ദുരിതയാത്രയ്ക്ക് അറുതിയില്ലെങ്കിൽ ടോൾപിരിവ് നിർത്തും: കോടതി
Thursday, July 10, 2025 5:48 AM IST
കൊച്ചി: പണം നല്കുന്ന യാത്രക്കാര്‍ക്ക് സുഗമമായ യാത്രയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയിലെ മോശം റോഡുകളുടെ അവസ്ഥയും ഗതാഗതതടസവും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും ടോള്‍ പിരിവ് തുടരുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.
ജസ്റ്റീസുമാരായ എ. മുഹമ്മദ് മുസ്താഖ്, ജോണ്സണ് ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.ടോള്‍ അടയ്ക്കുന്ന യാത്രക്കാര്‍ക്കു നല്ല റോഡുകളിലൂടെയുള്ള യാത്രയ്ക്ക് അര്‍ഹതയുണ്ട്. ജനങ്ങള്‍ പണം നല്കുന്നുണ്ടെങ്കില് റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കണ്ടേയെന്നും കോടതി ചോദിച്ചു.
സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രാ അവകാശം പരമപ്രധാനമാണ്. റോഡ് ഗതാഗതയോഗ്യമല്ലാതാകുകയും യാത്രക്കാര്‍ക്ക് സുരക്ഷിതത്വമില്ലാതാകുകയും ചെയ്താല്‍ അതു ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതിലേക്കു നയിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.