കൈയാങ്കളി കേസ്: അക്രമം ഒരു പരിരക്ഷയാകില്ല
Friday, July 30, 2021 12:14 AM IST
നിയമസഭ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രപ്രാധാന്യമുള്ള വിധി പാർലമെന്ററി ജനാധിപത്യത്തിനും സഭാംഗങ്ങളുടെ സഭയിലെ പ്രവർത്തനങ്ങൾക്കും സമീപനങ്ങൾക്കും പെരുമാറ്റരീതികൾക്കും പുതിയ ദിശാബോധവും മാർഗരേഖയും നൽകുന്നതാണ്.
സഭാംഗങ്ങൾക്ക് ഭരണഘടനയുടെ 194ാം അനുഛേദം നൽകുന്ന പ്രവർത്തനസ്വാതന്ത്ര്യവും പരിരക്ഷയും സഭയുടെ അന്തസും യശസും ഉയർത്തിപ്പിടിക്കുന്നതിനാവണം. പരിരക്ഷയിൽനിന്ന് ഒരു പ്രത്യേക പദവി ഉടലെടുക്കുന്നില്ല. സഭാംഗം എന്ന നിലയിൽ സഭയിലെ ചുമതലകൾ കാര്യക്ഷമമായും സ്വതന്ത്രമായും നിർവഹിക്കുന്നതിനാണത്. സുപ്രീംകോടതി ജസ്റ്റീസ് റിപുസുന്ദൻ ദയാൽ കേസിൽ 2014 ൽ ഇതു വ്യക്തമാക്കിയതാണ്. കുറ്റകരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംരക്ഷണ കവചമായി അതിനെ കാണാനാവില്ല. കോടതി നടപടിക്രമങ്ങൾക്ക് വിധേയരാകുന്നതിൽനിന്നു സഭാംഗങ്ങൾക്കുള്ള പരിരക്ഷ സഭയുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. കൈയാങ്കളി ഭരണഘടനയുടെ 194 (2) അനുഛേദത്തിൽ വിവക്ഷിക്കുന്ന സഭാനടപടിക്രമങ്ങളുടെ ഭാഗമായി കാണാനാവില്ല.
ഏവരും നിയമവാഴ്ചയ്ക്കു വിധേയർ
നിയമം എല്ലാവർക്കും തുല്യമായ രീതിയിൽ ബാധകമാണ്. എല്ലാവരും ഒരുപോലെ നിയമവാഴ്ചയ്ക്കു വിധേയരുമാണ്. ആരും നിയമത്തിന് അതീതരല്ല. പ്രതിഷേധമെന്ന നിലയിലുള്ള അക്രമവും പൊതുമുതൽ നശീകരണവും സഭാംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. സഭാംഗമെന്ന നിലയിൽ സഭയിലുള്ള പ്രവർത്തനത്തിന്റെയും ഭാഗമല്ല. അത്തരം കുറ്റകരമായ പ്രവർത്തനങ്ങൾ ഒരുപോലെ പൊതുനിയമപ്രകാരം നടപടികൾക്കു വിധേയമാണ്.
സഭാംഗങ്ങൾക്കു സഭയ്ക്കുള്ളിലുള്ള പ്രവർത്തനാവകാശവും പരിരക്ഷയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനാണ്. അല്ലാതെ, രാജ്യത്ത് നിലവിലുള്ള ക്രിമിനൽ നിയമങ്ങളിൽനിന്നുള്ള സംരക്ഷണമല്ലത്. മറിച്ചു ചിന്തിക്കുന്നത് ജനങ്ങൾ സഭാംഗങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു വിരുദ്ധമാകും. ഭരണഘടനയിലും ക്രിമിനൽ നിയമങ്ങളിലും സഭാംഗങ്ങൾക്കായി പ്രത്യേക സമീപനം വിഭാവനം ചെയ്യുന്നില്ല.
നമ്മുടെ പാർലമെന്റും നിയമനിർമാണസഭകളും ഇന്നു സ്തംഭനത്തിന്റെയും കൊന്പുകോർക്കലിന്റെയും വേദികളായി മാറുന്ന ദയനീയമായ കാഴ്ചയാണ് നാം കണ്ടുവരുന്നത്. ബജറ്റിന്റെ ഭാഗമായ ധനവിനിയോഗ ബില്ലുകൾ പാസാക്കേണ്ടത് നിയമനിർമാണസഭകളുടെ ഭരണഘടനാ ചുമതലയാണെന്നിരിക്കേ അതിനുപോലും കഴിയാത്ത അത്യന്തം സങ്കീർണമായ അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്.
സംരക്ഷിക്കേണ്ടത് സഭയുടെ പ്രതിച്ഛായ
സ്തംഭനങ്ങൾക്കു പിന്നിൽ ചിലപ്പോഴൊക്കെ ജനാധിപത്യസ്വഭാവം കണ്ടേക്കാം. എന്നാൽ, അതിനെക്കാൾ പ്രധാനപ്പെട്ടതാണു സഭാപ്രവർത്തനം സുഗമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും അന്തസാർന്ന പ്രവർത്തന രീതിയിലൂടെ സഭയുടെ പ്രതിഛായ സംരക്ഷിക്കേണ്ടതും.
ജനങ്ങളുടെ പ്രതീക്ഷയായ നിയമനിർമാണ സഭകളുടെ നടപടികൾ തടസപ്പെട്ടാൽ അത് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ജനങ്ങളെയാണ്. കാരണം അവരാണ് ജനാധിപത്യത്തിലെ പരമാധികാരികളും അതിന്റെ ഗുണഭോക്താക്കളും. ജനാധിപത്യത്തിലെ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ ജനാധിപത്യംതന്നെ പരാജയപ്പെടും. കാലാവധി തീരുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടു മാത്രം കാര്യമായില്ല. തെരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടുന്ന സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുകയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുകയും വേണം.
ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ സ്ഥാപനമാണ് നിയമനിർമാണസഭ. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ യഥാർഥ കാവൽഭടനും ഭരണനിർവഹണ സംവിധാനത്തിന്റെ ഹൃദയവും സാമൂഹിക ക്ഷേമത്തിന്റെയും ദേശവികാരത്തിന്റെയും റഡാറുമാണത്.
പൊതുനന്മയ്ക്കായുള്ള ആത്മസമർപ്പണം
നിയമനിർമാണത്തിന്റെ ശ്രീകോവിലാണു സഭ. അവിടെ ഉയരേണ്ടത് അറിവിന്റെയും പൊതുനന്മയ്ക്കായുള്ള ആത്മസമർപ്പണത്തിന്റെയും ശബ്ദമാണ്. ബലപരീക്ഷണത്തിന്റെയും കൊന്പുകോർക്കലിന്റെയും അച്ചടക്ക ലംഘനത്തിന്റെയും വേദിയല്ല അത്. പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയുമുള്ള ക്രിയാത്മക വിമർശനങ്ങളിലൂടെ അംഗങ്ങൾ സഭയുടെ മൊത്തത്തിലുള്ള ആദരവ് നേടണം. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതോ ഉച്ചത്തിൽ ആക്രോശിക്കുന്നതോ സഭാദ്ധ്യക്ഷന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതോ അല്ല അംഗങ്ങളുടെ ജോലി. സഭാപ്രവർത്തനങ്ങൾ ഭംഗിയായി നടത്തപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുവാൻ എല്ലാവർക്കും തുല്യകടമയുണ്ട്.
