അണ്ടർ-19 ലോകകപ്പ്: അപ്രതീക്ഷിത തോൽവി വഴങ്ങി ഇംഗ്ലണ്ട് പുറത്ത്
Tuesday, January 23, 2018 1:10 PM IST
ക്വീൻസ്ടൗണ്‍: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയോട് 31 റണ്‍സിന്‍റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട് പുറത്തായി. അനായാസം വിജയിക്കാവുന്ന നിലയിൽ നിന്നുമാണ് ഇംഗ്ലണ്ട് പരാജയത്തിലേക്ക് വീണത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിന്‍റെ ഇന്നിംഗ്സ് 33.3 ഓവറിൽ 127 റണ്‍സിൽ അവസാനിച്ചു. ക്യാപ്റ്റൻ ജാസൻ സാംഗ 58 മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്.

ഓസീസിനെ ചെറിയ സ്കോറിൽ ഒതുക്കിയ ഇംഗ്ലണ്ട് സെമി ബർത്ത് ഉറപ്പിച്ചു തന്നെയാണ് ബാറ്റിംഗ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റിൽ 47 റണ്‍സ് സ്കോർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ ഇംഗ്ലണ്ടിന്‍റെ തകർച്ച തുടങ്ങി. ഒരു ഘട്ടത്തിൽ 71/4 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് 96 റണ്‍സിന് ഓൾഒൗട്ടായി പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു.

53 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും പറത്തി 58 റണ്‍സ് നേടിയ ഓപ്പണർ ടോം ബാന്‍റണ്‍ നാലാമനായി പുറത്തായതോടെയാണ് ഇംഗ്ലീഷ് തകർച്ച തുടങ്ങിയത്. പിന്നെ ക്വീൻസ്ടൗണിൽ വിക്കറ്റ് മഴയായിരുന്നു. 9.4 ഓവറിൽ 35 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് നേടിയ ലോയഡ് പോപ്പാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ അന്തകനായത്. പോപ്പാണ് മാൻ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...