കേരള ക്രിക്കറ്റ് ലീഗ് സീസൺ 2 ലോഞ്ച് ഞായറാഴ്ച
Thursday, July 17, 2025 2:04 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ ആവേശമായി മാറിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസണ്-2 ന്റെ ഗ്രാൻഡ് ലോഞ്ച് ഈ മാസം 20നു നടക്കും.
ഞായറാഴ്ച വൈകുന്നേരം 5.30ന് നിശാഗന്ധിയിലാണ് ലോഞ്ചിംഗ്. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും മന്ത്രി നിർവഹിക്കുമെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു.
സീസണ്-2വിന്റെ ഭാഗമായി പുറത്തിറക്കുന്ന ആരാധകർക്കായുള്ള ഫാൻ ജഴ്സിയുടെ പ്രകാശനം കേരളാ താരങ്ങളായ സൽമാൻ നിസാറും സച്ചിൻ ബേബിയും ചേർന്ന് നിർവഹിക്കും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളത്തിന് ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ മികച്ച പ്രകടനം കാഴ്ച്ചവച്ച സൽമാൻ നിസാറിന്റെ ഹെൽമെറ്റിനെ ആസ്പദമാക്കി തയാറാക്കിയ പ്രത്യേക വീഡിയോ വേദിയിൽ പ്രദർശിപ്പിക്കുമെന്ന് കെസിഎ അറിയിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ആറു ടീമുകളെയും ചടങ്ങിൽ പരിചയപ്പെടുത്തും. ലീഗിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രോഫി പര്യടന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമം മന്ത്രി നിർവഹിക്കും. ആറ് ഫ്രാഞ്ചൈസി ടീമുകളുടെ ഉടമകളും ചടങ്ങിൽ സന്നിഹിതരാകും. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്കുശേഷം, രാത്രി 8.30 മുതൽ പ്രശസ്ത മ്യൂസിക് ബാൻഡായ ‘അഗം’ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാകും.