ഇഡബ്ല്യുഎസ്: കേന്ദ്ര മാനദണ്ഡങ്ങൾ മലയാളികളെ പുറത്തുനിർത്തുന്നു
Sunday, August 1, 2021 11:41 PM IST
മെഡിക്കൽ കോഴ്സ് പ്രവേശനത്തിനും കേന്ദ്രസർക്കാർ ഇഡബ്ല്യുഎസ് സംവരണം ഏർപ്പെടുത്തി വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണല്ലോ. എന്നാൽ കേരളത്തിൽനിന്നുള്ള ഭൂരിപക്ഷം വിദ്യാർഥികളും ഉദ്യോഗാർഥികളും കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരം ആനുകൂല്യപരിധിക്ക് പുറത്താണ് എന്നതാണു യാഥാർഥ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ മാതൃകയാക്കി രൂപീകരിച്ച ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ മലയാളികൾക്ക് തിരിച്ചടിയായി മാറിയിരിക്കുന്നുകേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും അഞ്ച് സെന്റ് ഭൂമിയെങ്കിലും കൈവശത്തിലുള്ളവരാണ്. അതുപോലെ ആ ഭൂമിയിൽ വായ്പയെടുത്തും കടം വാങ്ങിയും ഒരു ചെറിയ വീടും വച്ചിട്ടുണ്ടാകും. എന്നാൽ, കേരളത്തിനു പുറത്തെ സ്ഥിതി ഇതല്ല. കൃഷിഭൂമി ഒരിടത്തും വീടുവച്ചു താമസിക്കുന്നത് മറ്റൊരിടത്തും ആയിരിക്കും.
മിക്കവാറും കുടുംബങ്ങൾ നഗരപ്രദേശത്ത് രണ്ടു സെന്റിൽ കുറവും ഗ്രാമപ്രദേശത്ത് നാലു സെന്റിൽ കുറവും ഭൂമിയിലായിരിക്കും വീട് വച്ച് താമസിക്കുക. ഇവർ സാമ്പത്തികമായി വളരെ പിന്നാക്കമോ വളരെ മുന്നാക്കമോ ആയിരിക്കില്ല. ഇടത്തരക്കാരായ ഇവർ എല്ലാവരും ഇഡബ്ല്യുഎസ് പരിധിയിൽ ഉൾപ്പെടുന്നു. കേരളത്തിലെ സ്ഥിതി ഇതിൽനിന്നു വ്യത്യസ്തമാണ്.
കേരളത്തിൽ നെൽവയലുകൾ ഒഴികെയുള്ള എല്ലാ കൃഷി ഭൂമികളിലും ഉടമസ്ഥർ വീട് വച്ചു താമസിക്കുന്നു. പല സ്ഥലത്തും കൃഷിഭൂമി, താമസത്തിനുള്ള ഭൂമി എന്ന വേർതിരിവ് ഇല്ലാത്തതിനാൽ വീടിരിക്കുന്ന ഭൂമി ഗ്രാമപ്രദേശത്ത് 4.13 സെന്റിൽ കൂടുതലും നഗരത്തിൽ 2.06 സെന്റിൽ കൂടുതലും വന്നാൽ ആ കുടുംബത്തിന് ഇഡബ്ല്യുഎസ് അർഹത ഇല്ലാതെ വരുന്നു.
അതുപോലെതന്നെയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ വിസ്തൃതിയും. കേരളത്തിലെ സാധാരണക്കാർ പോലും ആയിരം ചതുരശ്ര അടിയിലും കൂടുതൽ വിസ്തൃതിയുള്ള വീട് വയ്ക്കുന്നു.
അല്പം വൃത്തിയുള്ള വീടും 2.06 സെന്റിൽ കൂടുതൽ ഭൂമിയും ഉള്ള നിരവധി സാധാരണക്കാർ ഇന്ന് ഇഡബ്ല്യുഎസ് പരിധിക്കു പുറത്താകുന്ന അവസ്ഥയാണുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ അഞ്ച് ഏക്കർ വരെയുള്ള സമ്പന്നർ ഇഡബ്ല്യുഎസ് ആനുകൂല്യം നേടുകയും ചെയ്യുന്നു.
കേന്ദ്ര മാനദണ്ഡങ്ങളിൽ അടിയന്തരമാറ്റം വരുത്തുന്നതിന് നമ്മുടെ ജനപ്രതിനിധികൾ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നടപടി ഉണ്ടായില്ലെങ്കിൽ ഇഡബ്ല്യുഎസ് ആനുകൂല്യം ലഭ്യമാക്കി ദേശീയ തലത്തിൽ വിവിധ പരീക്ഷകളിൽ പങ്കെടുക്കുന്നതിനും ജോലികൾ നേടിയെടുക്കുന്നതിനും കേരളത്തിലെ സംവരണേതര സമുദായങ്ങളിലെ ദരിദ്രർക്ക് കഴിയാതെ പോകും. മലയാളികളെക്കാൾ വളരെ സമ്പന്നരായ മറ്റു സംസ്ഥാനക്കാർക്ക് മലയാളികൾക്കു കൂടി അർഹതപ്പെട്ടവ ലഭിക്കും.
മലയാളികൾക്കു ലഭിക്കേണ്ട പല ഉപരിപഠന സീറ്റുകളും ജോലികളും മറ്റുള്ളവർ കൊണ്ടു പോകുന്നത് കണ്ടിരിക്കാനേ നമുക്കു സാധിക്കൂ. പഠനമേഖലകളും തൊഴിൽ മേഖലകളും ഇങ്ങനെ നഷ്ടപ്പെടുമ്പോൾ വരുംകാലത്ത് പല ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും ദേശീയ തലത്തിൽ മലയാളികൾ പിൻതള്ളപ്പെടാം എന്നതും കാണാതിരുന്നുകൂടാ. ഭൂമി തരംതിരിവ് ഇല്ലാതെ അഞ്ച് ഏക്കർ എന്നു നിജപ്പെടുത്തുകയും കെട്ടിടവിസ്തൃതി വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഇഡബ്ല്യുഎസ് ആനുകൂല്യത്തിൽ മലയാളികൾ പുറംതള്ളപ്പെടും.
എ.എം.എ. ചമ്പക്കുളം