ന്യൂസിലൻഡിന് ജയം
Saturday, July 19, 2025 12:14 AM IST
ഹരാരെ: സിംബാബ്വേയ്ക്കെതിരായ ത്രിരാഷ്ട്ര പരന്പരയിലെ മൂന്നാം ട്വന്റി20യില്‍ 37 പന്തുകൾ ബാക്കിനിർത്തി എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി ന്യൂസിലൻഡ്.
സിംബാബ്വേ ഉയർത്തിയ 121 റണ്‍സ് വിജയ ലക്ഷ്യം 13.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കിവികൾ അനായാസം മറികടന്നു. സ്കോർ: സിംബാബ്വേ: 20 ഓവറിൽ 120/7. ന്യൂസിലൻഡ്: 13.5 ഓവറിൽ 122/2.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കിവികൾക്കു മുന്നിൽ ഭേദപ്പെട്ട തുടക്കം ലഭിച്ച സിംബാബ്വേയ്ക്ക് പക്ഷെ മികച്ച ടോട്ടൽ പടുത്തുയർത്താനായില്ല. ഓപ്പണർമാരായ വെസ്ലി മധേവരെ (36), ബ്രെയ്ൻ ബെന്നെറ്റ് (21) എന്നിവർ ആദ്യ വിക്കറ്റിൽ 37 റണ്‍സ് ചേർത്തെങ്കിലും പിന്നീടാർക്കും പൊരുതാനായില്ല. മൂന്ന് വിക്കറ്റെടുത്ത മാറ്റ് ഹെൻ്റിയാണ് ന്യൂസിലൻഡിനായി ബൗളിങ്ങിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ മൂന്ന് റണ്‍സെടുത്ത ടിം സെയ്ഫെർട്ടിനെ ന്യൂസിലാൻഡിന് തുടക്കത്തിലെ നഷ്ടമായി. എങ്കിലും ഡെവോണ്‍ കോണ്‍വേയും രവിൻ രവീന്ദ്രയും ഡാരൽ മിച്ചലും ചേർന്ന് ന്യൂസിലാൻഡിനെ അനായാസം വിജയത്തിലെത്തിച്ചു.
40 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം 59 റണ്‍സെടുത്ത കോണ്‍വേ പുറത്താകാതെ നിന്നു. 19 പന്തിൽ നാല് ഫോറും ഒരു സിക്സറും സഹിതം രവീന്ദ്ര 30 റണ്‍സെടുത്തു. ഡാരൽ മിച്ചൽ പുറത്താകാതെ 19 പന്തിൽ ഒരു ഫോറും ഒരു സിക്സറും സഹിതം 26 റണ്‍സെടുത്ത് വിജയത്തിൽ നിർണായകമായി.
ഗ്ലെൻ ഫിലിപ്സ് പുറത്ത്
ത്രിരാഷ്ട്ര ട്വന്റി 20 പരന്പരയ്ക്കുള്ള ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൽ നിന്ന് ഗ്ലെൻ ഫിലിപ്സ് പുറത്ത്. മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനിടെ പരിക്കിന്റെ പിടിയിലായ താരത്തിന് നാല് ആഴ്ചത്തെ വിശ്രമം ആവശ്യമെന്നതിനാൽ ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നു.