ഭൂസംരക്ഷണ നിയമങ്ങളിൽ കൂട്ടിച്ചേർക്കലുകൾ വേണം
Wednesday, July 14, 2021 12:28 AM IST
കേരളത്തിൽ 1964ൽ ഭൂപരിഷ്കരണ നിയമത്തിനു തുടക്കം കുറിച്ചു എങ്കിലും അത് 1969 ൽ ആണ് സമഗ്ര ഭേദഗതി വരുത്തി 1970 ൽ പൂർണമായി നടപ്പിൽവരുത്തിയത്. ഇതു കേരളത്തിലെ ഭൂമിസംബന്ധമായ നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാവുന്ന തരത്തിൽ കൈവശക്കാരന്റെ അവകാശം സ്ഥീരികരിക്കപ്പെടുകയും ചെയ്തു. ഈ ഭൂപരിഷ്കരണ നിയമത്തിലൂടെ ആയിരക്കണക്കിനു കൈവശക്കാർ ഭൂവുടമകളായി. ഇതു കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ വലിയ ചലനം സൃഷ്ടിച്ചു. തുടർന്നും വിവിധങ്ങളായ നിയമങ്ങളും ഭേദഗതികളും ഉണ്ടായിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരുന്നതിനു മൂന്നും നാലും നൂറ്റാണ്ടുകൾക്കുമുമ്പ് രാജഭരണ കാലത്തും അല്ലാതെയും സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും ഭൂമി പതിച്ചുനല്കിയിരുന്നു. ഈ ഭൂമിയിൽ ആരാധനാലയങ്ങളും വിദ്യാദ്യാസ സ്ഥാപനങ്ങളും അഗതിമന്ദിരങ്ങളും ആതുരാലയങ്ങളും നിർമിച്ച് പൊതുസമുഹത്തിന്റെ നന്മയ്ക്കായി അത് ഉപയോഗിച്ചുവരുന്നു.
ഇവയിൽ പലതിനും ആണ്ടു വട്ടത്തിൽ അടയ്ക്കുന്ന നികുതി രസീതുകൾ അല്ലാതെ മറ്റു രേഖകളൊന്നും തന്നെ ഇല്ലാത്ത സ്ഥിതിയിലാണ്. പട്ടയങ്ങളോ ആധാരങ്ങളോ ഇല്ലാതെ കെട്ടിട പുനർനിർമിതിക്കും വായ്പ എടുക്കുന്നതിന്നും കൈമാറ്റം ചെയ്യുന്നതിനും പറ്റാത്ത ഒരു ദുർഘടാവസ്ഥയിലാണ്. പല നൂറ്റാണ്ടുകളായി കൈവശത്തിലും കരം തീരുവയിലും ഇരിക്കുന്ന വസ്തുക്കൾക്ക് ആധികാരികമായ രേഖ ഇല്ലാത്തതിനാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുപോലും ആവശ്യമായ സേവനങ്ങൾ ലഭിക്കാതെവരുന്നു.
മുൻകാലങ്ങളിൽ നികുതി അടച്ചുവന്നിരുന്നതിന്റെ അടിസ്ഥാനത്തിൽ ലഭിച്ചിരുന്ന കൈവശ, ഉടമസ്ഥാവകാശ സാക്ഷ്യപത്രങ്ങൾ പോലും പല സ്ഥലങ്ങളിലും നിഷേധിക്കപ്പെടുന്നു. ഇതു പല സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും നിലനില്പിനെയും പുനർനിർമാണത്തെയും ദോഷമായി ബാധിച്ചിരിക്കുന്നു.
