നവകേരളസൃഷ്ടിക്ക് മാലിന്യ നിർമാർജനം
Saturday, May 29, 2021 10:30 PM IST
രണ്ടാം പിണറായി സർക്കാരിന്റെ പ്രധാനപദ്ധതികളിൽ അതിദാരിദ്ര്യ നിർമാർജനത്തോടൊപ്പം അഞ്ചു വർഷം കൊണ്ട് മാലിന്യ പ്രശ്നത്തിനും പരിഹാരമുണ്ടാക്കുമെന്നുള്ള വാഗ്ദാനം സന്തോഷകരമായ കാര്യമാണ്. മാലിന്യമുക്തമായ മലയാള നാട് ഓരോ കേരളീയന്റെയും സ്വപ്നമാണല്ലോ. അതിന് ഊടുംപാവും നെയ്യാൻ പുതിയ ഭരണനേതൃത്വത്തിനാകുമെന്നു പ്രതീക്ഷിക്കാം.
കോവിഡ് മഹാമാരി സമൂഹത്തെ അടിവരയിട്ട് ഓർമിപ്പിക്കുന്നതും വ്യക്തി, സമൂഹ ശുചിത്വത്തിന്റെ പ്രാധാന്യം തന്നെയാണല്ലോ. കേരളത്തിൽ, നഗരവത്കരണത്തിന്റെ ഭാഗമായിട്ടാണ് മാലിന്യ നിർമാർജനം പ്രശ്നം സൃഷ്ടിക്കുന്നത്. ഭൂവിസ്തൃതിയുടെ പതിനാറു ശതമാനം മാത്രമാണ് കേരളത്തിൽ കോർപറേഷൻ, മുനിസിപ്പൽ ടൗൺ പ്രദേശങ്ങൾ. എന്നാൽ, അവിടെയാണ് കേരളത്തിലെ ജനസംഖ്യയുടെ അമ്പത് ശതമാനവും അധിവസിക്കുന്നത്.
മാലിന്യകേന്ദ്രമായി നഗരങ്ങൾ
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പാക്കറ്റ് ഭക്ഷണം മുതൽ എല്ലാത്തരം ജൈവ അജൈവ മാലിന്യങ്ങളുടെയും കേന്ദ്രസ്ഥാനമായി നമ്മുടെ നഗരപ്രദേശങ്ങൾ മാറുകയായിരുന്നു. ഇവ യഥാവിധി സംസ്കരിക്കുവാൻ തയാറാകാതെയും മാർഗമില്ലാതെയും രാത്രി കാലങ്ങളിലും മറ്റും വഴിവക്കിലും തോട്ടിലും ഓടയിലും തള്ളി മലയാളി ആശ്വാസം കൊള്ളുന്നു! മലയാളിക്ക് ഇത്തരത്തിലുള്ള മാലിന്യ നിർമാർജനം ഒരു ദുശീലമായി കഴിഞ്ഞിരിക്കുന്നു.
നഗരമാലിന്യത്തിന്റെ കണക്കുകൾ പറയുന്നത് 50 ശതമാനം ഗാർഹിക മാലിന്യവും 11 ശതമാനം ഹോട്ടൽ മാലിന്യവുമെന്നാണ്. പ്രതിദിന മാലിന്യ ഉത്പാദനം 15വർഷം മുമ്പുള്ളത് 8,000 ടൺ ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് എത്രയോ അധികമായി വർധിച്ചു. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവയുടെ വ്യാപനം യഥാവിധിയായ മാലിന്യ സംസ്കണത്തിന്റെ അഭാവംകൊണ്ടാണ് കൂടുതലാകുന്നത്. കൊതുക് നിവാരണത്തിന്റെ ഭാഗമായിട്ടുള്ള ഡ്രൈ ഡേ ദിനം എത്രത്തോളം വിജയമാണ് എന്നു വിലയിരുത്തേണ്ടതുണ്ട്. മേല്പറഞ്ഞ രോഗങ്ങൾ പടർന്നു പിടിച്ച കാലത്ത് കേരളത്തിൽ ടൂറിസം പോലുള്ള മേഖലകളെ പ്രതികൂലമായി ബാധിച്ചു എന്നതു വിസ്മരിച്ചു കൂടാ. ടൂറിസം സാമൂഹ്യ ശുചിത്വവുമായി ബന്ധപ്പെട്ടാണല്ലോ നിലനിൽക്കുന്നത്. കേരളത്തിന്റെ ഏറ്റവും വലിയ സാധ്യതയായി കരുതപ്പെടുന്ന ടൂറിസം മേഖലയുടെ വികസനം പ്രത്യക്ഷമായും പരോക്ഷമായും ശുചിത്വവുമായി കൈകോർത്തുള്ളതാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ വീണ്ടെടുക്കാൻ മാലിന്യ മുക്ത മലയാള നാട് എന്ന സ്വപ്നം സാക്ഷാത്കരിക്കണം. അതിനുള്ള കർമപരിപാടികൾക്ക് സമൂഹത്തിന്റെ മുഴുവൻ സഹകരണവും സർക്കാരിനു ലഭിക്കുമെന്നതിൽ സംശയമില്ല.
