പത്തനംതിട്ട: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയിൽ സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 പത്തു മുതൽ 12 വരെ മാരാമൺ സെന്റ് ജോസഫ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും.
കാർഷിക മേഖലയ്ക്ക് പുത്തനുണർവ് പകർന്ന്, തോട്ടപ്പുഴശേരിയെ കേരളത്തിലെ ഒരു പ്രധാന പഴവർഗ ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ദീർഘവീക്ഷണത്തോടെ തുടക്കം കുറിച്ച സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ പഴവർഗ വിപണന മേളയാണിത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴവർഗങ്ങളും അവയിൽ നിന്നുള്ള ഉത്പന്നങ്ങളും ഗുണമേന്മയുള്ള തൈകളും പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും കർഷകർക്ക് അവസരമൊരുക്കും.
വിവിധതരം പഴവർഗങ്ങളുടെ ശാസ്ത്രീയ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. തരിശുഭൂമികൾ പോലും ഫലപ്രദമായി ഉപയോഗിക്കാനും ഉയർന്ന വിളവു നേടാനും ഇതു സഹായിക്കും. തോട്ടപ്പുഴശേരി കർഷക സംഘം, ഗ്രാമപഞ്ചായത്ത്, കൃഷി, ടൂറിസം, വ്യവസായം വകുപ്പുകളുടെ സഹകരണത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
കൃഷി, വിളവെടുപ്പ്, സംസ്കരണം, വിപണനം, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങൾ പ്രാദേശികമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർഷക സംഘം പ്രവർത്തിക്കുന്നത്. ഇതിനാവശ്യമായ ക്രമീകരണങ്ങൾ കർഷക സംഘം ചെയ്തുവരുന്നു.
പഴങ്ങളിൽ നിന്ന് ജാം, സ്ക്വാഷ്, അച്ചാർ, ജ്യൂസുകൾ തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുകയാണ് സമൃദ്ധി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വഴിയൊരുക്കുകയും പ്രാദേശിക സംരംഭകരെ വളർത്തുകയും ചെയ്യും.
പദ്ധതി പ്രാദേശികമായും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പഴവർഗങ്ങൾക്കും അവയുടെ ഉത്പന്നങ്ങൾക്കും പുതിയ വിപണന സാധ്യതകൾ വർധിപ്പിക്കുന്നു. കൃഷി വകുപ്പ്, കൃഷി വിജ്ഞാന കേന്ദ്ര എന്നിവയുടെ സഹകരണത്തിൽ ശാസ്ത്രീയമായ കൃഷി രീതികൾ, ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കൽ, സാങ്കേതിക സഹായം, കർഷകർക്ക് ആവശ്യമായ പരിശീലനം എന്നിവ ഉറപ്പാക്കും.
പഴങ്ങൾ സംസ്കരിച്ച് മൂല്യവർധിത ഉത്പന്ന യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ചെറുകിട വ്യവസായ സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും വ്യവസായ വകുപ്പും പിന്തുണ നൽകും.
സമൃദ്ധി ഫ്രൂട്ട് ഗ്രാമം ടൂറിസം പദ്ധതിയായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഫാം ടൂറിസം, കാർഷിക പ്രദർശനങ്ങൾ എന്നിവയിലൂടെ ഇതു നടപ്പിലാക്കും. സാംസ്കാരിക പരിപാടികളോടുകൂടിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കൂടുതൽ സന്ദർശകരെ ആകർഷിക്കുകയും ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യും.
സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയിലൂടെ തോട്ടപ്പുഴശേരിയെ കേരളത്തിലെ ഒരു പ്രധാന പഴവർഗ ഉത്പാദന കേന്ദ്രമാക്കി മാറ്റാനും അതുവഴി സാമൂഹികവും സാമ്പത്തികവുമായി സ്വയംപര്യാപ്തമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
സമൃദ്ധി കർഷക സംഘം പ്രസിഡന്റ് ഗോപകുമാർ, ഭാരവാഹികളായ ജോർജ് വർഗീസ്, ഫിലിപ്പ് കുര്യൻ, ആർ. സുരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.