കൊല്ലം: കൂടാരത്തിൽ വിസ്മയക്കാഴ്ചകളൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ സർക്കസായ ജെമിനി സർക്കസ് കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ചു. ഏതു കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുന്ന വാട്ടർപ്രൂഫ് ആൻഡ് ഫയർപ്രൂഫ് ടെന്റിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.
സെപ്റ്റംബർ 15വരെ കൊല്ലത്ത് തുടരും.തുടർന്നു മൈസൂരാണ് പരിപാടി. 200 ഓളം കലാകാരൻമാരാണ് രംഗത്തുള്ളത്. ദിവസേന ഉച്ചക്ക് ഒന്ന്, വൈകുന്നേരം നാല്, രാത്രി ഏഴ് എന്നീ സമയങ്ങളിലാണ് പ്രദർശനം. 150, 200, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ആഫ്രിക്ക, താൻസാനിയ എന്നിവിടങ്ങളിൽ നിന്നുള്ള പരിശീലനം സിദ്ധിച്ചതും കഴിവുറ്റതുമായ കലാകാരന്മാരുൾപ്പെടെ വിദേശങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കലാകാരൻമാർ അണിനിരക്കുന്ന സർക്കസാണ് നടക്കുന്നത്. രണ്ടു മണിക്കൂർ നീളുന്ന ഷോയിൽ മുപ്പതിലേറെ വിസ്മയ പ്രകടനങ്ങളുണ്ട്.മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, റൊമാന്റിക് സാരി ബാലൻസിംഗ്, അക്രോബാറ്റിക് ചെയർ ബാലൻസിംഗ്, ഡെന്റൽ എരിയൽ ആക്ട്, ഡബിൾ സാരി ആക്ട്, ട്രാംപോളിൻ, ആഫ്രിക്കൻ ഫ്രോഗ് ആക്ട്, മയൂര നൃത്തം, പുതിയ ക്ലൗൺ ആക്ടുകൾ, റോളർ ആക്ട്, സ്റ്റിക്ക് ബാലൻസ്, സെൽഫിയ്ക്കായി റോബോട്ടിക് വന്യജീവികൾ തുടങ്ങിയവയാണ് പ്രത്യേകതകൾ.
2025 ആഗസ്ത് 15 മുതൽ 2026 ഓഗസ്റ്റ് 15 വരെ ജെമിനി സർക്കസിന്റെ ഡയമണ്ട് ജൂബിലി വർഷം ആഘോഷിക്കുകയാണ്. എം.വി.ശങ്കരനും കെ.സഹദേവനും നേതൃത്വം നൽകിയ ജെമിനി സർക്കസിന്റെ ആദ്യ പ്രകടനം 1951 ഓഗസ്റ്റ് 15-ന് ഗുജറാത്തിലെ ബില്ലിമോറിയയിലാണ് നടന്നത്.
2005 മുതൽ ജെമിനി സർക്കസിന്റെ നടത്തിപ്പു എം.വി. ശങ്കരന്റെ പുത്രന്മാരായ അജയ് ശങ്കറും അശോക് ശങ്കറുമാണ്. ഫോൺ: 9744829866,8340691228.