ആത്മാവിന്റെ വിശുദ്ധമായ പ്രാർഥനപോലൊരാൾ...
Friday, October 15, 2021 11:23 PM IST
കഴിഞ്ഞദിവസം അന്തരിച്ച കപ്പൂച്ചിൻ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസിലെ ഭരണങ്ങാനം അസീസി ആശ്രമാംഗമായ ഫാ. ജോർജ് ഉപ്പുപുറം എന്ന ജോർജുകുട്ടി അച്ചനെ അനുസ്മരിച്ച് പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ എഴുതിയ കുറിപ്പ്.
ഒരു മരണവാർത്തയുമായി അസീസി മാസികയിൽനിന്ന് വ്യാഴ്ച രാവിലെ വന്ന ഫോണ്കോൾ എന്നിൽ തെല്ല് ആശ്ചര്യം നിറച്ചു. ഏതാണ്ട് ഇരുപത്ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് ഞാനെഴുതിയ ഒരു ഓർമ്മക്കുറിപ്പിലെ കേന്ദ്രകഥാപാത്രമായ തവിട്ടുകുപ്പായക്കാരൻ പുരോഹിതന്റെ മരണവാർത്തയായിരുന്നു അത്. അന്ന്, കോട്ടയം പട്ടണത്തിലെ എൻബിഎസ് ബുക്ക്സ്റ്റാളിന്റെ കോലായിൽ പടഞ്ഞിരുന്ന് സംസാരിക്കുന്നതിനിടയിൽ ഞാൻ അദ്ദേഹത്തോടു പറഞ്ഞു:
“ഫാദർ, ഞാനൊരു സംഘടിത മതത്തിലും വിശ്വസിക്കുന്നില്ല, പ്രാർഥനകൾ ചൊല്ലാറില്ല. എങ്കിലും ക്രിസ്തുവിൽ എനിക്കു വിശ്വാസമാണ്.’’ അപ്പോൾ അദ്ദേഹം പറഞ്ഞത് “സാരമില്ല, ആത്മാവിന്റെ വിശുദ്ധമായ പ്രാർഥനകളാണല്ലോ നിങ്ങളുടെ കഥകൾ.’’
ഇത്രയ്ക്കും മനോഹരമായ ഒരു വിശേഷണം എന്റെ കഥകളെ പറ്റി ഞാൻ കേട്ടിട്ടില്ല. എന്റെ ജീവിതത്തിൽ എനിക്ക് നിരവധി പുരസ്കാരങ്ങളും മംഗളപത്രങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ എന്റെ മുഴുവൻ വിശ്വാസസംഹിതകളെയും കാച്ചിക്കുറുക്കി സത്തയെ തൊട്ടു പറഞ്ഞ വിശേഷണം, അംഗീകാരം എനിക്കു ലഭിച്ചത് ആ പുരോഹിതന്റെ വാക്കുകളിലൂടെയാണ്. അങ്ങനെ ഒരു മണിക്കൂർ നീണ്ടുനിന്ന ആ കൂടിക്കാഴ്ചയുടെ അനുഭവം “അതു ക്രിസ്തുവായിരുന്നു’’ എന്ന തലക്കെട്ടിൽ ഞാൻ പ്രസിദ്ധീകരിച്ചിരുന്നു.
പതിറ്റാണ്ടുകൾക്കുശേഷവും ഇന്നലെ എന്നപോലെ ആ മുഹൂർത്തം എന്റെ മുൻപിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ ആ പുരോഹിതൻ ആരാണെന്നോ അദ്ദേഹം എവിടെ താമസിക്കുന്നു എന്നോ ഉള്ള ഒരു വിശദാംശവും അന്നു ചോദിച്ചിരുന്നില്ല; പേരുപോലും. “ഒരു പേരിൽ മാത്രം എന്താണുള്ളത്, അല്ലേ?’’ എന്നാൽ ഇന്നു കാലങ്ങൾക്കുശേഷം അദ്ദേഹം ആരാണെന്നും എന്തായിരുന്നുവെന്നും കേൾക്കുന്പോൾ വിരഹത്തിന്റെ നഷ്ടത്തെക്കാൾ വലിയൊരു മനുഷ്യനെ അന്നു കാണാൻ ഇടവന്നു എന്നതിന്റെ ഹർഷത്തിലാണ് ഞാൻ.