വികേന്ദ്രീകൃത സംസ്കരണം
കേന്ദ്രീകൃത മാലിന്യ സംസ്കരണം കേരളത്തിൽ ഫലപ്രദമല്ലെന്ന് വിളപ്പിൽശാലയും വടവാതൂരും ലാലൂരും നമ്മെ ഓർമപ്പെടുത്തുന്നു. വികേന്ദ്രീകൃത സംസ്കരണമാണ് കേരളത്തിൽ വിജയിക്കുക. സ്ഥല ലഭ്യതയും വലിയ പ്രശ്നമാണ്. അതിനാൽ ഉറവിട മാലിന്യ സംസ്കരണത്തിന്റെ വിവിധ സാധ്യതകൾ നാം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. വീടുകളിൽ കമ്പോസ്റ്റിംഗ് മാതൃകകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതോടൊപ്പം ഇൻസിനറേഷൻ, ശാസ്ത്രീയമായ ലാൻഡ് ഫില്ലിംഗ് സാധ്യതയും പെരിഗണിക്കേണ്ടതാണ്. കേരളത്തിൽ ഉപയോഗരഹിതമായ ആയിരക്കണക്കിന് പാറമടകൾ ഉണ്ടല്ലോ. ഇവയിലൊക്കെ ശാസ്ത്രീയമായ ഫില്ലിംഗ് സാധ്യതയുണ്ടോ എന്നതും പഠിക്കേണ്ടിയിരിക്കുന്നു.
ജനകീയ മുന്നേറ്റമാകണം
എല്ലാറ്റിനും ഉപരിയായി മാലിന്യ നിർമാർജനം ഒരു ജനകീയ മുന്നേറ്റമായി മാറണം. ആലപ്പുഴയിൽ ഇത്തരം ഒരു മുന്നേറ്റം വളരെ വിജയകരമായിരുന്നു എന്നു മനസിലാക്കുന്നു. ഒരു വലിയ തുടർ കാമ്പയിൻ ഇതിനായി വേണം. മുഴുവൻ മാധ്യമങ്ങളുടെയും പിന്തുണ ഉറപ്പാക്കണം. അതു വിജയിപ്പിക്കുവാൻ മുകളിൽ ചീഫ് സെക്രട്ടറി മുതൽ പഞ്ചായത്ത് അറ്റൻഡർ വരെയുള്ള ഉദ്യോഗസ്ഥരും മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെയുള്ള ജനപ്രതിനിധികളും അണിചേരണം. മുഴുവൻ സാമൂഹ്യ സംഘടനകളും മത നേതാക്കളും സമുദായ സംഘടനകളും ഈ മുന്നേറ്റത്തിൽ പങ്കെടുക്കണം. അങ്കണവാടി കുട്ടികൾ മുതൽ വൈസ് ചാൻസലർ വരെയുള്ള വിദ്യാർഥിഅധ്യാപക സമൂഹം ഈ ജനകീയ മുന്നേറ്റത്തിൽ കൈകോർക്കണം. കേരളത്തിൽ സ്കൂൾ വഴിയായി നമ്മുടെ വിദ്യാർഥികൾ, 2018ൽ എട്ടു മാസം കൊണ്ട് ആറു ലക്ഷം കിലോ ഇ വേസ്റ്റ് ശേഖരിച്ചു റീസൈക്ലിംഗിനായി കൈ
മാറി എന്നതു വിസ്മരിച്ചു കൂടാ!
അതോടൊപ്പം,അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരെ ഒന്നാം ഘട്ടത്തിൽ താക്കിതു നൽകിയും കുറ്റം ആവർത്തിച്ചാൽ പിഴ ഏർപ്പെടുത്തിയും ശിക്ഷ ഉറപ്പാക്കണം. കുറ്റക്കാരുടെ സംരക്ഷണത്തിനു രാഷ്ട്രീയ നേതൃത്വം ഇടപെടരുത്. മുഴുവൻ പോലീസ് സേനയും ഈ കാമ്പയിൻ വിജയിപ്പിക്കുവാനുള്ള ജാഗ്രത കാട്ടണം. രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തോടുകളിലും പാതയോരത്തും അലക്ഷ്യമായി ഒഴുക്കുന്നവർക്ക് എതിരേ കർശന നടപടി ഉണ്ടാകണം. ഇത്തരം സാമൂഹ്യ ദ്രോഹം ചെയ്യുന്ന ടാങ്കർ ലോറി ഉടമകൾക്കെതിരേ ശക്തമായ വകുപ്പുകൾ ചേർത്ത് കേസ് ചാർജ് ചെയ്യുകയും ശിക്ഷ ഉറപ്പാക്കുകയും വേണം. ജില്ല തോറും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ഇക്കാര്യത്തിൽ, മുൻ മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ സർക്കാർ കൊടുത്ത ഉറപ്പുകൾ പ്രാവർത്തികമാക്കണം.
ഇവേസ്റ്റ് നിർമാർജനം
നിരോധിച്ച 5 0 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗവും വില്പനയും നിർമാണവും കർശനമായി തദ്ദേശസ്ഥാപനങ്ങൾ നടപ്പിൽ വരുത്തണം. നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകൾ ഇപ്പോൾ വീണ്ടും ലഭ്യമാണ്. തദ്ദേശസ്ഥാപനങ്ങളുടെ വീഴ്ചയെയാണ് ഇതു സൂചിപ്പിക്കുന്നുത്. പ്ലാസ്റ്റിക്കിൽ നിന്നു പെട്രോളിയം ഉത്പന്നങ്ങൾ ഉണ്ടാക്കിക്കൊണ്ട് കോഴിക്കോട് എൻഐടി പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ 2018ൽ നടത്തിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കണം. ഇത്തരം ഗവേഷണങ്ങൾ വ്യാവസായികമായി ഫലപ്രാപ്തിയിൽ എത്തിക്കുവാൻ സാധിക്കണം. പുതിയ കാലത്ത് ഇ വേസ്റ്റുകളെ സ്വർണഖനി എന്നാണു പറയുന്നത്.10 ലക്ഷം മൊബൈൽ ഫോണുകളുടെ സർക്യൂട്ട് ബോർഡുകളിൽ നിന്ന് 24 കിലോ സ്വർണം വേർതിരിച്ചു മാറ്റുവാൻ കഴിയുമെന്നാണല്ലോ ലഭ്യമാകുന്ന വിവരം! മലയാളി ഉപയോഗരഹിതമായി തള്ളുന്ന മൊബൈൽ ഫോണുകൾ ശേഖരിച്ചു റിസൈക്കിൾ ചെയ്യുവാൻ സാധിക്കുമോ എന്നതും പരിശോധനാ വിധേയമാക്കട്ടെ. എന്തായാലും ഇ മാലിന്യ സംസ്കരണവും പുതിയ സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട മേഖലയാണ്.
കുര്യൻ തൂമ്പുങ്കൽ, ചങ്ങനാശേരി