സ്പെയിൻ ഇൻ
Saturday, July 3, 2021 1:28 AM IST
സെന്റ് പീറ്റേഴ്സ്ബർഗ്: യൂറോ 2020 ഫുട്ബോൾ ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ ഷൂട്ടൗട്ടിലൂടെ 3-1ന് സ്വിറ്റ്സർലൻഡിനെ കീഴടക്കി സ്പെയിൻ സെമിയിൽ. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിന്റെ ഷ്ഹാർ, കാൻജി, വർഗസ് എന്നിവർ കിക്ക് നഷ്ടപ്പെടുത്തി. ബുസ്ക്വെറ്റ്സ്, റോഡ്രി എന്നിവരുടെ കിക്ക് ലക്ഷ്യംകണ്ടില്ലെങ്കിലും സ്പെയിനിനായി ഓൾമൊ, മൊറെനൊ, ഒയർസബൽ എന്നിവർ വലകുലുക്കി.
എട്ടാം മിനിറ്റിൽ സ്പെയിനിന്റെ ആക്രമണത്തിനുശേഷം സ്വിറ്റ്സർലൻഡ് വഴങ്ങിയ കോർണർകിക്കിൽനിന്നായിരുന്നു ഗോൾ പിറന്നത്. കോക്കെയുടെ കോർണറിന് ലാപോർട്ടെ ഹെഡ്ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് ഏറെ ഉയരത്തിലായിരുന്നു. പന്ത് കറങ്ങിത്തിരിഞ്ഞെത്തിയത് ആൽബയുടെ പാകത്തിന്. ആൽബയുടെ പവർഷോട്ട് തടയാൻ സ്വിസ് താരം സകറിയ ശ്രമിച്ചെങ്കിലും പന്ത് അദ്ദേഹത്തിന്റെ ബ്ലോക്കിൽ തട്ടിത്തെറിച്ച് വലയിൽതന്നെ വിശ്രമിച്ചു.
1-0ന് സ്പെയിൻ മുന്നിൽ. സ്വിറ്റ്സർലൻഡ് ക്യാപ്റ്റനായ ഗ്രനിത് സാക്ക സസ്പെൻഷനിലായതോടെ പകരം പ്ലേയിംഗ് ഇലവണിലെത്തിയതായിരുന്നു സക്കറിയ. രണ്ടാം പകുതി ആരംഭിച്ചത് സ്വിസ് മുന്നേറ്റത്തോടെയായിരുന്നു. തുടർന്ന് ലീഡ് ഉയർത്താൻ സ്പെയിനും ഗോൾ മടക്കാൻ സ്വിറ്റ്സർലൻഡും ഇഞ്ചോടിഞ്ച് പോരാടി. 68-ാം മിനിറ്റിൽ സ്വിസ് പോരാട്ടം ഫലം കണ്ടു. ഫ്യൂളെറിന്റെ പാസിൽനിന്ന് ഷക്കീരി സ്പാനിഷ് വലകുലുക്കി.
ചുവപ്പിൽ തളരാതെ സ്വിസ്
77-ാം മിനിറ്റിൽ റെമൊ ഫ്രൂളർ നേരിട്ടുള്ള ചുവപ്പ് കാർഡിലൂടെ പുറത്തായത് സ്വിറ്റ്സർലൻഡിന്റെ താളം തെറ്റിച്ചു. സ്വിസ് താരം മൊറെനൊയെ ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ് കാർഡ്. എന്നാൽ, തുടർന്ന് ശേഷിച്ച നിശ്ചിത സമയത്തും പിന്നാലെയെത്തിയ അധിക സമയത്തും സ്വിറ്റ്സർലൻഡ് ഗോൾ വഴങ്ങിയില്ല. അതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.