ട്രാൻസ്ഗ്രിഡ് പദ്ധതി: മുഖ്യമന്ത്രി പറഞ്ഞത് അർധസത്യങ്ങൾ മാത്രമെന്ന് ചെന്നിത്തല
Tuesday, September 24, 2019 1:52 PM IST
തിരുവനന്തപുരം: ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി അർധസത്യങ്ങൾ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് തെറ്റിദ്ധാരണ പരത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രതിപക്ഷം കിഫ്ബിക്ക് എതിരല്ല. എന്നാൽ കിഫ്ബിയുടെ പേരിൽ നടക്കുന്ന അഴിമതിയെയും ധൂർത്തിനെയും എതിർക്കും. ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കല്ല മുഖ്യമന്ത്രി മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ട്രാൻസ്ഗ്രിഡിലെ എസ്റ്റിമേറ്റ് തുക വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് ചെന്നിത്തല ചോദിച്ചു. റെഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. കിഫ്ബിയിൽ 150 ഓളം ജീവനക്കാരുണ്ടെന്നും ഇത്രയധികം ധൂർത്ത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കിഫ്ബിയിൽ 43,000 കോടി രൂപയുടെ പദ്ധതിയിൽ 10,000 കോടി രൂപയുടെ ഓഡിറ്റ് മാത്രമാണ് നടക്കുന്നത്. കിഫ്ബിയിലെ ഓഡിറ്റിനെ സർക്കാർ എന്തിനാണ് ഭയക്കുന്നതെന്നും ഈ നിലയ്ക്ക് പോയാൽ പലരും സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.