ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് മുടക്കാൻ ശ്രമിക്കുന്നവർ
Monday, July 26, 2021 12:37 AM IST
ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ എത്തുമ്പോൾ സീറോ മലബാർ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് പതിവായിരിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പരാതി ഉയരുന്നുണ്ട്. മുന്നാക്കസമുദായ ലിസ്റ്റിൽ സീറോ മലബാർ എന്ന് ചേർക്കപ്പെട്ടിരിക്കുന്ന സുറിയാനി കത്തോലിക്കരുടെ എല്ലാം സ്കൂൾ സർട്ടിഫിക്കറ്റിൽ RCSC എന്നാണ് ചേർക്കപ്പെട്ടിരിക്കുന്നത്. സ്കൂൾ സർട്ടിഫിക്കറ്റിൽ സീറോ മലബാർ എന്ന് ഇല്ല എന്ന കാരണത്താലാണ് അർഹരായ കുട്ടികൾക്ക് EWS ആനുകൂല്യം നിഷേധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നത്.
ഭരണഘടനാ ഭേദഗതി പ്രകാരം സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള ആനുകൂല്യം ഈ കാരണം പറഞ്ഞ് നിഷേധിക്കുന്നത് മാപ്പർഹിക്കാത്ത തെറ്റാണ്. RCSC എന്ന് രേഖപ്പെടുത്തപ്പെട്ട സുറിയാനി കത്തോലിക്ക എന്ന സീറോ മലബാറുകാർ മുന്നാക്കവുമല്ല പിന്നാക്കവുമല്ലെങ്കിൽ പിന്നെ ഏതാണെന്ന് പറയാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസറും തഹസിൽദാരും അല്ലേ? അങ്ങനെ എങ്കിൽ RCSC എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നവർ ഏതു വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്.
പല സ്ഥലങ്ങളിലും EWS സർട്ടിഫിക്കറ്റ് അപേക്ഷകൾ പോലും വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുന്നില്ല. ഒരു ഓഫീസിൽനിന്ന് ചെയ്തു കൊടുക്കാൻ ആവാത്ത ആവശ്യവുമായി ഒരു അപേക്ഷ സമർപ്പിച്ചാൽ അപേക്ഷ സ്വീകരിച്ച് കൈപ്പറ്റ് രസീത് നല്കി, പിന്നീട് വിഷയം പരിശോധിച്ച് മറുപടി നല്കേണ്ടതാണ് എന്ന സർക്കാർ ഓഫീസ് ചട്ടം നിലനില്ക്കുമ്പോൾ, അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കാൻ പോലും തയാറാകാത്തത് മനഃപൂർവമായ അനാസ്ഥയാണ്.
വില്ലേജ് ഓഫീസറോ തഹസിൽദാരോ ഓരോ സാക്ഷ്യപത്രവും നല്കുന്നത് രേഖകളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ്.അങ്ങനെയെങ്കിൽ അന്വേഷണം നടത്തി കാര്യങ്ങൾ ബോധ്യപ്പെടേണ്ട ഉദ്യോഗസ്ഥർ രേഖ കണ്ട ഉടൻ സർട്ടിഫിക്കറ്റിന് യോഗ്യത ഇല്ല എന്നു പറഞ്ഞ് സർട്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുന്നത് തെറ്റല്ലേ? ചില ഇടങ്ങളിൽ ബിഷപ്പിന്റെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു. ആധികാരികമായി ജനന സർട്ടിഫിക്കറ്റ് നല്കുന്നതിനു പോലും സർക്കാർ ഓഫീസുകളിൽ പള്ളികളിലെ മാമ്മോദീസ രജിസ്റ്റർ പകർപ്പുകൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ ബിഷപ്പിന്റെ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷകനെ അനാവശ്യമായി ബുദ്ധിമുട്ടിച്ച്, സർട്ടിഫിക്കറ്റ് നേടാനുള്ള ഉദ്യമത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള കുബുദ്ധിയാണോ എന്നും സംശയിക്കണം. അർഹമായ ആനുകൂല്യമാണ് ഇത്തരം ഉദ്യോഗസ്ഥർ നിരസിക്കുന്നത് എന്നതും ഗൗരവത്തിലെടുക്കണം.
ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം ഉത്തരവാദപ്പെട്ടവരിൽനിന്ന് ഉണ്ടായില്ലെങ്കിൽ അർഹതപ്പെട്ട ആനുകൂല്യം ഒരു വലിയ സമൂഹത്തിന് നഷ്ടപ്പെടും. പതിനൊന്നാം ക്ലാസ്, ഡിഗ്രി പ്രവേശനത്തിന്റെ ഈ കാലത്ത് അർഹമായ ആനുകൂല്യം ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് നഷ്ടപ്പെടരുത്. അതുപോലെതന്നെ പലരുടെയും സ്വപ്നമായ സർക്കാർ ജോലിക്കുള്ള EWS സംവരണ ആനുകൂല്യവും നഷ്ടപ്പെട്ടുകൂടാ.
എ.എം.എ. ചമ്പക്കുളം