സഭയുടെ സുഗമമായ പ്രവർത്തനത്തെ ബോധപൂർവം തടസപ്പെടുത്തുന്നവർ സഭയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം മറ്റ് അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സഭാനടപടികളിൽ തടസം കൂടാതെ തുടർച്ചയായി പങ്കെടുക്കുവാനുള്ള അവരുടെ അവകാശത്തെയുമാണ് വ്രണപ്പെടുത്തുന്നത്. അതിലൂടെ ഭരണഘടന സഭയ്ക്കു നല്കിയിട്ടുള്ള നിയമനിർമാണ ചുമതലയെയും പരമാധികാരികളായ ജനങ്ങൾക്കുവേണ്ടിയുള്ള നിയമനിർമാണ പ്രക്രിയയെയും അവർ പ്രതിസന്ധിയിലാക്കുന്നു.
വേണ്ടത് പരിഹാരനടപടികൾ
പൊതുസേവകന്റെ ഒൗദ്യോഗിക കൃത്യനിർവഹണത്തിനു തടസം സൃഷ്ടിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്. സഭാംഗങ്ങളും വിശാലമായ അർഥത്തിൽ പൊതുസേവകരുമാണ്. അതുകൊണ്ട് സഭാ നടപടികൾ ബോധപൂർവമായും ദുരുദ്ദേശ്യത്തോടെയും തടസപ്പെടുത്തുന്നത് സഭയുടെയും അംഗങ്ങളുടെയും ഒൗദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുന്നതായി കണ്ടുകൊണ്ട് അതിനെ ഒരു കുറ്റകൃത്യമായി കാണണം. ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാഷ്ട്രത്തിനും പൊതുപ്രവർത്തകർക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ പ്രത്യേകം പ്രതിപാദിച്ചിട്ടുള്ളതുപോലെ പാർലമെന്റിനും നിയമനിർമാണ സഭകൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ എന്ന ശീർഷകത്തിൽ സഭാനടപടികൾ ബോധപൂർവം തടസപ്പെടുത്തുന്നത് കുറ്റകൃത്യമായി പ്രത്യേകം വ്യവസ്ഥ ചെയ്യണം. ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്തും ഇതിനായുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിക്കാം.
നിയമനിർമാണ സഭകളിൽ നിർവഹിക്കപ്പെടുന്നത് വെറും ഒൗദ്യോഗിക കൃത്യനിർവഹണം മാത്രമല്ല. അതിനെക്കാൾ ശ്രേഷ്ഠവും ഗൗരവമാർന്നതുമായ ഭരണഘടനാ കർത്തവ്യമാണ്. അതിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഹാര നടപടികളാണ് ഉണ്ടാകേണ്ടത്. അകാരണമായി സഭാനടപടികൾ തടസപ്പെടുത്തുന്നവരെ അയോഗ്യരാക്കുകയും പിന്നീട് വരുന്ന പൊതു തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള നിയമഭേദഗതികൾ ഉണ്ടായാൽ സഭാപ്രവർത്തനങ്ങൾ സുഗമമാക്കുവാനും ജനാധിപത്യപരമായ രീതിയിൽ കൊണ്ടുപോകുവാനും കഴിയും.
നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതും തുടർച്ചയിലേക്കു നയിക്കേണ്ടതും നിയമനിർമാണ സഭകളാണ്. കൈയാങ്കളിയും പൊതുമുതൽ നശീകരണവും സഭാപ്രവർത്തനങ്ങൾ അലങ്കോലപ്പെടുത്തുന്നതും തീർച്ചയായും അതിനു വിഘാതങ്ങളാണ്. ഇതു തിരിച്ചറിഞ്ഞ് സഭയിൽ അംഗങ്ങൾക്കുള്ള അവകാശങ്ങൾക്കും പരിരക്ഷയ്ക്കുമുള്ള ഭരണഘടനാപരമായ നിയന്ത്രണങ്ങളും അതിർവരന്പുകളുമാണ് സുപ്രീംകോടതി വിധിയിൽ പ്രതിപാദിക്കപ്പെടുന്നത്.
ഡോ. പോളി മാത്യു മുരിക്കൻ