പാട്ടഭൂമികൾ പോലും പ്രധാന റോഡ് വക്കുകളിൽ ഏക്കർ കണക്കിനു തുച്ഛമായ തുകയ്ക്കു പതിച്ചു നല്കിയിട്ടുള്ളപ്പോഴും നൂറ്റാണ്ടുകളായി കൈവശം ഇരിക്കുന്ന ഭൂമിക്കു രേഖകൾ ഇല്ലാത്ത അവസ്ഥയാണ്. ഭൂപരിഷ്കരണ നിയമത്തിൽ വേണ്ട ഭേദഗതി വരുത്തി നിശ്ചിത വർഷങ്ങളായി കൈവശത്തിലും കരം തീരുവയിലും ഉപയോഗത്തിലും ഇരിക്കുന്ന ഭൂമി ബന്ധപ്പെട്ട കൈവശക്കാരായ സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും നിയമാനുസൃതമായി ആധികാരിക രേഖ നല്കുന്നതിനുവേണ്ട നിയമനിർമാണം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
മുൻകാലങ്ങളിൽ ഭൂമിസംബന്ധമായ കാര്യങ്ങൾക്കു നികുതി ചീട്ട് മാത്രം ആവശ്യപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽനിന്ന് ആധികാരിക രേഖകളായ പട്ടയം, ആധാരം മുതലായവ നിർബന്ധമാക്കപ്പെട്ടിരിക്കുമ്പോൾ, നൂറ്റാണ്ടുകളായി പൊതുസമൂഹത്തിനു വേണ്ടി നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും നിയമാനുസൃതമായി ആധികാരിക രേഖ ലഭ്യമാക്കാൻ സർക്കാരിനാവണം.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഇതുപ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്തതും ഈ നിയമം പ്രാബല്യത്തിലായ 2008 നു മുമ്പു നികത്തപ്പെട്ടതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുകയും ചെയ്താൽ ഇപ്പോൾ പുരയിടമായി കാണപ്പെടുന്ന ഭൂമിക്ക് ’പുരയിടം’ എന്ന സ്ഥാനം ലഭിക്കും. എന്നാൽ, 2008 നു പല പതിറ്റാണ്ടുകൾക്കും മുമ്പ് നികത്തപ്പെട്ടതും വീടുകളും മറ്റു കെട്ടിടങ്ങളും നിലനില്ക്കുന്ന ഭൂമികൾ രേഖകളിൽ നിലം എന്നു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതിനാൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിസ്തീർണ പരിധിക്ക് മുകളിലാണെങ്കിൽ അവയ്ക്കും നിശ്ചയിക്കപ്പെട്ടിരിക്കുന്ന ശതമാനം ഫീസ് ഒടുക്കിയെങ്കിൽ മാത്രമേ പുരയിടമായി രൂപമാറ്റം വരുത്തുന്നതിനും ആ ഭൂമിയിൽ കെട്ടിടങ്ങൾ നിർമിക്കാനും കഴിയൂ.
അല്ലെങ്കിൽ 1964 ന് മുൻപുള്ള കെട്ടിട രേഖകൾ ഹാജരാക്കണം എന്നാണു നിയമം.കേരളത്തിലെ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും മേൽപറഞ്ഞ രേഖകൾ ലഭ്യമാകില്ല. ഒരു പക്ഷേ ലഭ്യമായാൽ തന്നെ ഈ തലമുറയിൽ പെട്ട ആരുടെപേരിലും ആയിരിക്കില്ല എന്നത് ഒരു യാഥാർഥ്യമാണ്.
കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലാണ് ഇപ്പോൾ പുരയിട ഭൂമിയായി രൂപപ്പെട്ടിരിക്കുന്ന ഭൂമിയുടെ മുക്കാൽ പങ്കും ഉയർത്തിയെടുത്തത്. അവയിൽ പലതിലും നൂറു വർഷത്തിനടുത്തു പഴക്കമുള്ള വിദ്യാലയങ്ങളും ആരാധനാലയങ്ങളും വീടുകളും നിലനില്ക്കുന്നു. ഇവയൊക്കെ പുനർനിർമിക്കുകയോ പുതുക്കുകയോ ചെയ്യണമെങ്കിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന രീതിയിലും ഭേദഗതിയുടെ അടിസ്ഥാനത്തിലും മാത്രമേ കഴിയൂ.
കേരളത്തിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും കച്ചവടക്കണ്ണോടെ നികത്തപ്പെടാൻ തുടങ്ങിയത് 1990കളിലാണ്. അങ്ങനെയെങ്കിൽ അതിനും കുറച്ച് പിന്നോട്ടുമാറി 1980കൾക്കു മുമ്പുള്ള കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂമികൾ, നിയമഭേദഗതി പ്രകാരം തരംമാറ്റി പുരയിടം ആക്കുന്നതിന് ഫീസ് ഇളവ് അനുവദിക്കാവുന്നതല്ലേ? അങ്ങനെ ഒഴിവാക്കി നല്കിയാൽ ദശാബ്ദങ്ങളായി നിലനില്ക്കുന്ന സ്ഥാപനങ്ങളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും പുനർനിർമിക്കുന്നതിനും റിപ്പയർ ചെയ്യുന്നതിനും സാധിക്കും. അതോടൊപ്പംതന്നെ കച്ചവടക്കണ്ണോടെ നികർത്തപ്പെട്ടവയ്ക്ക് അധിക ഫീസ് ഈടാക്കുകയും വേണം. ഇല്ലെങ്കിൽ അത് ഈ ജനോപകാരപ്രദമായ നിയമത്തിലെ ഒരു കറുത്ത ഏടായി അവശേഷിക്കും.
എഎംഎ ചമ്പക്കുളം