പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ തെരുവിലിറങ്ങിയതോടെ നാടൊട്ടുക്ക് ഇന്നലെ സമര കോലാഹലം. വിവിധയിടങ്ങളിൽ പോലീസുമായി സംഘർഷവുമുണ്ടായി. പത്തനംതിട്ടയിലും പ്രധാന ടൗണുകളിലും കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ബിജെപിയും വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മന്ത്രിയുടെ പത്തനംതിട്ടയിലെ എംഎൽഎ ഓഫീസിലേക്കും മൈലപ്ര - കുന്പഴവടക്കുള്ള മാതൃഗൃഹത്തിലേക്കും അങ്ങാടിക്കലിലെ വീട്ടിലേക്കും പ്രതിഷേധ മാർച്ചുകൾ നടന്നു. എല്ലായിടത്തും പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
രാവിലെ കോൺഗ്രസ് നേതൃത്വത്തിൽ പത്തനംതിട്ടയിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം ഉണ്ടായി. കപ്പിത്താൻ അമേരിക്കയിലേക്ക് പോവാ വീണമന്ത്രി ആസ്ട്രേലിയലിലേക്ക് വിട്ടോളു എന്ന പ്ലക്കാർഡ് പിടിച്ചാണ് പ്രവർത്തകർ എത്തിയത്.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് മാർച്ച് തടയാൻ ശ്രമിച്ചെങ്കിലും തള്ളി മറിച്ചിടാൻ പ്രവർത്തകർ തുനിഞ്ഞതോടെ പോലീസുമായി ബലപ്രയോഗത്തിനും ഉന്തിനും തള്ളിനും ഇടയാക്കി. ഇതിനിടയിൽ ചിലർ ബാരിക്കേഡ് ഭേദിച്ച് ഉള്ളിൽ കടന്നത് വീണ്ടും സംഘർഷത്തിനു കാരണമായി.
ഉള്ളിൽ കടന്നവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചും നടന്നു. പോലീസ് സ്റ്റേഷനു മുന്പിൽ കൂടുതൽ പോലീസിനെ നിയോഗിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും എത്തിയതോടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ റോഡിൽ നിരന്നു. പോലീസ് റോഡിൽ നിരന്ന് പ്രവർത്തകരെ തടഞ്ഞു.
എംഎൽഎ ഓഫീസ് മാർച്ചിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിലിന്റെ നേതൃത്വത്തിൽ ഏതാനും നേതാക്കളെ സ്റേഷനിലേക്ക് പോകാൻ അനുവദിച്ചു . പിന്നീട് അറസ്റ്റു ചെയ്ത പ്രവർത്തകരെ ജാമ്യത്തിൽ വിട്ടു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനവും നടത്തി.
കനത്ത പോലീസ് സുരക്ഷയാണ് മന്ത്രിയുടെ ഓഫീസ് പരിസരത്ത് ഒരുക്കിയിരുന്നത്. ഡിസിസി ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ അധ്യക്ഷത വഹിച്ചു. രാവിലെ ബിജെപി, എസ്ഡിപിഐ സംഘടനകളും മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.
തിരുവല്ലയിൽ
കോട്ടയം മെഡിക്കൽ കോളജ് കെട്ടിട്ടം തകർന്നു വീണത് മൂലം ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നെടുമ്പ്രം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും, യോഗവും തുടർന്ന കോലം കത്തിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു.
ഡിസിസി എക്സിക്യൂട്ടീവ് അംഗം ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ സി.ഉഷ്സ്, കെ.ജെ.മാത്യു, എ. പ്രദീപ് കുമാർ, പിസി തോമസ്, കെ.സി.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയിൽ
കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. കെ. സുഭാഷ്കുമാർ അധ്യക്ഷത വഹിച്ചു.
എ. ഡി. ജോൺ, സാം പട്ടേരിൽ, റെജി പണിക്കമുറി, സുനിൽ നിരവുപുലം,കെ. ജി. സാബു, കൃഷ്ണൻകുട്ടി മുള്ളങ്കുഴി, റെജി തെക്കുംകൽ, അനിൽ. എൻ. ചെറിയാൻ, തമ്പി കോട്ടച്ചേരിൽ, സജി തോട്ടത്തിമലയിൽ, സിന്ധു സുഭാഷ്, ജീനാ ചെറിയാൻ, അനു ഊത്തുകുഴിയിൽ, കെ. കെ. വാസുകുട്ടൻ, മിഥുൻ. കെ. ദാസ്, അനീഷ്.കെ. മാത്യു മധു പുന്നാനിൽ എന്നിവർ പ്രസംഗിച്ചു.
കോന്നിയിൽ
ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കോലം കത്തിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ജ്വാല സംഗമത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ഡിസിസി സെക്രട്ടറി എലിസബത്ത് അബു, റോജി ഏബ്രഹാം, ശ്യാം. എസ് കോന്നി, സൗദ റഹിം, അനിസാബു, തോമസ് കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ശവപ്പെട്ടിയുമായി മന്ത്രിയുടെ വീട്ടിലേക്ക്
ഉച്ചയോടെ ശവപ്പെട്ടിയുമായി മന്ത്രിയുടെ മാതൃഗൃഹമായ കുന്പഴ വടക്ക് ഭാഗത്തെ വീട്ടിലേക്ക് പ്രവർത്തകർ എത്തിയതും സംഘർഷത്തിനിടയാക്കി. വീട് അടഞ്ഞു കിടക്കുകയായിരുന്നുവെങ്കിലും പോലീസ് കനത്ത സുരക്ഷാ വലയം തീർത്തിരുന്നു. ഇതു ഭേദിച്ച് അകത്തുകടക്കാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. പിന്നീട് ശവപ്പെട്ടി ