനവും നിർവഹിച്ച് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
ലക്ഷ്യം തെറ്റാതെ ജീവിക്കാൻ നമ്മെ സഹായിക്കുന്നവരാണ് വിശുദ്ധർ. അവരുടെ ജീവചരിത്രങ്ങൾ വായിക്കാൻ കുടുംബങ്ങളിൽ സമയം കണ്ടെത്തണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
എസ്ബി കോളജ് കാവുകാട്ട് ഹാളിൽ നടന്ന സമ്മേളനത്തിൽ ഒഫേൽ ബിനോയി കുര്യൻ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. സ്കറിയ കന്യാകോണിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ ഭാരവാഹികളായ ജാൻസണ് ജോസഫ്, ഷൈരാജ് വർഗീസ്, ഷാജി ചുരപ്പുഴ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
അതിരൂപത ഡയറക്ടർ ഫാ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ മാർഗനിർദേശ സന്ദേശം നൽകി. അതിരൂപത ഓർഗനൈസിംഗ് പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യൻ പ്രവർത്തന മാർഗരേഖ വിശദീകരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.
ഫാ. സെബാസ്റ്റ്യൻ മാന്പറ, സിസ്റ്റർ ജെസ്ലിൻ ജെഎസ്, ബോബി തോമസ്, സിസ്റ്റർ മേരി റോസ് ഡിഎസ്എഫ്എസ്, ജോണ്സണ് കാഞ്ഞിരക്കാട്ട്, ലൂക്ക് അലക്സ്, സാലിച്ചൻ തുന്പേക്കളം, ജുവാന മേരി ജോമോൻ എന്നിവർ പ്രസംഗിച്ചു.
റോഹൻ ബെന്നി, നേഹ ഷൈൻ, ഡിറ്റി മരിയ സണ്ണി, ദിവ്യ മരിയ ജെയിംസ്, മിനി തോമസ്, ജോസഫ് മാത്യു തോമസ്, ഷോണ്‍ മരിയ ഷൈജു, അൽഫോൻസ് മാത്യു, ക്രിസ്റ്റീന സൂസൻ ജോയ്സ്, ജാസ്മിൻ സെബാസ്റ്റ്യൻ, ജോസഫ് തോമസ്, പി.കെ. സജി എന്നിവർ നേതൃത്വം നൽകി. ഷാജി ചുരപ്പുഴ ക്ലാസ് നയിച്ചു.
District News
അരുവിത്തുറ: ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസും വിദ്യാർഥികൾക്കായി ഭക്ഷ്യസുരക്ഷ ക്വിസും സംഘടിപ്പിച്ചു.
ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംരഭകർ, വിവിധ കോളജ് വിദ്യാർഥികൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും "ഭക്ഷ്യ എണ്ണയുടെ പുനരുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
കോട്ടയം ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷ കമ്മീഷണർ എ.എ. അനസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എംപാനല്‍ഡ് ട്രെയിനറായ സനുഷ് ചന്ദ്രൻ ക്ലാസുകൾ നയിച്ചു.
അരുവിത്തുറ സെന്റ് ജോർജസ് കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ റവ.ഫാ. ബിജു കുന്നയ്ക്കാട്ടു, ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റ് ഹെഡ് മിനി മൈക്കിൾ, ചങ്ങനാശേരി സെർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സ്നേഹ എസ്. നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സെമിനാറിന് ശേഷം വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസും സംഘടിപ്പിച്ചു.
District News
അരുവിത്തുറ: സെന്റ് ജോർജ്സ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ദ എംപ്ലോയബിലിറ്റി എഡ്ജ്' ദ്വിദിന സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് പരിശീലന പരിപാടിക്ക് തുടക്കമായി.
തൊഴിൽ രംഗത്ത് വിജയിക്കാൻ ആവശ്യമായ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ സ്കിൽ, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ബർസാർ ആൻഡ് കോഴ്സ് കോഓർഡിനേറ്റർ ഫാ. ബിജു കുന്നയ്ക്കാട്ട് സന്ദേശം നൽകി.
വിദ്യാർഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും ആധുനിക തൊഴിൽമേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ സജ്ജരാക്കുന്നതിനും ഇത്തരം പരിശീലന പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ അഭിപ്രായപ്പെട്ടു.
പാലാ സെന്റ് തോമസ് കോളജ് മുൻ വൈസ് പ്രിൻസിപ്പളും പാലാ കരിയർ ഹൈറ്റ്സ് ഡയറക്ടറുമായ പ്രഫ. ടോമി ചെറിയാൻ, കരിയർ ഹൈറ്റ്സ് പാലാ ഡയറക്ടർ ജോർജ് കരുണക്കൽ, കോർപ്പറേറ്റ് ട്രെയിനർമാരായ ജിൻസി ജോസഫ്, ഷീന മറിയം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും പ്രോഗ്രാം കോഓർഡിനേറ്ററുമായ ഡോ. മിഥുൻ ജോൺ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
District News
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്തുന്നതിനായി ശീമാട്ടി ജംഗ്ഷനിലും കഞ്ഞിക്കുഴി ജംഗ്ഷനിലും അണ്ടര്‍പാസ് നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു.
കോട്ടയത്തെ സ്കൈവാക്ക് പദ്ധതിക്കൊപ്പം കാല്‍നടയാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഗതാഗതക്കുരുക്കുള്ള ശീമാട്ടി റൗണ്ടാന ജംഗ്ഷന്, കഞ്ഞിക്കുഴി ജംഗ്ഷനും എന്നിവിടങ്ങളിലാണ് അണ്ടര്‍പാസ് നിര്‍മിക്കേണ്ടത്. അണ്ടര്‍പാസ് യാഥാര്‍ഥ്യമായാല്‍ പ്രധാന റോഡുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് തടസമില്ലാത്ത യാത്ര സാധ്യമാകും.
അടിക്കടി വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയും വ്യാപാര-സേവന മേഖല വികസിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലെ ആവശ്യങ്ങള്‍ മാത്രമല്ല, ഭാവിയിലെ ഗതാഗത ആവശ്യങ്ങളും മുന്‍കൂട്ടി കണ്ടാണു പദ്ധതി ആവിഷ്കരിക്കേണ്ടതെന്ന് ചേംബർ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങളും പ്രാഥമിക ആശയങ്ങളും ഉള്‍ക്കൊള്ളുന്ന പ്രമേയം ചേംബര്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു സമര്‍പ്പിക്കും.
District News
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ രോഗികളെ റേഡിയേഷന് വിധേയമാക്കുന്ന മുറിയിൽ വെള്ളക്കെട്ട്. മഴ കനത്തതോടെയാണ് ഈ മുറിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. മെഡിക്കൽ കോളജിലെ പഴയ ബ്ലോക്കിലാണ് കാൻസർ രോഗികൾക്ക് റേഡിയേഷൻ നൽകുന്ന മുറി. കാൻസർ വിഭാഗത്തിന്റെ മുൻഭാഗത്തുള്ള ഈ കെട്ടിടത്തിലെ ഉപയോഗശൂന്യമായ ശുചിമുറിയിൽനിന്നാണ് മലിനജലം റേഡിയേഷൻ മെഷീൻ പ്രവർത്തിപ്പിക്കുന്ന മുറിയിലേക്ക് ഒഴുകിയെത്തുന്നത്. ഇതിന്റെ ഡ്രെയിനേജ് ഉയർന്ന നിലയിലും റേഡിയേഷൻ നടക്കുന്ന മുറി താഴത്തെ നിലയിലുമാണ്.
മഴ കനത്തപ്പോൾ ഓടയിൽ നിന്നു വെള്ളം കവിഞ്ഞൊഴുകി മുറികൾക്കുള്ളിലൂടെ ഒഴുകുകയായിരുന്നു. ഒപ്പം ശുചിമുറിയിലെ വെള്ളം കോൺക്രീറ്റിനുള്ളിലൂടെ ചോർന്നൊലിക്കുകയും ചെയ്യുന്നു. ഇതാണ് നിരവധി രോഗികൾ ചികിത്സ തേടിയെത്തുന്ന റേഡിയേഷൻ മുറിയുടെ അവസ്ഥ.
മുറിയിൽ വെള്ളക്കെട്ടായതറിഞ്ഞു കാൻസർ വിഭാഗം മേധാവി ഡോ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ മറ്റൊരു ഡ്രെയിനേജ് ഉണ്ടാക്കി അതിലൂടെ മലിനജലം ഒഴുക്കി വിട്ട് മുറി ശുചീകരിച്ച് ഉപയോഗപ്രദമാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കേടായ റേഡിയേഷൻ മെഷീൻ നന്നാക്കി രോഗികൾക്ക് ചികിത്സ നൽകിത്തുടങ്ങിയത്. മഴ കനത്തതോടെ ചോർന്നൊലിക്കുന്ന മുറിയിൽ ചികിത്സ അസാധ്യമാകുകയും ചെയ്തു. ഇതിനിടെ മുറിയിലെ വെള്ളത്തിൽ ചവിട്ടി ഒരു രോഗി തെന്നിവീണതായും പറയപ്പെടുന്നു. ദിവസേന 160 ഓളം രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകുന്ന കെട്ടിടവും ഉപകരണങ്ങളും സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നതാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.
District News
കുമരകം: പരിസ്ഥിതി സംരക്ഷണത്തിനായി സ്വജീവിതത്തിന്റെ നല്ലൊരുഭാഗം നീക്കിവെച്ച കണ്ടലമ്മച്ചിയെ പരിസ്ഥിതി ദിനത്തിൽ മലയാളികൾക്ക് മറക്കാനാകില്ല. വേമ്പനാട്ടുകായലിനോട് അതിർത്തി പങ്കിടുന്ന കുമരകത്ത് ഒട്ടുമിക്ക പുരയിടങ്ങൾക്കു ചുറ്റും ചെറിയ കൈത്താേടുകൾ ഉണ്ടായിരുന്നു. പറമ്പുകളുടെ തീരം ഇടിഞ്ഞു പോകാതെ സൂക്ഷിക്കുക ദുഷ്കരമായിരുന്നു. പുരയിടങ്ങളിലെ മണ്ണൊലിച്ചു പോകാതെ സംരക്ഷിക്കാൻ ഏറ്റവും ഉത്തമം കണ്ടലുകളാണെന്ന അറിവാണ് മറിയാമ്മ കുര്യനെ കണ്ടൽ വളർത്താൻ പ്രേരിപ്പിച്ചത്.
മറിയാമ്മയുടെ പിതാവായ വാച്ചച്ചിറയിൽ വി.സി. കുരുവിള ബേക്കർ സായിപ്പിന്റെ ബംഗ്ലാവിലെ നിത്യസന്ദർശകനായിരുന്നു. സായിപ്പ് കണ്ടൽ ചെടികൾ നട്ടു പരിപാലിക്കുന്നതിൽ ആകൃഷ്ടനായി കുരുവിളയും സ്വന്തം പുരയിടത്തിന്റെ ചുറ്റിലും കണ്ടൽ തൈകൾ നട്ടുവളർത്തി പരിപാലിക്കാൻ തുടങ്ങി. പിതാവിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് മറിയാമ്മ കണ്ടൽ നടാനാരംഭിച്ചത്. ചെപ്പന്നുക്കരി കുര്യന്റെ ഭാര്യയായി ആ കുടുംബത്തിലെത്തിയപ്പോൾ അവിടെ വ്യാപകമായി കണ്ടൽ നട്ടുവളർത്തി തുടങ്ങിയതോടെയാണ് പരിസ്ഥിതി മേഖലയിൽ ഇവർ ശ്രദ്ധിക്കപ്പെട്ടത്. കായലിൽകൂടി ഒഴുകിയെത്തുന്ന കണ്ടൽ തൈകളെല്ലാം അങ്ങനെ ചെപ്പന്നുക്കരി പറമ്പരികിൽ നിര നിരയായി സ്ഥാനം പിടിച്ചു.
ശാസ്ത്രലോകം കണ്ടൽ ചെടികളുടെ പ്രാധാന്യം മനസിലാക്കുന്നതിന് മുന്‍പു തന്നെ അവയെ കണ്ടലമ്മച്ചി സംരക്ഷിച്ചു. വർഷങ്ങൾക്കുശേഷമാണ് കണ്ടലമ്മച്ചിയെ തേടി കണ്ടൽ പ്രേമികളും ഗവേഷകരും എത്തിയത്. 2009 ഒക്ടോബർ 18ന് കണ്ടലമ്മച്ചി ഇഹലോകവാസം വെടിഞ്ഞു. തനിക്ക് 11 മക്കളുണ്ടെന്നാണ് ഈ പരിസ്ഥിതിസ്നേഹി പറഞ്ഞിരുന്നത്. അതിൽ പതിനൊന്നാമത്തേതു മകളായ കണ്ടൽ ചെടികൾ ആണെന്നാണ് പ്രകൃതിയെയും കണ്ടൽച്ചെടികളെയും വളരെയധികം സ്നേഹിച്ച മറിയാമ്മ അവകാശപ്പെട്ടിരുന്നത്. അങ്ങനെ അവർ നാട്ടുകാരുടെ കണ്ടലമ്മച്ചിയായി.
നിരവധി പുരസ്കാരങ്ങൾക്കും കണ്ടലമ്മച്ചി അവകാശിയായി. ഇപ്പോൾ മക്കളായ ചാക്കോച്ചൻ, ടോമി, ടോമിയുടെ ഭാര്യ റെനി, മക്കളായ റ്റോണി, റോണി, മരിയ എന്നിവരാണ് ചെപ്പുന്നക്കരി തറവാട്ടിലുള്ളത്.ഇവരുടെ പരിചരണത്തിലാണ് ഇപ്പാേൾ കണ്ടലുകൾ.
District News
മാന്നാനം: എംജി യൂണിവേഴ്സിറ്റി 2025-26 അധ്യയന വർഷം നടത്തിയ ബിരുദ പരീക്ഷകളിൽ മാന്നാനം കെഇ കോളജിന് അഭിമാന നേട്ടം. വിവിധ കോഴ്സുകളിലായി ഒമ്പതു വിദ്യാർഥികൾ ഒന്നു മുതൽ 10 വരെ റാങ്കുകൾ നേടി.
റ്റിയ ബാസ്റ്റിൻ (കൊമേഴ്സ് ഒന്നാം റാങ്ക്), അക്സ മരിയ ജേക്കബ് (കംപ്യൂട്ടർ ആപ്ലിക്കേഷൻ ഒന്നാം റാങ്ക്), അൽക്ക സന്തോഷ് (കംപ്യൂട്ടർ ആപ്ലിക്കേഷൻ രണ്ടാം റാങ്ക്), അശ്വതി നാരായൻ (കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം റാങ്ക്),
എയ്ഞ്ചല ജിജു (സൈക്കോളജി രണ്ടാം റാങ്ക്), ദിയ ജോർജ് (സൈക്കോളജി എട്ടാം റാങ്ക്), അമൂല്യ ജിയോ (സൈക്കോളജി ഒമ്പതാം റാങ്ക്), നിധി എച്ച്. (സൈക്കോളജി 10-ാം റാങ്ക്), അലീന ജോഴ്സൺ (കെമിസ്ട്രി ആറാം റാങ്ക്), എന്നിവരാണ് റാങ്ക് ജേതാക്കൾ.
District News
കോട്ടയം: എം.പി വീരേന്ദ്രകുമാറിന്റെ ഓര്‍മക്കായി പരിസ്ഥിതി ദിനത്തില്‍ ആര്‍ജെഡി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 1000 ഫലവൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കും. ഇതിന്റെ ജില്ലാതല ഉത്ഘാടനം സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു ശോശന്‍ ജോര്‍ജ് നിര്‍വഹിച്ചു. സാഹിത്യകാരന് പ്രഫ. അമ്പലപ്പുഴ രാമവര്‍മയുടെ വീട്ടുവളപ്പിലാണ് വൃക്ഷത്തൈ നട്ടത്. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം ബെന്നി കുര്യന്, ജില്ലാ സെക്രട്ടറി ജോണ്‍ മാത്യു മൂലയില്‍, രാജാ, ശ്രീകുമാര്‍, എം.വി. ജോണ്‍, സുരേഷ് പുഞ്ചക്കോട്ടില്‍, ജോര്‍ജ്കുട്ടി ഞള്ളാനി, ജോസി ജയിംസ്, അഡ്വ. ഏബ്രഹാം പി. തോമസ്, കെ.ആര്. മനോജ്കുമാര്‍, ഇ.ഡി. ജോര്‍ജ്, റിജോ പാദുവാ, പ്രിന്‍സ് തോട്ടത്തില്‍, കെ. എസ് ബെന്നി, എന്‍. അപ്പുക്കുട്ടന്, ടോമി ദേവസ്യാ എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കായി ഒരുക്കുന്ന എക്സലന്‍ഷ്യാ സീസണ്-3 മെരിറ്റ് അവാര്‍ഡ്-26ഉം മാര്‍ ജോസഫ് പവ്വത്തില്‍ സ്മാരക എക്സലന്‍ഷ്യാ സീസണ്-4 ജനറല്‍ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ നടക്കും. അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
വികാരി ജനറാള്‍ ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, അതിരൂപതാ ഡയറക്ടര്‍ ഫാ. ഡോ. സാവിയോ മാനാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ബിനു ഡൊമിനിക്,ഷിജി ജോണ്സണ്, സണ്ണി തോമസ് ഇടിമണ്ണിക്കല്‍ എന്നിവര്‍ പ്രസംഗിക്കും. വിനു ജോബ് എംഎല്‍എ, എസ്ബി കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജാന്സണ് ജോസഫ് എന്നിവരെ ആദരിക്കും. അതിരൂപതയുടെ വിവിധ ഇടവകകളില്‍നിന്നുള്ള 850 വിദ്യാര്‍ഥികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
District News
അരുവിത്തുറ: എൽലിനോ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചൂടിന് 2026 സാക്ഷ്യം വഹിക്കുമെന്ന് പ്രശ്സത പരിസ്ഥിതി ശാസ്ത്രജ്ഞൻ റോക്സി മാത്യു കോൾ പറഞ്ഞു.
സഹസ്രാബ്ദങ്ങളോളം ഭൗമാന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന കാർബൺ വ്യാപനത്തെ തടയാൻ സംഘടിതവും അസൂത്രിതവുമായ ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ജോർജ് കോളജിൽ നടന്ന ക്ലൈമറ്റ് കഫെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുവിത്തുറ സെന്റ് ജോർജസ് കോളേജിലെ എൻഎസ്എസ് യൂണിറ്റും മീനച്ചിൽ റിവർ ആൻഡ് റെയിൻ മോണിറ്ററിംഗ് നെറ്റ് വർക്കും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയും സഹകരിച്ച് നടപ്പിലാക്കുന്ന മഴ നിരീക്ഷണ സംവിധാനത്തിന്റെ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ജെയിംസ് കുന്നേൽ നിർവഹിച്ചു.
മുനിസിപ്പാലിറ്റിയുടെ 28 കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന മഴമാപിനികളിൽരേഖപ്പെടുത്തുന്ന മഴയുടെ അളവ് വിദ്യാർഥികളുടെ നേതൃത്വത്തിൽ രേഖപ്പെടുത്തുകയും കൃത്യമായ നിർദേശങ്ങൾ തയാറാക്കുകയും ചെയ്യുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമായത്.
ചടങ്ങിൽ പദ്ധതിയുടെ വിശദികരണവും പ്രവർത്തന രൂപരേഖയും പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവൽ പൂണ്ടിക്കുളം വിശദികരിച്ചു.
കോളജ് പ്രിൻസിപ്പൾ പ്രഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ചു തോമസ് തുടങ്ങിയവർ സംസാരിച്ചു.
District News
ചങ്ങനാശേരി: നൂറുമേനി വചന മനഃപാഠ മത്സരം സീസൺ-4 റീജൺതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടീമുകളെ പ്രഖ്യാപിച്ചു. ചങ്ങനാശേരി അതിരൂപതാ മീഡിയ ഹാളിൽ നടന്ന പ്രത്യേക വാർത്താസമ്മേളനത്തിൽ അതിരൂപതാ വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട്, നൂറുമേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ എന്നിവർ ചേർന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. ബൈബിൾ അപ്പൊസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റണി കാച്ചാംകോട്, കുടുംബക്കൂട്ടായ്മ ജനറൽ കൺവീനർ പ്രഫ. ജോസഫ് ടിറ്റോ നേര്യംപറമ്പിൽ, സെക്രട്ടറി ടോമിച്ചൻ കൈതക്കളം, കോ-ഓർഡിനേറ്റർ ജിക്കു ജോസഫ്, ബ്രദർ സെബിൻ തട്ടുതറ, ഓമന അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
റീജൺതല മത്സരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടവർ
കുട്ടനാട് റീജൺ: എടത്വാ ഫൊറോനയിൽനിന്ന് റെജി സാം മീനത്തേക്കോണിൽ ആൻഡ് ഫാമിലി (കിഴക്കേ മിത്രക്കരി), കുഞ്ഞുമോൾ ലാലി കണിച്ചേരിൽ ആൻഡ് ഫാമിലി (മുട്ടാർ ഓൾഡ്), തേർഡ്: സോൾജി സോണി പെരുന്തറയിൽ ആൻഡ് ഫാമിലി (കരുവാറ്റ), പി.ജെ. തങ്കച്ചൻ പുന്നപ്പറമ്പിൽ ആൻഡ് ഫാമിലി (പുതുക്കരി). ആലപ്പുഴ ഫൊറോനയിൽനിന്ന് റിയ റീത്ത സെബാസ്റ്റ്യൻ ചെമ്പിൽചിറയിൽ ആൻഡ് ഫാമിലി (ആറാട്ടുവഴി), കൃപ അന്ന സോണി അറുപതിൽച്ചിറ ആൻഡ് ഫാമിലി (കൈതവന), ജൂനിയ വി. ജോസ് മലയിൽ ആൻഡ് ഫാമിലി (പുത്തനങ്ങാടി), എമി സാജു കല്ലൻചിറയിൽ ആൻഡ് ഫാമിലി (തത്തംപള്ളി) ചമ്പക്കുളം ഫൊറോനയിൽനിന്ന് ലിസമ്മ ജോസഫ് നൂറ്റെട്ടിൽ ആൻഡ് ഫാമിലി (നർബോനപുരം),
ഷൈനി കെ.ജെ. ചെമ്മങ്ങാട് ആൻഡ് ഫാമിലി (പൊങ്ങ), കുഞ്ഞുമോൾ ജയ്മോൻ പന്ത്രണ്ടിൽചിറ ആൻഡ് ഫാമിലി (വൈശ്യംഭാഗം), ആൻ റിയ മാർട്ടിൻ പൂത്തറച്ചിറ ആൻഡ് ഫാമിലി (വടക്കേ അമിച്ചകരി). പുളിങ്കുന്ന് ഫൊറോനയിൽനിന്ന് ഷൈനി ടോം പനങ്ങാട്ട് ആൻഡ് ഫാമിലി (പുളിങ്കുന്ന്), മറിയമ്മ ആന്റണി കളത്തിൽ ആൻഡ് ഫാമിലി (മണലാടി), ജോസ്ന സോണി മട്ടാഞ്ചേരി ആൻഡ് ഫാമിലി (കാവാലം), സാലിമ്മ ആന്റണി നടുവിലേടം ആൻഡ് ഫാമിലി (കായൽപ്പുറം). മുഹമ്മ ഫൊറോനയിൽനിന്ന് മോളിമ്മ പീലിപ്പോസ് മണ്ണുമഠം ആൻഡ് ഫാമിലി (മുഹമ്മ), എവ്ലിൻ ആന്റണി കൊല്ലശേരി ആൻഡ് ഫാമിലി (പാദുവപുരം), ജോയിച്ചൻ കെ.ഒ. കോനാട്ട് ആൻഡ് ഫാമിലി (എസ്എൽ പുരം), ജൂവൽ തെരേസ് മോബിൻ കന്നിമേൽ ആൻഡ് ഫാമിലി (എസ്എൽ പുരം).
കോട്ടയം റീജൺ: കോട്ടയം ഫൊറോനയിൽനിന്ന് ലീന ജോബി പുളിക്കൽ ആൻഡ് ഫാമിലി (അരുവിക്കുഴി), സോളി സജി വെങ്ങാലിക്കുന്നേൽ ആൻഡ് ഫാമിലി (അരുവിക്കുഴി), തേർഡ്: സീന വർഗീസ് തൂമ്പുങ്കൽ ആൻഡ് ഫാമിലി (പങ്ങട). കുടമാളൂർ ഫൊറോനയിൽനിന്ന് വർഗീസ് കുരുവിള കുന്നുംപുറത്ത് ആൻഡ് ഫാമിലി (കുടമാളൂർ), ലിജി ഫ്രൈഡെക്സ് പാട്ടത്തിൽ ആൻഡ് ഫാമിലി (ആർപ്പൂക്കര), ലോയിഡ് ജോസഫ് ഇല്ലിക്കൽ ആൻഡ് ഫാമിലി (മുടിയൂർക്കര), ദിവ്യ ലിജു കാട്ടുനിലം ആൻഡ് ഫാമിലി (ഐക്കരച്ചിറ). അതിരമ്പുഴ ഫൊറോനയിൽനിന്ന് ലിബിന റോസ് സെബാസ്റ്റ്യൻ ഞൊട്ടംകുന്നേൽ ആൻഡ് ഫാമിലി (കോട്ടയ്ക്കുപുറം), ഷീബ മരിയ ലൂക്കോസ് കണ്ണമ്പാടം ആൻഡ് ഫാമിലി (നാല്പാത്തിമല), ഷെൽവി വിൽസൺ പണ്ടാരമാലിയിൽ ആൻഡ് ടീം (പുന്നത്തറ), ജാൻസി സെബാസ്റ്റ്യൻ പുല്ലാട്ടുകാലായിൽ ആൻഡ് ഫാമിലി (ഏറ്റുമാനൂർ).
ചങ്ങനാശേരി റീജൺ: ചങ്ങനാശേരി ഫൊറോനയിൽനിന്ന് ജസ്റ്റിൻ ആന്റണി പള്ളാത്തുമഠം ആൻഡ് ഫാമിലി (വെരൂർ), കാർമൽ ജോസ് മാറാട്ടുകളം ആൻഡ് ഫാമിലി (പാറേൽ), റെജി മാത്യു വേളിശേരിൽ ആൻഡ് ഫാമിലി (വെരൂർ), ഫോർത്ത്: രാജീവ് ബോബി വേങ്ങാന്തറ ആൻഡ് ഫാമിലി (ചീരംചിറ). തുരുത്തി ഫൊറോനയിൽനിന്ന് മിനി ജോസി പാലാത്ര ആൻഡ് ഫാമിലി (കുറിച്ചി), റാണി ജോജോ പട്ടരുകളം ആൻഡ് ഫാമിലി (ഈര), ജോൺസി സേവ്യർ എട്ടിൽ ആൻഡ് ഫാമിലി (കാവാലം), സ്മിത തോമസ് പുത്തൻപുരയ്ക്കൽ ആൻഡ് ഫാമിലി (പൊടിപ്പാറ). തൃക്കൊടിത്താനം ഫൊറോനയിൽനിന്ന് മരിറ്റാ സ്കറിയ കണ്ണംകോട്ടൽ ആൻഡ് ഫാമിലി (പായിപ്പാട്), ജസ്റ്റിൽ കെ. ജോൺ കോച്ചേരിൽ ആൻഡ് ഫാമിലി (തൃക്കൊടിത്താനം), ബോബി ജോസഫ് പുളിമൂട്ടിൽ ആൻഡ് ഫാമിലി (ഫാത്തിമാപുരം), വത്സമ്മ തോമസ് തോപ്പിൽ ആൻഡ് ഫാമിലി (തൃക്കൊടിത്താനം). ചെങ്ങന്നൂർ ഫൊറോനയിൽനിന്ന് ലൗലി റെജി മണക്കുന്നേൽ ആൻഡ് ഫാമിലി (പുതുശേരി), സെക്കൻഡ്: ബെൻസി ജസ്റ്റിൻ കായൽചിറ ആൻഡ് ഫാമിലി (ചെങ്ങന്നൂർ).
തിരുവനന്തപുരം റീജൺ: തിരുവനന്തപുരം ഫൊറോനയിൽനിന്ന് ജോസുകുട്ടി തോമസ് മടത്തുവയലിൽ ആൻഡ് ഫാമിലി (വട്ടിയൂർക്കാവ്), എൻ.എഫ്. ഫ്രാൻസിസ് നാഞ്ഞിലത്ത് ആൻഡ് ഫാമിലി (പൊങ്ങംമൂട്), തേർഡ്: മിനി ബിജു കൊല്ലപ്പള്ളിൽ ആൻഡ് ഫാമിലി (കണ്ണമ്മൂല), ഷീബ ബൈജു പടനതറയിൽ ആൻഡ് ഫാമിലി (ശ്രീകാര്യം). കൊല്ലം - ആയൂർ ഫൊറോനയിൽനിന്ന് ഡോ. അഞ്ജന ജോസി കടന്തോട് ആൻഡ് ഫാമിലി (പുനലൂർ), ബീന തോമസ് മേളത്തിൽ ആൻഡ് ഫാമിലി (കൊല്ലം), നിഷാ ജോർജ് മുല്ലക്കരിയിൽ ആൻഡ് ഫാമിലി (ആനക്കുളം), മേരി മാത്യു തത്തംപള്ളിയിൽ ആൻഡ് ഫാമിലി (മീൻകുളം). അമ്പൂരി ഫൊറോനയിൽനിന്ന് അഭിജിത്ത് എം. സുരേഷ് മണലിവിലകത്ത് ആൻഡ് ടീം (രാജഗിരി).
നെടുംകുന്നം റീജൺ: കുറുമ്പനാടം ഫൊറോനയിൽനിന്ന് അലാന മരിയ ജോസഫ് പുത്തൻപുരയ്ക്കൽ ആൻഡ് ഫാമിലി (കുറുമ്പനാടം), ഏലിയാമ്മ ജോസഫ് മൂലയിൽ ആൻഡ് ഫാമിലി (മാടപ്പള്ളി), ജോളി ജോസഫ് മണവേലി ആൻഡ് ഫാമിലി (മാമ്മൂട്), സിൽവിയ ആന്റണി റോസിവില്ല ആൻഡ് ഫാമിലി (മാടപ്പള്ളി). നെടുംകുന്നം ഫൊറോനയിൽനിന്ന് ലാലി ജോർജ് തുണ്ടിയിൽ ആൻഡ് ഫാമിലി (മുണ്ടത്താനം), അജി സോണി പുത്തൻപുരയ്ക്കൽ ആൻഡ് ഫാമിലി (നെടുമണ്ണി), ജിസാ ജോർജ് കൂരിക്കാട് ആൻഡ് ഫാമിലി (ചമ്പക്കര), വി.സി. ജോൺ വടക്കേമുറി ആൻഡ് ഫാമിലി (നെടുമണ്ണി). മണിമല ഫൊറോനയിൽനിന്ന് മാഗി മേരി തോമസ് കുമ്പിളുവേലിൽ ആൻഡ് ഫാമിലി (കുളത്തൂർ), ജോബിനാ റോബിൻ കുത്തുകല്ലുങ്കൽ ആൻഡ് ഫാമിലി (മണിമല), മോനിക്കുട്ടി ജോൺ ളാനിത്തോട്ടം ആൻഡ് ഫാമിലി (മണിമല), ടിൻസി സെബാസ്റ്റ്യൻ ചാരുവേലിൽ ആൻഡ് ഫാമിലി (ചുങ്കപ്പാറ).
മത്സര കേന്ദ്രങ്ങൾ: അതിരൂപതയുടെ അഞ്ച് റീജനിലായി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നാലുവരെ ഓഡിയോ വിഷ്വൽ റൗണ്ടായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
കുട്ടനാട് റീജൺതല മത്സരം പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് പള്ളിയിലും ചങ്ങനാശേരിയുടേത് വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസ്എസിലും കോട്ടയത്ത് അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്എസ്എസിലും നെടുംകുന്നത്ത് നെടുംകുന്നം ബിഎഡ് കോളജിലും തിരുവനന്തപുരത്ത് ലൂർദ് ഫൊറോനാ പള്ളി സെന്റ് തോമസ് ഹാളിലും മത്സരങ്ങൾ നടക്കും.
District News
അരുവിത്തുറ: അധ്യാപകർ അറിവിന്റെ ഉറവിടങ്ങളിലേക്ക് സഞ്ചരിക്കുന്നവരാകണമെന്ന് വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ പറഞ്ഞു.
ക്ലാസ്റൂമുകൾക്ക് പുറത്തു നിന്നും ക്ലാസ് റൂമുകൾക്കകത്തേയ്ക്ക് അറിവ് എത്തിക്കുവാനുള്ള ദൗത്യമാണ് അധ്യപകർക്കുള്ളത്. വിദ്യാഭ്യാസത്തിലൂടി ഉപജീവനവും അതിജീവനവും സാധ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്ന അക്കാഡമിക്ക് റിട്രിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളജ് പ്രിൻസിപ്പൾ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ഐക്യൂഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
റിട്രിറ്റിൽ പാലാ സെന്റ് തോമസ് ബിഎഡ് കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. റ്റി.സി. തങ്കച്ചൻ ക്ലാസ് നയിച്ചു. പുതിയ അധ്യയന വർഷത്തെ കൂടുതൽ ക്രിയാത്മകമായി വരവേൽക്കാനുള്ള കർമ്മപരിപാടികൾക്ക് റിട്രിറ്റിൽ രൂപം നൽകി.
District News
കോട്ടയം: ദീപികയുടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര സംഘത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗവും ട്രയല്‍ റണ്ണും റിക്രിയേഷനും നടത്തി.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, പ്രോട്ടോകോള്‍ ഓഫീസര്‍ അമിത് ശര്‍മ, തരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ട്രയല്‍ റണ്ണും ഉന്നതതലയോഗവും.
പോലീസ് പരേഡ് ഗ്രൗണ്ടു മുതല്‍ മാമ്മന്‍ മാപ്പിള ഹാള്‍ വരെ റോഡിനിരുവശവും ബാരിക്കേഡ് കെട്ടി വേര്‍തിരിച്ചിരിക്കുകയാണ്. നാളെ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സമ്മേളനം നടക്കുന്ന മാമ്മന്‍മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതിക്കു വിശ്രമിക്കുന്നതിനായി പ്രത്യേക ഗ്രീന്‍ റൂം ഉണ്ടായിരിക്കും.
ഗ്രീന്‍ റൂം, ലിഫ്റ്റ്, സ്റ്റേജ്, സ്റ്റേജിലെ സംവിധാനങ്ങള്‍, ഓഡിയന്സിന്റെ ഇരിപ്പിടങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അറേഞ്ച്മെന്റ്, റിഫ്രഷ്മെന്റ് ഏരിയ തുടങ്ങിയവ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. സമ്മേളനത്തിന്റെ ട്രയല്‍ റണ്‍ ഹാളിലും നടത്തി. കേന്ദ്ര സംഘത്തിന്റെ ട്രയല്‍ റണ്ണിന്റെ ഭാഗമായി ദീപിക ജീവനക്കാര്‍ക്കും വോളണ്ടിയേഴ്സിനും സമ്മേളത്തിന്റെ പ്രത്യേക ചുമതല നല്കിയവര്ക്കുമായി യോഗം ചേര്‍ന്നു.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാചുമതല നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട 800 ലധികം പോലീസുകാര്‍ക്ക് പ്രോട്ടോകോള്‍ ഓഫീസറുടെയും ജില്ലാ പോലീസ് ചീഫിന്റെയും നേതൃത്വത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും പോലീസ് ക്ലബില്‍ അവലോകന യോഗം ചേരുകയും ചെയ്തു.
പ്രവേശനം പാസ് മൂലം
ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പാസുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം.
പങ്കെടുക്കാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ കൃത്യം 1.30ന് സമ്മേളന ഹാളില്‍ പ്രവേശിക്കണം. ബാഗ്, കുട, ഇലക്ട്രിക് ഉപകരണങ്ങള്‍, കുപ്പിവെള്ളം, ഭക്ഷണസാധനങ്ങള്‍ എന്നിവ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കരുത്. സമ്മേളന ഹാളില്‍ പ്രവേശിച്ചയുടന്‍ എല്ലാവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ദേശീയഗാനം, ദേശീയ ഗീതം, പ്രാര്‍ഥനാഗാനം എന്നീ സമയങ്ങളില്‍ വേദിയില്‍നിന്നു തരുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
സമ്മേളനത്തിനു ശേഷം ഉപരാഷ് ട്രപതി കോട്ടയം വിട്ടതിനു ശേഷം മാത്രമേ സമ്മേളന ഹാളില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ.
പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍
ഗതാഗത നിയന്ത്രണം ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍
കോട്ടയം: സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി കോട്ടയം നഗരത്തില്‍ വിപുലമായ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരത്തില്‍ ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സമ്മേളനത്തിനു എത്തുന്നവര്‍ ഒന്നിനു മുമ്പായി സമ്മേളന നഗരിയില്‍ എത്തിച്ചേരണം. റോഡരികില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.
വിഐപി വാഹനങ്ങള്‍
വിഐപികളുടെ വാഹനങ്ങള്‍ ജറൂസലെം പള്ളി മൈതാനത്ത് പാര്‍ക്ക് ചെയ്യണം.
പത്ര ഏജന്റുമാരുടെ വാഹനങ്ങള്‍
കാറുകളും ഇരുചക്ര വാഹനങ്ങളും ബിസിഎം കോളജ് മൈതാനത്ത് പാര്‍ക്ക് ചെയ്യണം.
ജനപ്രതിനിധികള്‍, ഡിഎഫ്സി അംഗങ്ങള്‍, ദീപിക സ്റ്റാഫ്, മറ്റു വിശിഷ്ടാതിഥികള്‍
ഇവരുടെ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ മാര്‍ ഏലിയാ കത്തീഡ്രല്‍ മൈതാനത്തും ബസേലിയോസ് കോളജ് മൈതാനത്തും പാര്‍ക്ക് ചെയ്യണം.
വലിയ വാഹനങ്ങള്‍
സമ്മേളനത്തിനുള്ള ആളുകളുമായി വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പ്രതിനിധികളെ സമ്മേളന ഹാളിന് സമീപത്ത് ഇറക്കിയശേഷം നാഗമ്പടം പോപ്പ് മൈതാനത്തോ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലോ മാറ്റി പാര്‍ക്ക് ചെയ്യണം.
District News
ചങ്ങനാശേരി: മാധ്യമങ്ങളുടെ സ്വാധീനം ശക്തമാകുമ്പോള്‍ സത്യം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുകയാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യ സമ്പര്‍ക്ക മാധ്യമദിന സംഗമം കുരിശുംമൂട് മീഡിയ വില്ലേജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
മൂല്യാധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം സാമൂഹ്യനന്മയ്ക്ക് അനിവാര്യമാണെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. മീഡിയ വില്ലേജ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ ആമുഖപ്രസംഗം നടത്തി.
അതിരൂപതയുടെ ഒരു വര്‍ഷം നീളുന്ന മാധ്യമ പ്രേഷിത പ്രവര്‍ത്തന പദ്ധതിയുടെ അവതരണവും മാക് ടിവി മീഡിയ അവാര്‍ഡ് ദാനവും നടന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ കമ്യൂണിക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സെബിന് സിറിയക്കിനും മീഡിയ ജേര്‍ണലിസം അവാര്‍ഡ് ജോര്‍ജി ജോസിനും സമ്മാനിച്ചു. മാക് ടിവി ഡയറക്ടര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍ പ്രസംഗിച്ചു. ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. സാവിയോ മാനാട്ട്, ഫാ. മാത്യു മുരിയങ്കരി, ഫാ. ലിപിന്‍ തുണ്ടുകളം എന്നിവര്‍ നേതൃത്വം നല്കി.
സമ്മാനിച്ച മറ്റ് അവാര്‍ഡുകള്‍: മികച്ച അല്മായ കമ്യൂണിക്കേറ്റര്‍- കുര്യാക്കോസ് വീട്ടിക്കല്‍ (ഈശോ വൈബ്), മികച്ച യുവജന മാധ്യമ പ്രേഷിത പ്രവര്‍ത്തനം- എസ്എംവൈഎം കിടങ്ങറ, സെമിനാരി കമ്മ്യൂണിക്കേറ്റര്‍-ഡീക്കന്‍ നോയല്‍ ബി. വര്‍ഗീസ്, സന്യാസിനി കമ്യൂണിക്കേറ്റര്‍-എസ്എച്ച് മീഡിയ, പാലാ, ഇടവക മാധ്യമ പ്രവര്‍ത്തനം-സെന്റ് മേരീസ് ബസിലിക്ക ചമ്പക്കുളം, വൈദിക കമ്മ്യൂണിക്കേറ്റര്‍-ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍.
District News
ചങ്ങനാശേരി: ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്തമഴയില്‍ വിവിധ റോഡുകള്‍ വെള്ളത്തിലായി. കാല്‍നടയാത്രക്കാരും ഇരുചക്രവാഹന സഞ്ചാരികളും ദുരിതത്തിലായി. ചങ്ങനാശേരി വാഴൂര്‍ റോഡില്‍ കുരിശുംമൂടിനു സമീപമുള്ള പമ്പ്ഹൗസ് റോഡ് ജംഗ്ഷന്, വലിയകുളം, വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗറിലുള്ള പെട്രോള്‍ പമ്പിനു മുന്‍വശം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഒഴുക്ക് തടസം പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് ഈ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പട്ടത്. കുരിശുംമൂടിനു സമീപം പമ്പ്ഹൗസ് റോഡ് ജംഗ്ഷനിലെ ട്രാന്സ്ഫോര്മറിനുസമീപത്താണ് നൂറുമീറ്ററോളംസ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നത്. ശക്തമായ മഴയിൽ ഇവിടെ രൂപപ്പെടുന്ന വെള്ളം ഒഴികിപ്പോകാന്‍ സാഹചര്യങ്ങളില്ല. വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗറിലുള്ള പെട്രോള്‍ പമ്പിനു മുന്‍വശത്ത് മഴപെയ്താലുടനെ വെള്ളക്കെട്ട് രൂപപ്പെടുന്നത് സാധാരണമാണ്. നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണിത്.
വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ പതിക്കുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം പതിക്കുന്നതും പതിവാണ്. വെള്ളക്കെട്ടില്‍നിന്നു മാറി സഞ്ചരിക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുന്നതും അപകടത്തിനു കാരണമാണ്. എംസി റോഡില്‍ പെരുന്ന രാജേശ്വരി ജംഗ്ഷനിലും വെള്ളക്കെട്ട് സാധാരണമാണ്.
റോഡ് വികസനത്തിനായി വെട്ടിയ മരങ്ങളും ശിഖരങ്ങളും മാറ്റിയില്ല
ചങ്ങനാശേരി വാഴൂര്‍ റോഡില്‍ വലിയകുളത്ത് ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി വെട്ടിയ മരങ്ങളും ശിഖരങ്ങളും ഫുട്പാത്തില്‍ കൂടിയിട്ടിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പ് വെട്ടിയ മരങ്ങളാണ് റോഡരികില്‍ കുന്നുകൂടി കിടക്കുന്നത്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
പാറേല്പ്പള്ളിക്കും എസ്ബി സ്കൂളിനു ഇടയിലുള്ള ഫുട്പാത്തിലും സമാനരീതിയില്‍ മരശിഖരങ്ങള്‍ കുന്നുകൂടി കിടപ്പുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് പൊതുമരാമത്ത് വകുപ്പും നഗരസഭ, വാഴപ്പള്ളി പഞ്ചായത്ത് ഭരണാധികാരികളും വിഷയത്തില്‍ ഇടപെട്ട് മരങ്ങളുടെ അവശിഷ്ടങ്ങള്‍ ഫുട്പാത്തില്നിന്നും നീക്കംചെയ്യണമെന്ന ആവശ്യം ശക്തമാണ്.
District News
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിന്റെ വിവിധവാര്‍ഡുകളില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. കുറുമ്പനാടം, വെള്ളുക്കുന്ന്, പുളിയാങ്കുന്ന്, തെങ്ങണ ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തരോഗം കണ്ടെത്തിയത്. വിവിധ വാര്‍ഡുകളിലായി ഇരുപതോളംപേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്ത ജലത്തില്‍നിന്നാണ് മഞ്ഞപ്പിത്തം പടര്‍ന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
പഞ്ചായത്ത് പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കിണറുകളുടെയും ജലസ്രോതസുകളുടെയും ക്ലോറിനേഷന്, വീടുകള്‍ തോറുമുളള രോഗപ്രതിരോധ ബോധവത്കരണം, ബോധവത്കരണ അനൗണ്‍സ്മെന്റ് തുടങ്ങിയ എല്ലാ പ്രതിരോധ പരിപാടികളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
മാര്‍ച്ച് മൂന്നാം ആഴ്ച മുതല്‍ മേയ് ആദ്യവാരം വരെ പഞ്ചായത്തിന്റെ 22 വാര്‍ഡ്കളിലും വാഹനത്തില്‍ കുടിവെള്ളം വിതരണം നടത്തിയിരുന്നു. നാല് വാര്‍ഡ്കളില്‍ മാത്രമാണ് ഇപ്പോള്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു വാര്‍ഡില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് കുടിവെള്ള വിതരണം നടന്നിട്ടുള്ളത്.
മറ്റ് സ്രോതസുകളിലെ വെള്ളവും ജനങ്ങള്‍ ഉപയോഗിച്ചിരിക്കാം. വരള്‍ച്ച രൂക്ഷമായിരുന്ന സമയത്ത് വെള്ളം വിതരണം നടത്തിയതിന്റെ പേരില്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നതായി ബോധപൂര്‍വമായി കുപ്രചാരണം നടക്കുന്നുണ്ടെന്നും അങ്ങനെയെങ്കില്‍ 22 വാര്‍ഡിലും ഈ രോഗബാധ ഉണ്ടാകേണ്ടതല്ലേയെന്നും പ്രസിഡന്റ് ചോദിച്ചു. രോഗബാധ നിയന്ത്രിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
District News
വൈക്കം: പുതിയ അധ്യയനവർഷത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പ്രത്യേക മഴക്കാല പരിശോധന മോട്ടോർവാഹന വകുപ്പ് തുടങ്ങി. വൈക്കം ആശ്രമം സ്കൂൾ മൈതാനത്ത് ആരംഭിച്ച പരിശോധനാ ക്യാമ്പ് 20ന് സമാപിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
വൈക്കം താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ നിർബന്ധമായും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ സംവിധാനങ്ങൾ, രേഖകൾ, അടിയന്തര സുരക്ഷാ ഉപകരണങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്. പരിശോധനയ്ക്ക് യഥാസമയം ഹാജരായി സ്റ്റിക്കർ ലഭിക്കാത്ത സ്കൂൾ വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും വൈക്കം ജോയിന്റ് ആർടിഒ അറിയിച്ചു.
പരിശോധനയ്ക്ക് വൈക്കം ജോയിന്റ് ആർടിഒ കെ.ജി. ബിജു, എംവിഎമാരായ മെൽവിൽ ക്ലീറ്റർ, ഭരത്ചന്ദ്രൻ, എഎംവിമാരായ സോബി ജോൺ, അനൂപ്, വരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
District News
തലയോലപ്പറമ്പ്: വെള്ളൂർ നീർപ്പാറ അസീസി മൗണ്ട് ബധിരവിദ്യാലയം എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 30-ാം വർഷവും നൂറുമേനി വിജയം കൊയ്തു.
നാല് ആൺകുട്ടികളും നാലു പെൺകുട്ടികളുമാണ് ഇക്കുറി പരീക്ഷ എഴുതിയത്. കേൾവിയുടെ ലോകം അന്യമായ കുട്ടികൾ പ്രതികൂല സാഹചര്യങ്ങളോടു പൊരുതിയാണ് പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുന്നത്.
സർക്കാർ എയ്ഡഡ് വിദ്യാലയമായ ഇവിടെ വിദ്യാഥകൾക്കു സൗജന്യ ഭക്ഷണവും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് സ്കൂളിന് മികച്ച വിജയം നേടിത്തന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ റെനി, ഹെഡ്മിസ്ട്രസ് സിസ്റ്റർ റീന തോമസ് എന്നിവർ പറഞ്ഞു.
District News
തലയോലപ്പറമ്പ്: കേന്ദ്ര സർക്കാരിന്റെ തെറ്റായ വിദേശനയമാണ് ഇന്ത്യയിലെ ഇന്ധനപ്രതിസന്ധിക്കു കാരണമെന്ന് വി.എം. സുധീരൻ. ഇന്ധന വിലവർധനവിന് എതിരേ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. മോഹൻ ഡി. ബാബു, കെ.ബിനിമോന് എംഎൽഎ, പി.വി. പ്രസാദ്, പി.പി. സിബിച്ചൻ, ഷൈൻ പ്രകാശ് എന്നിവർ സംബന്ധിച്ചു.
District News
വെച്ചൂർ: ശക്തമായ കാറ്റിലും മഴയിലും വെച്ചൂരിൽ കനത്ത നാശം. നിരവധി വീടുകൾക്കും വൈദ്യുതി ലൈനിലുമായി മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് വീടുകൾക്കു നാശം സംഭവിച്ചു. ഉൾപ്രദേശങ്ങളിൽ ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. വെച്ചൂർ അഞ്ചാം വാർഡിൽ കല്ലിത്തറ ശ്യാംലാലിന്റെ വീടിനു മീതെ മരം വീണ് ഷീറ്റുമേഞ്ഞ വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു.
പുത്തൻതറ സന്തോഷിന്റെ ഓടുമേഞ്ഞ വീടിനു മുകളിൽ വൻ മരം കടപുഴകി വീണ് വീടിനു ഭാഗീകമായി കേടുപാടു സംഭവിച്ചു. ശാസ്തക്കുളം ക്ഷേത്രത്തിനു മുന്നിൽനിന്ന കൂറ്റൻ ആൽമരം മറിഞ്ഞുവീണു. ദേവസ്വംകരി പാടശേഖരത്തിനു സമീപത്തു നിന്നിരുന്ന വൻ മരവും കാറ്റിൽ കടപുഴകി നിലംപൊത്തി.
കാറ്റിൽ മരങ്ങൾ വീണ് 15 വൈദ്യുത പോസ്റ്റുകൾ തകർന്നു. മരങ്ങൾ മുറിച്ചു നീക്കി അക്ഷീണം യത്നിച്ച് കെഎസ്ഇബി ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കാൻ ഊർജിതശ്രമം നടത്തിവരികയാണ്.
District News
പൂവത്തിളപ്പ്: തെക്കുംതല കെ.ആർ. നാരായ ണൻ ഫിലിം ഇസ്റ്റിസ്റ്റ്യൂട്ട് സന്ദർശിക്കാനെ ത്തിയ കുട്ടികളഎ തടഞ്ഞ് എസ്എഫ്ഐ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയ പാമ്പാടി എൻഎസ്എസ് 215-ാം നമ്പർ കരയോഗത്തിലെ മന്നം ബാലസമാജത്തിലെ 35 കുട്ടികളെയും ഒപ്പമെത്തിയ അഞ്ച് ഭാരവാഹികളെയുമാണ് തടഞ്ഞത്. എസ്എഫ്ഐ പ്രതിനിധികളെന്ന് പറഞ്ഞെത്തിയവരാണ് തടഞ്ഞത്.
എല്ലാ ശനിയാഴ്ചയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുജനങ്ങൾക്കും സംഘങ്ങൾക്കും സന്ദർശിക്കുന്നതിന് അവസരമുണ്ട്. ഇതിന്റെ ഭാഗമായി കരയോഗത്തിന്റെ പേരിൽ അനുമതി തേടിയ ശേഷമാണ് ഇന്നലെ ബാലസമാജത്തിലെ കുട്ടികളും അഞ്ച് ഭാരവാഹികളുമടങ്ങുന്ന സംഘം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ ഇവർക്കായി നടക്കുന്നതിനിടിയിലാണ് എസ്എഫ്ഐ പ്രതിനിധികൾ തടസവുമായി എത്തിയത്. സമുദായ സംഘടനയുടെ പേരിൽ സന്ദർശനം നടത്താൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. വാക്കേറ്റവും നടന്നു. തുടർന്നു സന്ദർശനം അവസാനിപ്പിച്ച് ഇവർ മടങ്ങി.
കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ബാലസമാജം അംഗങ്ങൾ സന്ദർശനം നടത്തിയത്. അവർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സണ്ണി ജോസഫ് ഖേദം രേഖപ്പെടുത്തി.
എസ്എഫ്ഐ പ്രവർത്തകർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കോളജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടിയാലോചനകൾക്ക് ശേഷം പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകുമെന്ന് കരയോഗം സെക്രട്ടറി അജിത്ത് കുമാർ അറിയിച്ചു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച മന്നം സമാജത്തിലെ കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരേ ബാലാവകാശ നിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി പ്രതികരിച്ചു.
എസ്എഫ്ഐ നിലപാട് പ്രാകൃതവും കാടത്തവും: ചാണ്ടി ഉമ്മൻ
പള്ളിക്കത്തോട്: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ൽ അക്കാദമിക് ആവശ്യങ്ങൾക്കായി മുൻകൂർ അനുമതിവാങ്ങി എത്തിയ എൻഎസ്എസ് ബാലസമാജം വിദ്യാർഥികളെ അന്യായമായി തടഞ്ഞ നടപടി സമരമല്ല, മറിച്ച് സമരാഭാസവും കാടത്തവും പ്രാകൃതവുമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
എസ്എഫ്ഐ സ്വീകരിച്ച നിലപാട് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. രാഷ്ട്രീയ തോൽവിയുടെ നിരാശ വിദ്യാർഥികളോടും പൊതുജനങ്ങളോടും തീർക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു.
District News
പട്ടിത്താനം: നഴ്സറി ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ച് സ്നേഹഗിരി സന്യാസിനിമാരായി സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത രത്നഗിരി സെന്റ് തോമസ് ഇടവകയില്‍പ്പെട്ട ഡോണാ തെരേസിനെയും ആതിര തെരേസിനെയും ഇടവക സമൂഹം അനുമോദിക്കും.
ഇന്ന് വൈകുന്നേരം നാലിനുള്ള വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ വികാരി ഫാ. ജോസഫ് തറപ്പേല്‍ അധ്യക്ഷത വഹിക്കും. മാര്‍ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.
കരിങ്ങോട്ടില്‍ സിബി-സാലി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് സിസ്റ്റര്‍ ഡോണാ. തുണ്ടത്തില്‍ റോയി-ജൂലി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് സിസ്റ്റര്‍ ആതിര.
നവസന്യാസിനിമാര് രത്നഗിരി അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠനം ആരംഭിച്ച് പട്ടിത്താനം സെന്റ് ബോനിഫസ് യുപി സ്കൂള്‍, കുര്യനാട് സെന്റ് ആന്‍സ് എച്ച്എസ്എസ് എന്നിവിടങ്ങളില്‍ പഠിച്ച് ഇടവകയിലെ സണ്‍ഡേ സ്കൂളിലും സതീര്‍ഥ്യരായി ഇപ്പോള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്തതില്‍ കൂട്ടുകാരും വീട്ടുകാരും ഇടവകജനവും ആഹ്ലാദത്തിലാണ്.
District News
കുമരകം: മലയാളികൾക്കിടയിലുള്ള ഒരു പഴഞ്ചൊല്ല് കുമരകത്ത് യാഥാർഥ്യമായി. ശക്തമായ കാറ്റിലും മഴയിലും കടപഴുകിവീണ തെങ്ങാണ് പഴഞ്ചൊല്ല് ശരിയാണെന്ന് തെളിയിച്ചത്. കുമരകം ആറാം വാർഡിൽ ഓട്ടോറിക്ഷാ ഡ്രൈവർ ചോതിരക്കുന്നേൽ തോമസ് പി. മാത്യു(കൊച്ചുമോൻ)വിന്റെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഓട്ടം കഴിഞ്ഞെത്തി ഓട്ടോറിക്ഷാ പതിവു പോലെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തു.
ഉറക്കത്തിനിടെ വലിയ ശബ്ദം കേട്ട് ഉണർന്നു. പുറത്തിറങ്ങിയപ്പോൾ കണ്ടകാഴ്ച കൊച്ചുമോനെ അത്ഭുതപ്പെടുത്തി. വീടിനും ഓട്ടോറിക്ഷയ്ക്കും ഇടയിലൂടെ ഒരു നഷ്ടവും ഉണ്ടാക്കാതെ തെങ്ങ് നിലം പൊത്തിക്കിടക്കുന്നു. അല്പം മാറിയിരുന്നെങ്കിൽ ഓട്ടോയുടെ മുകളിലും മറുവശത്തേക്ക് മാറിയാൽ വീടിന്റെ മുകളിലും തെങ്ങ് പതിക്കുമായിരുന്നു.
കുടുംബത്തിന്റെ അത്താണിയായ ഒട്ടോറിക്ഷയ്ക്കോ വീടിനോ ഒരു പോറൽ പോലും ഏൽപിക്കാതെ നിലംപൊത്തിക്കിടക്കുന്ന തെങ്ങ് കണ്ടപ്പോൾ കൊച്ചുമോൻ ഉള്ളിൽ പറഞ്ഞു തെങ്ങ് ചതിക്കില്ല.
District News
കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാദിനാചരണം 20ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറോനാ പള്ളിയിലെ ഫാ. ഡൊമിനിക് തോട്ടാശേരി നഗറില്‍ നടക്കും. രാവിലെ ഒമ്പതുമുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെയാണ് പരിപാടികൾ. അതിരൂപത സ്ഥാപിക്കപ്പെട്ടതിന്റെ ശതോത്തര റൂബി ജൂബിലി ആചരിക്കുന്നു എന്നതാണ് ഇത്തവണത്തെ അതിരൂപതാദിനത്തിന്റെ പ്രത്യേകത. അഞ്ച് ജില്ലകളിലെ 250 ഇടവകകളിലായി 82,000 കുടുംബങ്ങളിലെ നാലുലക്ഷത്തില്‍പരം വരുന്ന വിശ്വാസി പ്രതിനിധികളും സന്യസ്ത പ്രതിനിധികളും വൈദികരും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര് സമ്മേളനത്തില്‍ പങ്കെടുക്കും. മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ക്കും അതിരൂപതാദിനത്തില്‍ ആരംഭം കുറിക്കും.
പൊതുസമ്മേളനം രാവിലെ 10ന് മലങ്കര പത്തനംതിട്ട രൂപതാ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷനാകും. മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും മുഖ്യാതിഥി കേരള നേവല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് കമ്മഡോര്‍ വര്‍ഗീസ് മാത്യു മുഖ്യപ്രഭാഷണവും നടത്തും.
പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിമാരായ ബിജു സെബാസ്റ്റ്യൻ, ഡോ. പി.വി. ജെറോം എന്നിവര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് അതിരൂപതാ ആന്തം ആലപിക്കും. വികാരി ജനറാൾ മോൺ. സ്കറിയ കന്യാകോണില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. മുഖ്യവികാരി ജനറാൾ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സ്വാഗതം ആശംസിക്കും.
തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി സമ്മേളനനഗര്‍ പരിചയപ്പെടുത്തും. വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എഫ്സിസി കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റർ ബ്രിജി എഫ്സിസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രഫ. ഡോ. രേഖ മാത്യൂസ്, യുവദീപ്തി-എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് ലൂസി പീലിപ്പോസ് എന്നിവര്‍ പ്രസംഗിക്കും. വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര അതിരൂപതാദിനത്തിന്റെ പ്രഖ്യാപനവും പതാക കൈമാറലും നടത്തും. അതിരൂപതാദിന കോ - ഓർഡിനേറ്റർ ഫാ. ചെറിയാന് കക്കുഴി നന്ദി രേഖപ്പെടുത്തും. സ്നേഹവിരുന്നോടെ സമ്മേളനം സമാപിക്കും.
അതിരൂപതാദിനത്തിന്റെ ഇടവകതല ആഘോഷം ഇന്നു നടക്കും. സമുദായ ശാക്തീകരണ വര്‍ഷാചരണത്തോടനുബന്ധിച്ച് അതിരൂപത നടത്തുന്ന കാര്‍പ് അസ്പെയർ, ദളിത് കത്തോലിക്ക വിദ്യാഭ്യാസ പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടനവും സമ്മേളനത്തില്‍ നടക്കും. ശാന്താ ജോസിനും ഡോ. കെ.സി. ജോസഫിനും എക്സലന്‍സ് അവാര്‍ഡ്
അതിരൂപതയുടെ പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തക ശാന്താ ജോസ്, മുൻ എംഎൽഎ ഡോ. കെ.സി. ജോസഫ് എന്നിവർക്ക് സമ്മാനിക്കും.
ആദരവുകള്‍
സിസ്റ്റർ ആലീസ് ഫൈന സിഎംസി, നിയമ വിദഗ്ധന്‍ അഡ്വ. കെ.സി. ജോര്‍ജ് കളരിക്കൽ, കര്ഷകൻ ജോസ് ജോണ്‍ വേങ്ങാന്തറ, പ്രോ ലൈഫ് പ്രവര്ത്തകന് ഏബ്രഹാം പുത്തന്‍കളം, കലാകാരൻ സി.എ. ആന്റണി ചെന്നിത്തല വെരൂർ, കൂടുതല്‍ മക്കളുള്ള ജിനോ ആന്‍ഡ് ടിനു, ജോസഫ് ആന്‍ഡ് ജോസി ദമ്പതികള്‍ എന്നിവര്‍ക്കാണ് സമുദായശക്തീകരണ പുരസ്കാരം. കൂടാതെ മികച്ച യുവസംരംഭകര്‍ക്കുള്ള അവാര്‍ഡും നല്‍കും. കെസിബിസി, സിബിസിഐ, സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകം അദരിക്കും.
ഛായാചിത്ര-ദീപശിഖ പ്രയാണങ്ങള്‍ 19ന്
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് 20നു നടക്കുന്ന ചങ്ങനാശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി 19നു വിളമ്പരദിനമായി ആചരിക്കും. സമുദായ ശക്തീകരണവര്ഷത്തിന്റെ ഭാഗമായി സമുദായത്തിനും പൊതുസമൂഹത്തിനും വിശിഷ്ട സംഭാവനകള്‍ നല്കിയ വ്യക്തികളെ പ്രത്യേകമായി അനുസ്മരിക്കും.
അന്നേദിവസം രാവിലെ 10ന് തിരുവനന്തപുരം പാളയത്തുള്ള, സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന് സ്മാരകത്തില്‍നിന്ന് മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ ദീപശിഖാ പ്രയാണം ആരംഭിക്കും. മോണ്‍. ജോണ്‍ തെക്കേക്കര ദീപംതെളിച്ച് കൈമാറും.
മിഷന്‍ലീഗ് അതിരൂപത പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങും. വിവിധ ഇടവകകളുടെ സ്വീകരണങ്ങള്‍ക്കുശേഷം നാലുകോടിയില്‍ എത്തിച്ചേരുന്ന പ്രയാണം തൃക്കൊടിത്താനം മേഖലാ മിഷന്‍ലീഗ് അംഗങ്ങള്‍ സ്വീകരിച്ച് സൈക്കിള്‍ റാലിയായി സമ്മേളന നഗരിയിലേക്ക് ആനയിക്കും.
ഛായാചിത്ര പ്രയാണം ഫാ. ഡൊമിനിക് തോട്ടാശേരി ആദ്യ ചെയര്‍മാനാ യിരുന്ന ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍നിന്ന് ആരംഭിക്കും. മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ് അനാഛാദനം ചെയ്ത് യുവദീപ്തി-എസ്എംവൈഎം അതിരൂപത പ്രസിഡന്റ് അലക്സ് സെബാസ്റ്റ്യന്‍ മഞ്ഞുമ്മേലിനു കൈമാറും. ഛായാചിത്ര പ്രയാണം വിവിധ ഇടവകളുടെ സ്വീകരണം ഏറ്റുവാങ്ങി സമ്മേളനനഗരിയില്‍ എത്തിച്ചേരും.
അതിരൂപത ദിനത്തിന്റെ വിജദയത്തിനായി അതിരൂപതാതലത്തില്‍ ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, മോണ്‍. ജോണ്‍ തെക്കേക്കര, ചാന്‍സലര്‍ ഫാ. ഡോ. ജോര്‍ജ് പുതുമനമുഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേക്കല്‍, തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, അതിരൂപതാദിന കോ-ഓര്‍ഡിനേറ്റര്‍മാരായ ഫാ. ചെറിയാന് കക്കുഴി, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. ജേക്കബ് കളത്തിവീട്ടില്‍, ഇടവക വികാരിമാര്‍, കൈക്കാരന്മാര്, അത്മായനേതാക്കള്‍ എന്നിവരുടെ ചുമതലയില്‍ പരിപാടികളുടെ വിജയത്തിനായി ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
നൂതന പദ്ധതികളുമായി അതിരൂപത
ചങ്ങനാശേരി: സമുദായശക്തീകരണ വര്‍ഷാചരണത്തോടനുബന്ധിച്ച് അതിരൂപത രണ്ടു നൂതന പദ്ധതികള്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തൃക്കൊടിത്താനത്തു നടക്കുന്ന അതിരൂപതാദിന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും.
കുട്ടികളെ ലഹരിക്കെണികളില്നിന്നും മറ്റും രക്ഷിക്കുക, മികച്ച കരിയറുകള്‍ പരിചയപ്പെടുത്തിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന പദ്ധതിയാണ് അസ്പെയര്‍. ആദ്യവര്‍ഷം അതിരൂപത സണ്ടേസ്കൂളികൂളിലെ 2000 കുട്ടികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ 1974 -76 പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം അരുവിത്തുറ കോളജ് സെമിനാർ ഹാളിൽ നടന്നു. കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യാതിഥിയായി.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, മുൻ ഫിസിക്സ് വിഭാഗം മേധാവി പ്രഫ. തോമസ് വി. അലപ്പാട്ട്, പൂർവവിദ്യാർഥികളായ മുൻ പിഎസ്സി അംഗം പ്രഫ. ലോപ്പസ് മാത്യു, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി, പി.എസ്. സെബാസ്റ്റ്യൻ, സുനിൽ കുമാർ, രാമചന്ദ്രൻ നായർ തുടങ്ങിയവർ പൂർവവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പ്രായത്തെയും ശാരീരിക വെല്ലുവിളികളെയും അതിജീവിച്ച് 56 പൂർവവിദ്യാർഥികൾ ചടങ്ങിനെത്തി. തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും സ്നേഹവിരുന്നിൽ പങ്കുചേർന്നും അവർ കൂടിച്ചേരൽ അവിസ്മരണീയമാക്കി.
Kerala
കോട്ടയം: ചെറുവള്ളി പള്ളിപ്പടിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു (32) ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിഷ്ണുവിനെ കാണാതായതോടെ സുഹൃത്തുക്കൾ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.
District News
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ വിശ്വകർമ്മ സംഘടനകളും പെരുവന്താനം സെന്റ് ആന്റണീസ് കോളജും സംയുക്തമായി സർഗപഥം 2k26 എന്ന പേരില്‍ മെഗാ യൂത്ത് എക്സ്പോ എന്ന പ്രോഗ്രാം ഈ മാസം 26ന് രാവിലെ 10ന് പൊൻകുന്നം സ്വദേശി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.
മികച്ച ജോലി നേടുന്നതിന് ആവശ്യമായ കരിയർ ഓറിയന്റേഷൻ, ലഹരിക്കെതിരേയുള്ള ബോധവത്കരണം, മൊബൈൽ ഫോൺ ദുരുപയോഗത്തെ കുറിച്ചുള്ള അവബോധം എന്നിവ പരിപാടിയുടെ ഭാഗമാണ്.
കൂടാതെ ആധുനിക പഠന രീതികളായ വെർച്യുൽ റിയാലിറ്റി (വിആർ) ഓഗ്മെന്റഡ് റിയാലിറ്റി (എആർ) റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിംഗ്, ഡേറ്റ സയൻസ്, ഏവിയേഷൻ, ഹോട്ടൽ മാനേജ്മന്റ്, ഫാഷൻ ഡിസൈനിംഗ് ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെ വീഡിയോ പ്രദർശനവും എക്സിബിഷനുകളും സ്റ്റാളുകളും കരിയര്‍ ആപ്റ്റിട്യുഡ് ടെസ്റ്റും മ്യൂസിക്കല്‍ ഡിജെയും ഉണ്ടാവും.
വിശ്വകർമ്മ ചാരിറ്റബിൾ സൊസെറ്റി പ്രസിഡന്റ് കെ.എസ്. ഗോപാലകൃഷ്ണൻ അധ്യക്ഷനാകുന്ന യോഗം രാജേഷ് മണിമല (സബ് ഇൻസ്പെക്ടർ ഓഫ് പോലിസ് ക്രൈം ബ്രാഞ്ച്) ഉദ്ഘാടനം ചെയ്യും.
പെരുവന്താനം സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പളും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, മോനിഷ എം. മോഹനൻ, ജിനു തോമസ്, റ്റിജോ മോൻ ജേക്കബ്, നാന്‍സി ഡിക്രുസ് എന്നിവർ ക്ലാസുകൾ നയിക്കും.
വിശ്വകർമ്മ സംഘടന നേതാക്കളായ കെ.കെ. ഹരി, സി.ബി. മോഹനൻ, ദീപ്തി ഹരികുമാർ, റിനു എം, പി.എം. സുരേഷ് , കോളജ് വൈസ് പ്രിൻസിപ്പൾമാരായ പി.ആർ. രതീഷ്, സുപർണ രാജു എന്നിവരും പി.ആർ. ബിന്ദു, പി.ആർ. ബീന, പി.സി. രാജി, പി. അനുരാഗ് തുടങ്ങിയവരും നേതൃത്വം നൽകും.
പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 98 47 72 52 46, 99 95 14 32 54, 79 07 51 52 26.
District News
കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 20 -ന് തുറന്നുതുടങ്ങാൻ ധാരണയായി. കഴിഞ്ഞ ദിവസം ഓൺലൈനായി കൂടിയ യോഗത്തിലാണ് തീരുമാനും. മാർച്ച് 15-ന് തുറക്കേണ്ട ഷട്ടറുകൾ 36 ദിവസങ്ങൾ കഴിഞ്ഞാണ് തുറക്കാൻ തുടങ്ങുക. കഴിഞ്ഞ വർഷം ഏപ്രിൽ 11 - ന് ഷട്ടർ തുറന്നിരുന്നു.
ഷട്ടറുകൾ അടഞ്ഞുകിടക്കുന്നത് അപ്പർ കുട്ടനാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ദോഷകരമായി ഭവിക്കുകയാണ് . കാർഷിക കലണ്ടർ അനുസരിച്ച് നെൽകൃഷിയിറക്കാത്തതാണ് ഷട്ടർ ഉയർത്തുന്നത് വൈകാൻ കാരണം.
ജലാശയങ്ങൾ മലിനമാകാനും പോളയും പായലും തിങ്ങിനിറയാനുമുള്ള പ്രധാന കാരണം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തി ഉപ്പുവെള്ളത്തെ തടയുന്നതാണ്. കുട്ടനാട്ടിലെ നാളികേര കൃഷി പരാജയപ്പെടാനുള്ള പ്രധാന കാരണവും മത്സ്യസമ്പത്തു കുറയാനുള്ള കാരണവും തണ്ണീർമക്കം ബണ്ട് അടച്ചിടുന്നതാണ്.
അടുത്ത വർഷം മുതലെങ്കിലും സമയബന്ധിതമായി പുഞ്ച കൃഷിയിറക്കുകയും മാർച്ച് 15 -നുതന്നെ ഷട്ടർ ഉയർത്തുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
അരുവിത്തുറ: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച കായിക പരിശീലകനുള്ള ജി.വി. രാജ അവാർഡിന് അർഹനായ അരുവിത്തുറ സെന്റ് ജോർജ് കോളജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന് കോളജിൽ സ്വീകരണം നൽകി.
ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അഭിനന്ദനങ്ങൾക്ക് ജേക്കബ് ജോസഫ് മറുപടി നൽകി. ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ കെ.എസ്. സുജിത്ത്, കേരള യൂത്ത് വോളി ബോൾ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട പോൾസ് ടോമി എന്നീ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
District News
അരുവിത്തുറ: ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർഥാടന ദൈവാലയത്തിലെ വിശുദ്ധ വാരാചരണങ്ങൾക്ക് 40-ാം വെള്ളിയോടെ തുടക്കമാകും.
40-ാം വെള്ളിയാഴ്ച രാവിലെ 5.30, 6.45, 8.00, 9.15 ,10.30 എന്നീ സമയങ്ങളിലും വൈകുന്നേരം നാലിനും ദൈവാലയത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും.
അന്നേദിവസം രാവിലെ 9.30, 11.00, വൈകുന്നേരം 5.15 എന്നീ സമയങ്ങളിൽ ഫൊറോനാ തീർഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടു കൂടിയ കുരിശിന്റെ വഴി വല്യച്ചൻ മലയിലേക്ക് നടത്തപ്പെടും.
രാവിലെ എട്ടു മുതൽ വല്യച്ചൻ മലയിൽ എത്തുന്ന തീർഥാടകർക്കായി നേർച്ച കഞ്ഞി വിതരണവും ഒരുക്കിയിട്ടുണ്ട്. 40-ാം വെള്ളിയാഴ്ച വൈകുന്നേരത്തെ തിരുകർമങ്ങളോട് അനുബന്ധിച്ച് കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന അരുവിത്തുറ വല്യച്ചൻ മലയുടെ രാജശില്പി റവ.ഫാ. തോമസ് ഓലിക്കലിനെ ആദരിക്കും.
മോൺ റവ.ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് വല്യച്ചൻ മലയിൽ സന്ദേശം നൽകും. 29ന് വിപുലമായ ഓശാന ഞായറാഴ്ച ആചരണങ്ങൾ ദൈവാലയത്തിൽ നടക്കും. 30ന് രാവിലെ 6.30ന് ദൈവാലയത്തിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്ലൂസ് മോൺ റവ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
തുടർന്ന് 40 മണി ആരാധന ആരംഭിക്കും. ഏപ്രിൽ ഒന്നിന് ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ 40 മണി ആരാധന സമാപിക്കും. ഏപ്രിൽ മൂന്നിന് അതി വിപുലമായ ദുഃഖവെള്ളി ആചരണങ്ങൾ വല്യച്ചൻ മലയിൽ നടക്കും.
രാവിലെ 11 മുതൽ വല്യച്ചൻ മലയിൽ പാനവായന ഉണ്ടാവും. വെള്ളിയാഴ്ചത്തെ ഔദ്യോഗിക തിരുകർമങ്ങൾ ഉച്ചകഴിഞ്ഞ് 2.30ന് അരുവിത്തുറ ഫൊറോന തീർഥാടന ദൈവാലയത്തിൽ ആരംഭിച്ച് നാലിന് കരുണയുടെ ജപമാല പ്രദക്ഷിണത്തോടുകൂടി കുരിശിന്റെ വഴി ചൊല്ലി വല്യച്ചൻ മലകയറും.
അരുവിത്തുറ ഫൊറോന തീർഥാടന ദൈവാലയത്തിൽ റവ.ഫാ. ഷീൻ പാലയ്ക്കാതടത്തിലും വല്ല്യച്ചൻ മലയിൽ റവ.ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കലും സന്ദേശം നൽകും. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വല്യച്ചൻ മലയിൽ നേർച്ച കഞ്ഞി വിതരണം ഉണ്ടാവും.
40-ാം വെള്ളി, ദുഃഖവെള്ളി ദിവസങ്ങളിൽ വല്യച്ചൻ മലയിൽ നാല് ഗ്രൗണ്ടുകളിലായി വാഹന പാർക്കിംഗ് ക്രമീകരിക്കും. ഇതോടൊപ്പം മലയടിവാരത്തെ പാർക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യാം.
ദുഃഖവെള്ളിയാഴ്ച അരുവിത്തുറ സ്റ്റേഡിയത്തിലും വാഹന പാർക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്. ദുഃഖ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മുതൽ പാലാ - ഭരണങ്ങാനം - കൊണ്ടൂർ - കോളജ് റോഡ് വഴി അരുവിത്തുറയിലേക്ക് വൺവേ ഗതാഗത ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം വല്യച്ചൻ മലയിൽ എത്തുന്ന തീർഥാടകര്‍ക്കായി കുടിവെള്ള മുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അരുവിത്തുറ ഫൊറോന വികാരി വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
District News
അധ്യാപകരോട് വോട്ടഭ്യര്‍ഥിച്ച് വിനു ജോബ്
ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിലെത്തി യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബ് വോട്ട് അഭ്യര്‍ഥിച്ചു. തൃക്കൊടിത്താനം ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കെപിഎസ്ടിഎ അധ്യാപക സമ്മേളനം നടന്ന മുഹമ്മദന്‍സ് യുപി സ്കൂളിലുമെത്തിയാണ് വോട്ട് തേടിയത്.
തൃക്കൊടിത്താനത്തു നടന്ന യുഡിഎഫ് മണ്ഡലം കണ്വന്ഷന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്് മോട്ടി മുല്ലശേരി അധ്യക്ഷത വഹിച്ചു.
ഇന്ന് അഞ്ചിന് ചങ്ങനാശേരി വെസ്റ്റ് മണ്ഡലം കണ്വന്ഷന് മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തിലും പായിപ്പാട് മണ്ഡലം കണ്വന്ഷന് നാലുകോടി സഹകരണ ബാങ്ക് ഹാളിലും നടക്കും. വൈകുന്നേരം ആറിന് കുറിച്ചിയിലും മണ്ഡലം കണ്വന്ഷൻ സംഘടിപ്പിച്ചിട്ടുണ്ട്.
ഫ്ളെക്സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചു
തൃക്കൊടിത്താനം: യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബിന്റെ തൃക്കൊടിത്താനം പീടികപ്പടി-ചെമ്പുപുറം റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തൃക്കൊടിത്താനം പോലീസ് കേസെടുത്തു.
സംഭവത്തില്‍ തൃക്കൊടിത്താനം മണ്ഡലം യുഡിഎഫ് ഇലക്ഷന് കമ്മിറ്റി പ്രതിഷേധിച്ചു. ചെയര്മാന് മോട്ടി മുല്ലശേരിയുടെ അധ്യക്ഷതയില്‍ കെ.എ. ജോസഫ്, ജയിംസ് പതാരംചിറ, ബാബു രാജേന്ദ്രന്, ബാബു കുട്ടന്‍ചിറ, ദിനേശന് മടുക്കത്താനം എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ജെഡി നേതൃസമ്മേളനം
ചങ്ങനാശേരി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോബ് മൈക്കിളിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ആര്‍ജെഡി നിയോജകമണ്ഡലം നേതൃസമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി സി. ചീരഞ്ചിറ അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി ജോണ്‍ മാത്യു മൂലയില്‍, മഹിളാ ജനത ജില്ലാ പ്രസിഡന്റ് ഓമന വിദ്യാധരന്, സുരേഷ് പുഞ്ചക്കോട്ടില്‍, ടി.ഡി. വര്‍ഗീസ്, കെ.എസ്. മാത്യൂസ്, ഇ.ഡി. ജോര്‍ജ്, റെജി എടത്തറ, ലാല്‍ പ്ലാംതോപ്പില്, മണി കരിങ്ങണാമറ്റം എന്നിവര്‍ പ്രസംഗിച്ചു. ജോബ് മൈക്കിള്‍ മറുപടി പ്രസംഗം നടത്തി.
വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് തേടി ബി. രാധാകൃഷ്ണമേനോന്
ചങ്ങനാശേരി: എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന് പെരുന്ന ബസ് സ്റ്റാന്‍ഡ്, റെഡ്സ്ക്വയര്‍ ഭാഗങ്ങളിലെ യാത്രക്കാര്‍, വ്യപാര സ്ഥാപനങ്ങള്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരോട് വോട്ട് അഭ്യര്‍ഥിച്ചു.
ജില്ലാ സെക്രട്ടറി എ. മനോജ്, മണ്ഡലം പ്രസിഡന്റ് ഗോപന് മണിമുറി, അനില്‍ ബാബു, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
ജോബ് മൈക്കിളിനായി മുഖ്യമന്ത്രി ഇന്നെത്തും
ചങ്ങനാശേരി: എല്‍ഡിഎഫ് ചങ്ങനാശേരി നിയോജകമണ്ഡലം സ്ഥാനാര്‍ഥി ജോബ് മൈക്കിളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു വൈകുന്നേരം നാലിന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രസംഗിക്കും. സ്ഥാനാര്‍ഥി ജോബ് മൈക്കിള്‍, എല്‍ഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി കെ.സി. ജോസഫും പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പിലും അറിയിച്ചു.
Kerala
കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് മന്ത്രി വി.എൻ. വാസവൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോർഡും സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല.
സുപ്രീംകോടതിയിലെ ബോർഡിന്റെ നിലപാട് സർക്കാരിന്റേതിൽ നിന്ന് ഭിന്നമല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് കോടതി ഈ ഘട്ടത്തിൽ നിലപാട് ചോദിച്ചിട്ടില്ല. കോടതിയുടെ ഇടപെടൽ സംബന്ധിച്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾക്കുള്ള മറുപടി സർക്കാർ നൽകിയിട്ടുണ്ട്.
യുവതി പ്രവേശനത്തിൽ കൃത്യമായ മറുപടിയില്ല. സമയമാകുമ്പോൾ അത് വ്യക്തമാക്കാം. സ്വർണകൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ടത് താനാണ്. സർക്കാരാണ് പ്രതികളെ പിടിപ്പിച്ചതെന്നും വാസവൻ പറഞ്ഞു.
District News
കടുത്തുരുത്തി: കടുത്തുരുത്തിയിലെ യൂഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റില്‍ റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ മിനി തോമസിനാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. യുഡിഎഫ് നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ് എംപി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ് ഒഴുകയില്‍, ലൂക്കോസ് മാക്കീല്‍, മാഞ്ഞൂര്‍ മോഹന്‍കുമാർ എന്നിവരൊപ്പമുണ്ടായിരുന്നു.
വൈക്കം: വൈക്കം നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി. പ്രദീപും എൻഡിഎ സ്ഥാനാർഥി കെ. അജിത്തും നാമനിർദേശക പത്രിക സമർപ്പിച്ചു. വൈക്കം കച്ചേരിക്കവലയിലെ എൻഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽനിന്നു പ്രവർത്തകരുടെ പ്രകടനത്തോടെ വൈക്കം താലൂക്ക് ഓഫീസിൽ ഇന്നലെ രാവിലെ 11ന് വരണാധികാരി പി.ആർ. അഭിലാഷ് മുൻപാകെ കെ. അജിത്ത് നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.
അജിത്തിന് ബിഎംഎസ് തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, ബിഡിജെഎസ് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എം.പി. സെൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു മത്തായി, അഡ്വ. അജിത്ത് ബാബു, സുമേഷ് കൊല്ലേരി, പ്രീജു കെ. ശശി, കെ.ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ഇന്നു തലയോലപ്പറമ്പ് പഞ്ചായത്തിലെ വീടുകളിൽ വോട്ട് തേടും.
ഇന്നലെ രാവിലെ 11.30ന് വടക്കേനട ദേവസ്വം ഗ്രൗണ്ടിൽനിന്നു സിപിഐ ഓഫീസിൽ നിന്ന് പ്രകടനമായി വൈക്കം താലൂക്ക് ഓഫീസിലെത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി പി. പ്രദീപ്, വരണാധികാരി പി.ആർ. അഭിലാഷിനു മുമ്പാകെ നാമനിർദേശ പത്രിക സമപ്പിച്ചത്.
സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാർ, എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി. സുഗതൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോൺ വി. ജോസഫ്, എൽഡിഎഫ് നേതാക്കളായ ആർ. സുശീലൻ, ടി.എൻ. രമേശൻ, സി.കെ. ആശ എംഎൽഎ, കെ. ശെൽവരാജ്, അഡ്വ. കെ.കെ. രഞ്ജിത്ത്, ഡോ. സി.എം. കുസുമൻ, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, പി. ശശിധരൻ, ഏബ്രഹാം പഴയകടവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
District News
കുമരകം: സംസ്ഥാനജലഗതാഗത വകുപ്പിന്റെ ബോട്ടിൽ വേമ്പനാട്ടുകായലിലൂടെ നടത്തിയ യാത്ര ഫ്രഞ്ച് ദമ്പതികൾക്ക് വിസ്മയമായി. കുറഞ്ഞ ചെലവിൽ കായലിലൂടെ ഇത്ര ആനന്ദകരമായി യാത്ര ചെയ്യാൻ ലഭിച്ച അവസരം ഒരിക്കലും മറക്കില്ലെന്ന് മൈക്കിളും ജൂലിയും ബോട്ടു ജീവനക്കാരോട് പറഞ്ഞു.
മുഹമ്മ-മണിയാപറമ്പ് ബോട്ട് സർവീസാണ് വിദേശ വിനോദസഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ചത്. നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഫ്രഞ്ച് സ്വദേശികളായ മൈക്കിൾ ജോണും ഭാര്യ ജൂലിയുമാണ് കായൽ ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഈ സർവീസിനെ പ്രശംസിച്ചത്.
രാവിലെ 11.30ന് മുഹമ്മയിൽ നിന്നാരംഭിച്ച യാത്രയിൽ വേമ്പനാട്ട് കായലിന്റെയും പാതിരാമണൽ ദ്വീപിന്റെയും വിശേഷങ്ങൾ ജീവനക്കാർ ദമ്പതികൾക്ക് വിവരിച്ചു നൽകി. കുമരകം ചീപ്പുങ്കൽ മുതൽ ചെറിയ തോടുകളിലൂടെയുള്ള രണ്ടു മണിക്കൂർ യാത്ര തങ്ങളുടെ ജീവിതത്തിലെ അസുലഭ അനുഭവമാണെന്നും ദമ്പതികൾ പറഞ്ഞു.
മികച്ച യാത്രാസൗകര്യം ഒരുക്കിയ ജലഗതാഗത വകുപ്പിനും ഇവർ നന്ദി അറിയിച്ചു. സ്രാങ്ക് ആദർശ് കുപ്പപ്പുറം, മാസ്റ്റർ മധു, ലാസ്കർമാരായ ബച്ചൻ മുഹമ്മ, മനോജ്, ഡ്രൈവർ ബിജു കണ്ണങ്കര എന്നീ ജീവനക്കാരുടെ സേവനത്തെയും ദമ്പതികൾ പ്രത്യേകം അഭിനന്ദിച്ചു.
Kerala
തിരുവനന്തപുരം: ഏഴു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിൽ പുതിയ അധ്യക്ഷന്മാർ വരും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പുതിയ ഡിസിസി അധ്യക്ഷൻ വരുന്നത്.
ഏഴു ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷൻമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങിയ സാഹചര്യത്തിലാണ് പുതിയ നേതൃത്വം വരുന്നത്. ഇതോടൊപ്പം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു പകരം പുതിയ പ്രസിഡന്റും വന്നേക്കാം.
സണ്ണി ജോസഫ് പേരാവൂരിൽ സ്ഥാനാർഥിയായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ ചുമതല നൽകുക. എംപിമാരായ ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചിയിൽ യുഡിഎഫ് സ്ഥാനാർഥിയായി. ഷിയാസിനു പകരം പെരുന്പാവൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചേക്കും. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായ എൻ. ശക്തൻ നെയ്യാറ്റിൻകരയിൽ സ്ഥാനാർഥിയാണ്. ഇവിടെ ചെന്പഴന്തി അനിൽ അടക്കം ഒട്ടേറെ പേർ പരിഗണനാപട്ടികയിലുണ്ട്.
പത്തനംതിട്ട ജില്ലാ അധ്യക്ഷനായ സതീഷ് കൊച്ചുപറന്പിലാണ് കോന്നിയിലെ സ്ഥാനാർഥി. യുഡിഫ് കണ്‍വീനർ അടൂർ പ്രകാശ് കൂടി നിർദേശിക്കുന്നയാളാകും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് എത്തുക. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയാണ്.
മലപ്പുറത്തെ വി.എസ്. ജോയ് തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായതോടെ പുതിയ ഡിസിസി അധ്യക്ഷനായി ചർച്ചകൾ സജീവമായി. പാലക്കാട് ഡിസിസി പ്രസിഡന്റ് ടി. തങ്കപ്പൻ നെന്മാറയിൽ യുഡിഎഫ് സ്ഥാനാർഥിയായി. തങ്കപ്പനു പകരം പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ അധ്യക്ഷന്റെ പ്രഖ്യാപനവും വൈകാതെയുണ്ടാകും. കോഴിക്കോട് ഡിസിസിപ്രസിഡന്റ് കെ. പ്രവീണ്‍കുമാറും മത്സരരംഗത്താണ്.
District News
അരുവിത്തുറ: സെന്റ് ജോർജസ് കോളജിനെ നാടിന്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയപ്പെട്ട റവ.ഡോ. സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അന്തരിച്ചു. 20 വർഷം അരുവിത്തുറ കോളജിന്റെ അധ്യാപകനായും പ്രിൻസിപ്പളായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്രവളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി.
അരുവിത്തുറ കോളജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997ൽ സർക്കാരിന്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ ക്രാന്തദർശനത്തിന്റെ ഉദാഹരണമാണ്.
അരുവിത്തുറ കോളജിന് യുജിസി അംഗീകാരം ലഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇതോടൊപ്പം എയ്ഡഡ് വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും തുടക്കമിട്ടു. അരുവിത്തുറ കോളജിൽ സ്വാശ്രയ വിഭാഗം ആരംഭിച്ച് നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾക്കും അദ്ദേഹം തുടക്കമിട്ടു.
പിന്നീട് ഈ സ്വാശ്രയ വിഭാഗം വളരുകയും ഏതാണ്ട് 15000-ത്തോളം വിദ്യാർഥികൾക്ക് കൂടി പഠന അവസരം ലഭ്യമാക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തിൽ അരുവിത്തുറ കോളജിന് ഒരു വലിയ ഓഡിറ്റോറിയം നിർമിച്ചു. പെൺകുട്ടികൾക്കായി ലേഡീസ് ഹോസ്റ്റൽ ആരംഭിച്ചു.
ഒപ്പം അരുവിത്തുറ കോളജിന് ഒരു മനോഹരമായ കവാടവും ഒരുക്കി. ഏഷ്യയിൽ തന്നെ ആദ്യമായി ക്യാമ്പസിൽ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ഒരു ടെലിവിഷൻ ചാനലിനും ക്യാമ്പസ് കമ്യൂണിറ്റി ടെലികാസ്റ്റിംഗ് സെന്റർ എന്ന ആശയത്തിനും 15 പഞ്ചായത്തുകളിലെ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ കോർത്തിണക്കി സെന്റ് ജോർജ് കോളജ് കേബിൾ നെറ്റ്വർക്ക് എന്ന ബൃഹത്തായ കേബിൾ ശൃംഖലയ്ക്കും അദ്ദേഹം രൂപം നൽകി.
വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിനും പുരോഗമന ചിന്തയ്ക്കും അച്ചടക്കത്തിനും ഒരേപോലെ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസ പദ്ധതികളായിരുന്നു അദ്ദേഹം കലാലയത്തിൽ നടപ്പിലാക്കിയത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നാക്ക് അക്രഡിറ്റേഷനിൽ നാല് സ്റ്റാർ പദവി നേടിയ പ്രദേശത്തെ ഏക കലാലയമായിരുന്നു അരുവിത്തുറ കോളജ്.
അരുവിത്തുറ കോളജ് പ്രിൻസിപ്പളായി റവ. ഡോ സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ സേവനമനുഷ്ഠിച്ച കാലയളവ് അരുവിത്തുറ കോളജിന്റെ സുവർണ കാലഘട്ടമായിരുന്നെന്ന് കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് പറഞ്ഞു.
ഒരു വിദ്യാഭ്യാസ വിചക്ഷണൻ എന്നതിനപ്പുറം ആത്മീയതയുടെ ആഴങ്ങൾ ദർശിച്ച പുരോഹിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. ഇടവക വികാരിയെന്ന നിലയിൽ മേലുകാവുമറ്റം, കൂട്ടിയ്ക്കൽ ളാലം, മരങ്ങാട്ടുപള്ളി, ഇലഞ്ഞി തുടങ്ങിയ ദേവാലയങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1946 ജൂൺ രണ്ടിന് പ്ലാശനാൽ ആലപ്പാട്ടുക്കുന്നേൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1972 ജനുവരി അഞ്ചിനാണ് വൈദിക പട്ടം സ്വീകരിച്ചത്. പാലാ കിഴതടിയൂർ സെന്റ് ജോസഫ് ദേവാലയത്തിൽ പാസ്ട്രൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരികെയാണ് അദ്ദേഹം വിടവാങ്ങിയത്.
നിര്യാണത്തിൽ കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ അനുശോചനം അറിയിച്ചു
സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രണ്ടിന് പനയ്ക്കപ്പാലത്തുള്ള അദ്ദേഹത്തിന്റെ സഹോദരന്റെ ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ ഇടവക ദേവാലയത്തിൽ നടക്കും.
District News
ചങ്ങനാശേരി: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ചങ്ങനാശേരി താലൂക്കിലെ ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടലിലേക്ക്. താലൂക്കിലെ പത്തോളം ഏജന്‍സികളില്‍നിന്നായി വിവിധ ഹോട്ടലുകള്‍ക്ക് അയ്യായിരത്തോളം വാണിജ്യ സിലിണ്ടറുകളാണ് വിതരണം ചെയ്തിരുന്നത്. വാണിജ്യ സിലിണ്ടറുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായതോടെ ഏജന്‍സികളും വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, 1550 രൂപയ്ക്ക് ലഭിച്ചിരുന്ന വാണിജ്യ സിലിണ്ടര്‍ 2400 മുതല്‍ 2600 രൂപവരെ നല്‍കിയാണ് ഹോട്ടലുകള്‍ ഇന്നലെ വാങ്ങിയത്. സിലിണ്ടറുകളുടെ ക്ഷാമവും വിലയില്‍ കുത്തനെയുണ്ടായ വര്‍ധനവും ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് ഹോട്ടല്‍ വ്യാപാരികള്‍ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി വാണിജ്യസിലിണ്ടറുകള്‍ നല്‍കാനാണ് പെട്രോളിയം കമ്പനികളുടെ നിര്‍ദേശം. ഇവരുടെ ബുക്കിംഗ് സംബന്ധിച്ച കാര്യങ്ങള്‍ പാചകവാതക ഏന്‍സികള്‍ പെട്രോളിയം കമ്പനിയെ അറിയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിതരണം നടത്താവൂവെന്നും ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാധാരണ ഹോട്ടലുകള്‍ക്ക് ദിനംപ്രതി രണ്ടിനും മൂന്നിനുമിടയില്‍ പാചകവാതക സിലിണ്ടറുകള്‍ വേണ്ടിവരും. ദിനംപ്രതി മൂവായിരം രൂപ അധികമായി നല്‍കിയാണ് മൂന്നു സിലിണ്ടറുകള്‍ സ്വന്തമാക്കുന്നത്. അഞ്ചിലേറേ സിലിണ്ടറുകള്‍ ഹോട്ടലുകളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കടുത്ത വേനലും നോമ്പുകാലവുമായതിനാല് കച്ചവടം പൊതുവേ കുറഞ്ഞ് ഹോട്ടലുകള്‍ നഷ്ടത്തില്‍ നീങ്ങുന്ന സാഹചര്യത്തിലാണ് പാചകവാതക ക്ഷാമം ഹോട്ടല്‍ വ്യാപാരത്തിന് ഇരുട്ടടിയായത്.
ബുക്കിംഗ് 25 ദിവസത്തിനുശേഷം
പാചകവാതക വിതരണത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു നിലവില്‍ പ്രതിസന്ധിയുണ്ടായിട്ടില്ല. പാചവാതക ഉപഭോക്താക്കള്‍ക്ക് കെവൈസിയും മസ്റ്ററിംഗും നിര്‍ബന്ധമാക്കിട്ടുണ്ട്. പാചകവാതക ഏജന്‍സി വഴിയോ സ്മാര്‍ട്ട് ഫോണ്‍ വഴി ആധാറുമായി ബന്ധിപ്പിച്ചോ മസ്റ്ററിംഗ് നടത്താനാകും. ഈ വിഷയത്തെക്കുറിച്ച് അറവിവില്ലാത്തവര്ക്ക് അവരവരുടെ ഏജന്‍സി ഓഫീസുകളില്‍ നേരിട്ടെത്തി മനസിലാക്കാവുന്നതാണ്.
ഒരു സിലിണ്ടര്‍ കൈപ്പറ്റി 25 ദിവസം കഴിഞ്ഞവര്‍ക്കുമാത്രമേ പാചകവാതകത്തിനായി ബുക്കു ചെയ്യാനാകൂ എന്ന നിബന്ധനയും നിലവില്‍വന്നിട്ടുണ്ട്. അതേസമയം, ബുക്കിംഗ് സെര്‍വറുകളിലും തകരാറുകള്‍ നേരിട്ടതായി ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഹോട്ടല്‍ കിച്ചണ്‍ നേരത്തെ അടയ്ക്കേണ്ടി വരും
ഹോട്ടല്‍ വ്യവസായം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി പാചകവാതക ക്ഷാമം നേരിട്ടത്. കച്ചവടം നന്നേ കുറവാണ്. ദിനംപ്രതി മൂന്നു സിലിണ്ടറുകള്‍ക്ക് ആയിരത്തിലധികം രൂപ അധികം നല്കി വാങ്ങേണ്ടി വരുന്നു. ഈ അവസ്ഥയില്‍ കിച്ചണ്‍ നേരത്തേ അടയ്ക്കേണ്ടി വരും.
രാജേഷ് ജോസഫ്
ഹോട്ടല്‍ ആര്ക്കാലിയ
ചങ്ങനാശേരി
District News
പെരുവ: വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ യന്ത്രമില്ലാതെ കര്‍ഷകര്‍ ദുരിതത്തിൽ.15 വര്‍ഷത്തിലേറേയായി കട്ടപ്പുറത്തിരിക്കുന്ന കൊയ്ത്തുമെതിയന്ത്രം നന്നാക്കാന്‍ നടപടി സ്വീകരിക്കാതെ പഞ്ചായത്തും കൃഷി വകുപ്പും. 15 വര്‍ഷം മുമ്പ് 25 ലക്ഷം രൂപ മുടക്കി മുളക്കുളം പഞ്ചായത്ത് വാങ്ങിയ കൊയ്ത്തുമെതി യന്ത്രമാണ് വര്‍ഷങ്ങളായി കട്ടപ്പുറത്തിരിക്കുന്നത്.
ഏക്കര്‍ കണക്കിന് പാടത്തെ നെല്ലാണ് വിളഞ്ഞുകിടക്കുന്നത്. സ്വകാര്യ കൊയ്ത്ത് യന്ത്രത്തിന് അമിത വാടകയാണ് ആവശ്യപ്പെടുന്നത്.പെരുവ: വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ യന്ത്രമില്ലാതെ കര്‍ഷകര്‍ ദുരിതത്തിൽ.15 വര്‍ഷത്തിലേറേയായി കട്ടപ്പുറത്തിരിക്കുന്ന കൊയ്ത്തുമെതിയന്ത്രം നന്നാക്കാന്‍ നടപടി സ്വീകരിക്കാതെ പഞ്ചായത്തും കൃഷി വകുപ്പും. 15 വര്‍ഷം മുമ്പ് 25 ലക്ഷം രൂപ മുടക്കി മുളക്കുളം പഞ്ചായത്ത് വാങ്ങിയ കൊയ്ത്തുമെതി യന്ത്രമാണ് വര്‍ഷങ്ങളായി കട്ടപ്പുറത്തിരിക്കുന്നത്. ഏക്കര്‍ കണക്കിന് പാടത്തെ നെല്ലാണ് വിളഞ്ഞുകിടക്കുന്നത്.
സ്വകാര്യ കൊയ്ത്ത് യന്ത്രത്തിന് അമിത വാടകയാണ് ആവശ്യപ്പെടുന്നത്.നിസാര തകരാറുമായി കട്ടപ്പുറത്തിരിക്കുന്ന യന്ത്രം നന്നാക്കാത്തത് സ്വകാര്യ കൊയ്ത്തുയന്ത്ര ഉടമകളെ സഹായിക്കാനാണെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. മാറിവരുന്ന ഭരണകര്‍ത്താക്കളോട് കര്‍ഷകര്‍ ആവശ്യപ്പെടുന്നെങ്കിലും ഇപ്പോള്‍ ശരിയാക്കാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഭരണകര്‍ത്താക്കള്‍ സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കഴിഞ്ഞവര്‍ഷവും കര്‍ഷകര്‍ യന്ത്രം ആവശ്യപ്പെട്ടു കൃഷി ഓഫീസറെയും പഞ്ചായത്ത് സെക്രട്ടറിയെയും സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. യന്ത്രത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി പഞ്ചായത്ത് സെക്രട്ടറിയും കൃഷി ഓഫീസറും പരസ്പരമുള്ള പഴിചാരല്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. രണ്ടാഴ്ചകള്‍ക്കു ശേഷം ബാക്കി കൊയ്ത്ത് ആരംഭിക്കാനിരിക്കെ യന്ത്രത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ തയാറാകണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചും ഇതര സംസ്ഥാനക്കാരെകൊണ്ടും കൊയ്യുമ്പോള്‍ ആയിരക്കണക്കിനു രൂപയാണു കര്‍ഷകര്‍ക്ക് അധികമായി ചെലവാകുന്നത്. തകരാറിലായ കൊയ്ത്തു യന്ത്രം നന്നാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
.
District News
ചക്കാമ്പുഴ: പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നായ ചക്കാമ്പുഴ സർക്കാർ യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ആഘോഷങ്ങളുടെ ഉദ്ഘാടനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം നിർവഹിച്ചു. വാർഡ് മെമ്പർ ആൻ മരിയ ജോസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിറ്റി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ, വാർഡ് മെബർ സൗമ്യ സേവ്യർ, രാമപുരം എഇഒ ജോളിമോൾ ഐസക്, രാമപുരം ബിപിസി ജോഷി കുര്യൻ, എസ്ബിഐ ചക്കാമ്പുഴ ബ്രാഞ്ച് മാനേജർ ലക്ഷ്മി ആർ. നായർ, കരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ എൻ. സുരേഷ്, വത്സമ്മ തങ്കച്ചൻ, പുതിയ പ്രസിഡന്റ് എം.ജി. ബിജു, പൂർവ വിദ്യാർഥി പ്രതിനിധികളായ പി.പി. മാധവ കൈമൾ, ഗിരീഷ് കൃഷ്ണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ജിൻസി എബ്രഹാം, സീനിയർ അസിസ്റ്റന്റ് ആർ. അനുപമ, സീനിയർ ടീച്ചർ എം.ആർ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ സ്കൂളിന്റെ ആരംഭത്തിനായി വിലപ്പെട്ട സംഭാവനകൾ നൽകിയവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു.
District News
അരുവിത്തുറ: കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും വിമൺസെല്ലിന്റെയും കോട്ടയം ജില്ല ഹരിത മിഷന്റെയും ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ആർത്തവ ശുചിത്വ ബോധവത്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ഉപാധ്യക്ഷ ഫാത്തിമ അൻസർ നിർവഹിച്ചു. കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.
ബര്‍സാര്‍ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, വിമൻസ് സെൽ കോഓർഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ബോധവത്കരണ പരിപാടിയിൽ ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർമാരായ വിഷ്ണുപ്രസാദ്, അഞ്ജു ജെയിംസ്, ജയ്ന ജെയിംസ്, ജ്യോതി ലക്ഷ്മി തുടങ്ങിയവർ ക്ലാസ് നയിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, കോളജ് വിമൻസ് സെൽ കൺവീനേഴ്സായ ഡോ. അനു തോമസ്, നാൻസി വി. ജോർജ് എന്നിവർ നേതൃത്വം നൽകി.
District News
ഏറ്റുമാനൂർ: മത്സ്യമാർക്കറ്റിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന് ഏറ്റുമാനൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. നഗരസഭാ ആസ്ഥാനത്തോട് ചേർന്നുകിടക്കുന്ന മത്സ്യമാർക്കറ്റിൽനിന്നും വരുന്ന മലിനജലം ഏറ്റുമാനൂർ പട്ടണവും പരിസരവുമാകെ മലിനീകരിക്കുകയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണുവാൻ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എത്രയും വേഗം സ്ഥാപിക്കണം.
ഇതിന് ഏകദേശം 40 ലക്ഷം രൂപ ചെലവു വരും. പ്ലാന്റിനായി ശുചിത്വമിഷനിൽ നിന്നും 60 ശതമാനം മുതൽ 70 ശതമാനം വരെ തുക ലഭിക്കും. മാർക്കറ്റിൽ ഇപ്പോഴുള്ള സ്ഥലം പ്ലാന്റിനായി നഗരസഭ വിട്ടുകൊടുക്കണമെന്ന് ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് ആവശ്യപ്പെട്ടു.
വൈക്കം റോഡിൽ ഏറ്റുമാനൂരപ്പൻ ബസ്ബേയോടു ചേർന്ന് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ടോയ്ലറ്റും വിശ്രമമുറിയും സ്ഥാപിക്കണമെന്നും ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ബസ്ബേയോടു ചേർന്നു കിടക്കുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാണ്. കെഎസ്ടിപി ഫണ്ട് ഉപയോഗിച്ച് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കണം. ടോയ്ലറ്റും വിശ്രമമുറിയും നിർമിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായവും ലഭിക്കും. പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ആശയവിനിമയം നടത്തി പദ്ധതി നടപ്പാക്കാൻ നഗരസഭ മുൻകൈയെടുക്കണം.
അതിരമ്പുഴ റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് സഞ്ചാരയോഗ്യമാക്കുക, ഹാസ്യസമ്രാട്ട് എസ്.പി. പിള്ളയുടെ നാമധേയത്തിൽ ചിറക്കുളത്തിനു സമീപം കുട്ടികൾക്കും വയോജനങ്ങൾക്കും വിശ്രമിക്കുന്നതിന് മുൻസിപ്പൽ പാർക്ക് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ജനകീയ വികസന സമിതി ഉന്നയിച്ചു.
District News
മാര്‍ക്കറ്റ് നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍
ചങ്ങനാശേരി: ചങ്ങനാശേരിയിലും സമീപപഞ്ചായത്തുകളിലും ശുദ്ധജലക്ഷാമം രൂക്ഷം. ശുദ്ധജലക്ഷാമത്തില്‍ നഗരം നട്ടംതിരിയുന്നു. കൃത്യമായ അനുപാതത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലം എത്തിയിട്ട് പത്തുദിവസങ്ങള്‍ പിന്നിട്ടെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. പല വീടുകളിലും വെള്ളം വിലകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്.
ചങ്ങനാശേരി മാര്‍ക്കറ്റ്, പണ്ടകശാലക്കടവ്, ബോട്ട്ജെട്ടി, കാക്കാംതോട്, മണലോടിച്ചിറ, പോത്തോട് ഭാഗങ്ങളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്. നഗരസഭ ഒന്നാം വാര്‍ഡില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉന്നതി ഏരിയായിലും രണ്ടാം വാര്‍ഡിലെ ആത്തക്കുന്ന്, പരുത്തിക്കാട്ടുകളം, 36-ാംവാര്‍ഡില്‍പ്പെട്ട കോയിപ്രം സ്കൂള്‍ പരിസരങ്ങള്‍ തുടങ്ങിയ ഭാഗങ്ങളിലുമാണ് ശുദ്ധജലക്ഷാമം നേരിടുന്നത്.
തിരുവല്ല കല്ലിശേരിയില്നിന്നും വെള്ളം പമ്പു ചെയ്ത് തിരുവല്ലയിലെത്തിച്ച് അവിടെനിന്നു ചങ്ങനാശേരി ചെറുകരക്കുന്നിലെത്തിച്ചാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ജലവിതരണം നടത്തുന്നത്. തിരുവല്ലയില്‍നിന്ന് ചങ്ങനാശേരിക്ക് അര്‍ഹമായ വെള്ളം പമ്പുചെയ്യാനാകുന്നില്ലെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
District News
ചങ്ങനാശേരി: ആധുനികരീതിയില്‍ നവീകരിച്ച ചങ്ങനാശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചു. ജില്ലയിലെ ഏറ്റവും മികച്ച കളിക്കളമാണ് ചങ്ങനാശേരിയിലേതെന്ന് മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയില്‍ 150 കോടി രൂപ മുടക്കി 25 സ്റ്റേഡിയങ്ങളില്‍ അഞ്ചുവര്‍ഷത്തിനിടെ നവീകരിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബീന ജോബി, പി.എ. നസീര്‍, രേഖ ശിവകുമാര്‍, അജിത സലാം, സ്റ്റേഡിയം ക്ലബ് പ്രസിഡന്റ് പി.വി. വിജയന്, കെ.ഡി. സുഗതന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന കായികവകുപ്പ് അനുവദിച്ച 5.25 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. 109 മീറ്റര്‍ നീളവും 69 മീറ്റര്‍ വീതിയുമുള്ള ഗ്രൗണ്ടില്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സ്റ്റേഡിയം പരിപാലനത്തിന് കമ്മിറ്റി വേണം
മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ തുടർപരിപാലനത്തിനായി സ്റ്റേഡിയം ഉപയോഗിക്കുന്നവരെ ചേർത്തു നഗരസഭ സ്റ്റേഡിയം ഡെവലപ്മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്ന് കരുതുന്നു. പരിപാലനമില്ലാതായാൽ ഗ്രൗണ്ട് നശിക്കും.
ജോബ് മൈക്കിൾ എംഎൽഎ
നഗരസഭയെ അവഗണിച്ചു, യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു
ചങ്ങനാശേരി: നിര്‍മാണം പൂര്‍ത്തിയാക്കിയ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് നഗരസഭാ ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും അവഗണിച്ചതില്‍ പ്രതിഷേധിച്ചു സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചു.
മുന്‍ എംഎല്‍എ സി.എഫ്. തോമസിന്റെ ആസ്തി വികസന ഫണ്ടില്‍നിന്നു രണ്ടു കോടി രൂപയും മുന്‍ സര്‍ക്കാര്‍ കായികവകുപ്പില്‍ നിന്നനുവദിച്ച തുകയും ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
26ന് ഉദ്ഘാടനം നടക്കുമെന്നാണ് നഗരസഭാ കൗണ്‍സിലിന് അറിയിപ്പ് ലഭിച്ചത്. ഇതുസംബന്ധിച്ച് കൗണ്‍സില്‍ യോഗം ചേരുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍, തീയതി മാറ്റിയതോ പരിപാടി സംബന്ധിച്ചോ യാതൊരുവിധ കൂടിയാലോചനകളോ അറിയിപ്പോ ലഭിക്കാതിരുന്നതില്‍ ശക്തമായ പ്രതിഷേധവും യോഗത്തില്‍ രേഖപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചതെന്ന് നഗരസഭാ ഭരണസമിതി അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍മാനെ മുഖ്യാതിഥിയായാണ് ക്ഷണിച്ചിരിക്കുന്നത്. നഗരസഭയുടെ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിക്കേണ്ട ചുമതലയാണ് ചെയര്‍മാനുള്ളത്. വാര്‍ഡ് കൗണ്‍സിലറെയാണ് ചടങ്ങില്‍ സ്വാഗതത്തിനു നിയോഗിച്ചത്. എംഎല്‍എ കാട്ടിയത് നീതികേടാണെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആരോപിച്ചു.
ചെയര്മാന് ജോമി ജോസഫ്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വൈസ് ചെയര്‍പേഴ്സണുമായ കെ.എം. നെജിയ, സന്തോഷ് ആന്റണി, സിയാദ് അബ്ദുറഹിമാൻ, ഷൈനി ഷാജി, അംബിക വിജയന്, മാര്ട്ടിന് സ്കറിയ, എസ്.എച്ച്. ആര്യമോള്, ജിനിമോള്‍ ഷാജി, ശോഭന വിശ്വംഭരന്, ഷെമി ബഷീര്‍, സബീന നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: കെസിഎസ്എല്‍ ചങ്ങനാശേരി അതിരൂപതാ സമിതിയുടെ 2026-29 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സന്ദേശനിലയം ഓഡിറ്റോറിയത്തില്‍ നടത്തി. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ജോബി ആന്റണി മൂലയില്‍ വരണാധികാരിയായിരുന്നു. അതിരൂപതാ പ്രസിഡന്റായി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബിനു കുര്യാക്കോസ്, വൈസ് പ്രസിഡന്റുമാരായി എല്‍പി വിഭാഗം അഞ്ജന സെബാസ്റ്റ്യന്‍ (സെന്റ് ജോസഫ്, ചങ്ങനാശേരി),
യുപി വിഭാഗം ജേക്കബ് ജോണ്‍ (സെന്റ് മേരീസ് കൂത്രപ്പള്ളി), ഹൈസ്കൂള്‍ വിഭാഗം എബി ടോം സിബി (സെന്റ് മേരീസ് എടത്വ), ഹയര്‍ സെക്കന്‍ഡറി വിഭാഗം ടോം ചാക്കോ (എസ്ബി ചങ്ങനാശേരി), ജനറല്‍ ഓര്‍ഗനൈസറായി സിസ്റ്റര്‍ മെറിന് മൂന്നാറ്റിന്‍മുഖം എസ്എബിഎസ് (സെന്റ് തെരേസാസ് വാഴപ്പള്ളി), ജോയിന്റ് ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ഷാര്‍ലറ്റ് എസ്എച്ച് (സെന്റ് ആന്‍സ് ചങ്ങനാശേരി), ട്രഷറര്‍ മനോജ് ചാക്കോ (സെന്റ് ജോര്‍ജ് മണിമല) എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി ജിജോമോന് തോമസ് (സെന്റ് ആന്‍സ് ചങ്ങനാശേരി), സജിന്‍ എന്‍. (സെന്റ് തെരേസാസ് വാഴപ്പള്ളി), സിസ്റ്റര്‍ ചൈതന്യ സിഎംസി (സെന്റ് സേവ്യേഴ്സ് മിത്രക്കരി), സബീഷ് നെടുംപറമ്പില്‍ (സെന്റ് ആന്‍സ് ചങ്ങനാശേരി), സിസ്റ്റര്‍ റോസ്ബെല്ലാ വടകര എസ്എബിഎസ് (സെന്റ് തെരേസാസ് വാഴപ്പള്ളി), അല്‍ഫോന്‍സാ ജോസഫ് (എസ്എച്ച് സ്കൂള്‍ ചങ്ങനാശേരി)എന്നിവരേ യും ജീസസ് കിഡ്സ് കോ-ഓര്‍ഡിനേറ്ററായി ടിന്റു ആന്‍ തോമസി (അമലോത്ഭവ സ്കൂള്‍, പുളിങ്കുന്ന്) നെയും തെരഞ്ഞെടുത്തു.
പുതിയ അതിരൂപതാ ഡയറക്ടറായി ഫാ. ജേക്കബ് കളത്തിവീട്ടിലിനെ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിയമിച്ചു.
District News
കറുകച്ചാല്‍: നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും വളവുകളിലെ ന്യൂനതകള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്ന് കറുകച്ചാല്‍-മണിമല റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി പരാതി. കടയനിക്കാട് പള്ളിപ്പടി മുതല്‍ അമ്പലപ്പടി വരെയുള്ള ഭാഗത്ത് അപകടങ്ങള്‍ പതിവായിരിക്കുകയാണ്. റോഡ് വികസിപ്പിച്ചപ്പോൾ വളവുകളുടെ വീതി വര്‍ധിപ്പിക്കുകയോ ദൃശ്യമാനം മെച്ചപ്പെടുത്തുകയോ ചെയ്തില്ലെന്നതാണ് നാട്ടുകാരുടെ ആരോപണം.
കടയനിക്കാട്ടെ കൊടുംവളവ് ഏറെ അപകടസാധ്യതയുള്ളതായിട്ടും അവിടെ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഈ വളവിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ പലപ്പോഴും നിയന്ത്രണം നഷ്ടമായി എതിര്‍ദിശയിലേക്ക് നീങ്ങുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. കറുകച്ചാൽ-മണിമല റോഡിലേക്ക് ചാമംപതാല്‍-കടയനിക്കാട് റോഡ് ചേരുന്ന ഭാഗവും അപകടഭീഷണി നിറഞ്ഞതാണ്. കറുകച്ചാല്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വലതുഭാഗം ചേര്‍ന്നു സഞ്ചരിക്കുന്നതിനാൽ ചാമംപതാല്‍ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. റോഡിന്റെ വീതി താരതമ്യേന കുറവായതിനാല്‍ ചെറിയ പിഴവുകള്‍പോലും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്ന് അപകടങ്ങള്‍ ഈ ഭാഗത്തു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കാറപകടത്തില്‍ ഒരാള്‍ മരണമടഞ്ഞു. ഏറ്റവും ഒടുവില്‍ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ കടയനിക്കാട് അഞ്ചാനി സ്വദേശികളായ കാര്‍ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പട്ടു. ദിശതെറ്റിയെത്തിയ മിനിലോറി കാറില്‍ ഇടിക്കുകയായിരുന്നു. കൊടുംവളവുകളില്പോലും നടത്തുന്ന ഓവര്‍ടേക്കിംഗ് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വളവ് പൂര്‍ണമായി പിന്നിടുന്നതിന് മുന്‍പേ ചിലര്‍ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്ക് ഇടയാക്കുന്നു. ഇടതുവശത്തുകൂടി പോകേണ്ട വാഹനങ്ങള്‍ വലതുവശത്തേക്ക് നീങ്ങുന്നതും അപകടസാധ്യത കൂട്ടുന്നു.
കടയനിക്കാട് അമ്പലപ്പടിക്കും ചാമംപതാല്‍ റോഡ് ആരംഭിക്കുന്ന ഭാഗത്തിനും ഇടയില്‍ വേഗനിയന്ത്രണ ഉപാധികള്‍, പ്രത്യേകിച്ച് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്നും വ്യക്തമായ റോഡ് മാര്‍ക്കിംഗും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
അപകടവളവുകള്‍ ശാസ്ത്രീയമായി പരിഷ്കരിച്ചു ട്രാഫിക് നിയന്ത്രണം ശക്തമാക്കിയാല്‍ മാത്രമേ ഈ ഭാഗത്തെ അപകടപരമ്പരയ്ക്ക് അറുതിയാകൂവെന്നതാണ് വിലയിരുത്തല്‍.
District News
എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപിച്ച സ്ഥലങ്ങളുടെ സ്ഥലമെടുപ്പ് നടപടികൾക്ക് ഇനി സ്പെഷൽ തഹസിൽദാരടക്കം 24 പുതിയ തസ്തികകൾ. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലുണ്ടായ തീരുമാനം നാടിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.
നേരത്തേ സ്ഥലം ഏറ്റെടുത്ത് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതാണ്. എന്നാൽ, ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനായിട്ടില്ല. ഇതിന് മുമ്പ് നടത്തേണ്ട സ്ഥലങ്ങളുടെ അളവ് നിർണയമാണ് പൂർത്തിയാക്കിയത്. എന്നാൽ, ചെറുവള്ളി എസ്റ്റേറ്റ് അളന്ന് നിർണയിക്കാൻ കഴിഞ്ഞില്ല. ഏറ്റെടുത്ത മറ്റ് മുഴുവൻ സ്വകാര്യ ഭൂമിയും സർവേ നടത്തി നിർണയിച്ചിരുന്നു. എന്നാൽ, എസ്റ്റേറ്റ് ഭൂമി കൂടാതെ കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ സർക്കാരിന് തിരിച്ചടിയായി മാറിയിരുന്നു.
കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോടതിയിൽ വ്യക്തത വരുത്തുന്നതിനുള്ള നടപടികൾ ഇതോടെ സർക്കാർ തലത്തിൽ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലമെടുപ്പ് നടപടികൾ നടത്താൻ സ്പെഷൽ തഹസിൽദാരടക്കം 24 പുതിയ തസ്തികകൾ രൂപീകരിക്കാൻ ഇപ്പോൾ മന്ത്രിസഭ തീരുമാനമെടുത്ത് അനുമതി നൽകിയിരിക്കുന്നത്. ഏറ്റെടുത്ത സ്ഥലങ്ങളുടെ മൂല്യനിർണയവും 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരവും പുനരധിവാസവും അടക്കം പാക്കേജ് തയാറാക്കലും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ചെയ്തു തീർക്കേണ്ടതുണ്ട്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ നടപടികൾ നിർത്തിവയ്ക്കേണ്ടി വരുമോ എന്ന് ആശങ്കയുണ്ട്. ഒപ്പം കോടതിയിൽ സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച് ഇനിയും നിയമപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള സംശയവുമുണ്ട്.
സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് 11 തസ്തികകള്‍ പുതിയതായി റവന്യു വകുപ്പിലും 13 തസ്തികകള്‍ ദിവസവേതനാടിസ്ഥാനത്തിലും സൃഷ്ടിക്കാനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി പുതിയ സ്പെഷൽ തഹസിൽദാർ, എൽഎ യൂണിറ്റ് രൂപീകരിക്കുന്നത് ഒരു വർഷത്തേക്കാണ്. ഈ കാലാവധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
District News
കടുത്തുരുത്തി: കാലങ്ങളായി മാത്താംകരി പാടശേഖരത്തിലെ പുറംബണ്ടില്‍ താമസിക്കുന്ന പത്തു കുടുംബങ്ങളുടെയും കര്‍ഷകരുടെയും യാത്രാക്ലേശത്തിന് പരിഹാരം വേണമെന്ന ആവശ്യം ശക്തം. കടുത്തുരുത്തി പഞ്ചായത്തിലെ 16-ാം വാര്‍ഡായ എഴുമാന്തുരുത്തില്പ്പെട്ട നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്. 125 ഏക്കര്‍ വരുന്ന പാടശേഖരമാണ് മാത്താംകരി. വീപ്പത്തോണിയിലൂടെ മാത്താംകരി-കാളത്തോടിനു മറുകരയെത്തി വേണം ഇവര്‍ക്കു പുറംലോകവുമായി ബന്ധപ്പെടാന്‍. മറുകരയെത്തി എഴുമാന്തുരുത്ത് കിഴക്കേപ്പുറം പാടശേഖരത്തിന്റെ ബണ്ടിലൂടെ അര കിലോമീറ്റര്‍ സഞ്ചരിച്ചുവേണം പ്രധാന റോഡിലേക്കെത്താന്‍.
ഒരു വശത്തെക്കു പോയാല്‍ എഴുമാന്തുരുത്ത് ഷാപ്പുപടിയിലേക്കും മറുവശത്തേക്കു പോയാല്‍ പുലിത്തുരുത്ത് ചാലിത്രക്കടവ് ഭാഗത്തേക്കും എത്താനാകും. കുട്ടികൾക്ക് സ്കൂളില്‍ പോകണമെങ്കില്‍ മറുകരയെത്താന്‍ ഈ വീപ്പത്തോണി മാത്രമാണ് ആശ്രയം. ഇവിടെയുള്ള താമസക്കാര്‍ ചേര്‍ന്നാണ് വീപ്പത്തോണി നിര്‍മിച്ചത്. പത്തു വര്‍ഷം മുമ്പുവരെ യാത്രയ്ക്കായി ഇവിടെ പഞ്ചായത്തുവക കടത്തുവള്ളം ഉണ്ടായിരുന്നു. പിന്നീടത് നിന്നുപോകുകയായിരുന്നു.
മാത്താംകരിയുടെ വടക്കുഭാഗത്ത് തൊട്ടിപ്പറമ്പ് തോടും കിഴക്കുഭാഗത്ത് കാരക്കല്തോടും മറ്റൊരുഭാഗത്ത് പുലിത്തുരുത്ത് തോടുമാണുള്ളത്. പാടവരമ്പത്തു കൂടെ രണ്ടു കീലോമീറ്ററോളം സഞ്ചരിച്ചാല്‍ കാല്‍നടയായി ഇവര്‍ക്ക് മധുരവേലി-എഴുമാന്തുരുത്ത് റോഡിലെ തുരുത്ത് ഭാഗത്തേക്ക് എത്താനാകും.
ഇവിടെയുള്ള ബണ്ട് മാത്രമാണ് പുറംലോകവുമായി മാത്താംകരിയെ നേരിട്ട് ബന്ധിപ്പിക്കുന്നുള്ളൂ. എന്നാല്‍, ഇതുവഴിയുള്ള സഞ്ചാരം കൃഷി നടക്കുന്ന കാലത്ത് പാടശേഖരത്തിന്റെ വരമ്പില്‍ക്കൂടി മാത്രമേ സാധ്യമാകൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മാത്താംകരി പാടശേഖരത്തേക്കു നെല്‍ക്കൃഷിക്കായി വിത്തും വളവുമെല്ലാമായി ഭൂരിഭാഗം കര്‍ഷകരും വീപ്പത്തോണിയുള്ള ഭാഗത്തുകൂടിയാണ് സഞ്ചരിക്കുന്നത്. മാത്താംകരിയിലേക്കു റോഡും പാലവും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും നിവേദനം നല്‍കിയതായി പഞ്ചായത്തംഗം പി.ഡി. ബാബു പറഞ്ഞു.
District News
കടുത്തുരുത്തി; തടി കയറ്റിവന്ന പിക്കപ്പിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. മീറ്ററുകളോളം ടയറില്ലാതെ മുന്നോട്ട് ഓടിയ പിക്കപ്പ് അപകടത്തില്‍പ്പെടാതെ നിന്നു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ വൈകൂന്നേരം 3.30ന് കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനിലാണ് അപകടം. ആപ്പാഞ്ചിറ ഭാഗത്തുനിന്നു മുട്ടുചിറ ഭാഗത്തേക്കു തടിയുമായി പോകുകയായിരുന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്.
വാഹനത്തിന്റെ പിറകുവശത്തെ ടയറാണ് ഊരിത്തെറിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലും മുന്നില്‍ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി. വാഹനത്തില്‍ തൊഴിലാളികളും ഉണ്ടായിരുന്നു.
അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ തടി കയറ്റിയ ശേഷം അപകടത്തില്‍പ്പെട്ട വാഹനം റോഡില്‍നിന്നു നീക്കുകയായിരുന്നു.
District News
വൈക്കം: കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായുള്ള ഡോക്ർമാരുടെ വിദഗ്ധസംഘത്തിലെ അംഗവുമായിരുന്ന ഡോ. കുമാർ ബാഹുലേയൻ നൂറാം ജന്മദിന നിറവിൽ. ജീവിതത്തിന്റെ നല്ലൊരുപങ്ക് വിദേശത്ത് ഔദ്യോഗിക ജീവിതത്തിൽ മുഴുകിയിരുന്ന ഡോ. കുമാർ ബാഹുലേയൻ നാട്ടിലുള്ളവർക്ക് കുറഞ്ഞ നിരക്കിൽ വിദഗ്ധ ചികിൽസ ലഭിക്കണമെന്ന ലക്ഷ്യത്തോടെ അവികസിതപ്രദേശമായിരുന്ന ചെമ്മനാകരിയിൽ ഇൻഡോ അമേരിക്കൻ ബ്രെയിൻ ആൻഡ് സ്പൈൻ സെന്റർ സ്ഥാപിച്ചതോടെ ചെമ്മനാകരി ലോകപ്രശസ്തമായി.
സ്വന്തം നാട്ടുകാർക്കായി ഗതാഗതയോഗ്യമായ വഴിയൊരുക്കി. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ നാടിന്റെ പുരോഗതിക്കായി നിലകൊണ്ട പ്രിയപ്പെട്ട ഡോക്ടറുടെ നൂറാം ജന്മദിനം നാടിന്റെയാകെ ആഘോഷമായി മാറുകയാണ്.
ഉദയനാപുരത്തെ അക്കരപ്പാടമെന്ന അവികസിത പ്രദേശത്തെ സാധാരണ കുടുംബത്തിൽ 1925 മാർച്ച് അഞ്ചിന് കളത്തിൽ കുമാരൻ - ജാനകി ദമ്പതികളുടെ മകനായി ജനിച്ച ഡോ. ബാഹുലേയൻ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് ലോകമറിയുന്ന ന്യൂറോ സർജനായി മാറിയത്. കുട്ടിക്കാലത്ത് രണ്ടു സഹോദരങ്ങൾ ചികിത്സകിട്ടാതെ മരിച്ചതിന്റെ തീരാനോവാണ് അവികസിതപ്രദേശമായ ചെമ്മനാകരിയിൽ ഇൻഡോ അമേരിക്കൻ ബ്രെയിൻ ആൻഡ് സ്പൈൻ സെന്റർ സ്ഥാപിക്കാൻ ഡോ. ബാഹുലേയനെ പ്രേരിപ്പിച്ചത്.
ചെമ്മനാകരിയിലെയും വൈക്കത്തെയും ആശുപത്രികൾക്കു പുറമേ നഴ്സിംഗ് കോളജ്, ഫിസിയോ തെറാപ്പി കോളജ് എന്നിവയും ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. നൂറിന്റെ നിറവിലും നാടിനെയും നാട്ടുകാരെയും അളവറ്റ് സ്നേഹിക്കുന്ന ഡോ. കുമാർ ബാഹുലേയന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി നാടും പ്രാർഥനാനിരതമാകുയാണ്.
District News
വൈക്കം: നൂറ്റാണ്ട് പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി തനിമ നിലനിർത്തി പുനർനിർമിക്കുന്ന പ്രവർത്തങ്ങൾ അവസാനഘട്ടത്തിൽ. ജീർണിച്ച മേൽക്കൂരയും തടി പാകിയ ഭിത്തികളും പുതുക്കിപ്പണിതു. പെയിന്റിംഗ് ജോലികളും ഉയർത്തിപ്പണിത തറയിൽ ടൈൽ പാകലുമാണ് ഇപ്പോൾ നടക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം പണികൾ പൂർത്തീകരിച്ച് ബോട്ട്ജെട്ടി ഉദ്ഘാടനത്തിന് സജ്ജമാകും.
കാലപ്പഴക്കത്താൽ പഴയ ബോട്ടുജെട്ടി ചോർന്നൊലിക്കുന്ന നിലയിലായിരുന്നു. രാജഭരണകാലത്തെ ശംഖുമുദ്രയുടെ ഗരിമപേറുന്ന ജെട്ടി തനിമ നിലനിർത്തി പുനർനിർമിച്ച് ചരിത്രസ്മാരകമാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് സംസ്ഥാന സർക്കാർ 42 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതിനെത്തുടർന്ന് രണ്ടാം ഘട്ടമായി അനുവദിച്ച 25 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ അന്തിമഘട്ടത്തിലായത്. വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുക്കാനായി മഹാത്മജി വന്നിറങ്ങിയത് ഈ ബോട്ടുജെട്ടിയിലാണ്. പുനർനിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം ഇറിഗേഷൻ വകുപ്പിനാണ്.
District News
വൈക്കം: സിപിഐയുടെ കോട്ടയം ജില്ലയിലെ ചുവപ്പുകോട്ടയായ വൈക്കത്ത് പ്രാദേശിക തലത്തിൽ നേതാക്കൾ പാർട്ടിവിടുന്നത് അതീവ ഗൗരവമായി കണ്ട് പ്രാദേശിക പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കാനും പ്രവർത്തകർക്ക് അവബോധം നൽകാനും രാഷ്ട്രീയ വിശദീകരണയോഗമടക്കം സംഘടിപ്പിക്കാൻ നേതൃത്വം. പാർട്ടിയുടെ സംഘടനാശേഷി പ്രകടമാക്കുന്നതരത്തിൽ ആയിരങ്ങളെ അണിനിരത്തിയുള്ള ആദ്യ രാഷ്ട്രീയ വിശദീകരണ യോഗവും ശക്തിപ്രകടനവും ആറിനു വൈകുന്നേരം അഞ്ചിന് ജെട്ടിമൈതാനിയിൽ നടക്കും.
പാർട്ടിയിൽ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നു പറഞ്ഞാണ് പ്രാദേശിക നേതാക്കൾ പലരും പാർട്ടി വിട്ടത്. പല സ്ഥാനങ്ങളും ലഭിച്ചവർ പാർലമെന്ററി വ്യാമോഹം മൂലം പാർട്ടിയുമായി കലഹിച്ചാണ് പാർട്ടിവിട്ടതെന്ന് അണികളെ നേതൃത്വം ബോധ്യപ്പെടുത്തിവരുന്നതിനിടയിലാണ് രണ്ടു തവണ എംഎൽഎയായ, മൂന്നു തവണ എംഎൽഎയായിരുന്ന മുതിർന്ന നേതാവിന്റെ മകൻ കെ. അജിത്ത് ബിജെപിയിൽ ചേക്കേറിയ വാർത്ത പാർട്ടി കേന്ദ്രങ്ങളിൽ വൻ സ്ഫോടനം ഉണ്ടാക്കിയത്.
പാർട്ടിയുടെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന അജിത്ത് രണ്ടു വർഷം ഗുരുവായൂർ ദേവസ്വം ബോർഡ് മെംബറുമായിരുന്നു. പാർട്ടി ജില്ലാ എക്സിക്യൂട്ടിവിൽനിന്ന് അജിത്തിനെ ജില്ലാ കൗൺസിലിലേക്കു തരംതാഴ്ത്തിയപ്പോൾ മറ്റു ചിലർക്ക് ബഹുജന സംഘടനകളിൽ വലിയ സ്ഥാനങ്ങൾ നൽകിയത് അജിത്തിനെ പ്രകോപിപ്പിച്ചതായി അടുപ്പമുള്ളവർ പറയുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാതിരുന്നവരിൽ ചിലരും സ്ഥാപിത താത്പര്യത്തിന്റെ പേരിൽ മറ്റു ചിലരും പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഇപ്പോഴും ശമിച്ചിട്ടില്ല. ടിവി പുരത്ത് പഞ്ചായത്ത് പ്രസിഡന്റായി പാർട്ടി ഉയർത്തിക്കാട്ടിയ നേതാവ് പാർട്ടിക്ക് ഏറെ സ്വാധീനമുള്ളിടത്ത് തോറ്റതിനു പിന്നിൽ പാർട്ടിയിലെ ഭിന്നതയാണ് കാരണമെന്ന വാദഗതിയാണുള്ളത്.
ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള തലയാഴം, വെച്ചൂർ പഞ്ചായത്തുകളിൽനിന്ന് പ്രാദേശിക നേതാക്കളടക്കം പാർട്ടി വിടുന്നുണ്ട്. .അജിത്തിന് ഒരു തവണകൂടി മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും രണ്ടു തവണയെന്ന പാർട്ടിയിലെ നിബന്ധന അതിനു തടസമായി. പട്ടികജാതി വിഭാഗത്തിനു സർക്കാർ അർഹിക്കുന്ന പരിഗണന നൽകാത്തതിലെ പ്രതിഷേധം മൂലമാണ് പാർട്ടിവിട്ടു ബിജെപിയിൽ ചേർന്നതെന്ന വാദം ബാലിശമാണെന്നും പാർട്ടി മാറ്റത്തിനു പിന്നിൽ സ്വാർഥമോഹം മാത്രമാണെന്നാണ് സിപിഐ നേതൃത്വം ആരോപിക്കുന്നത്.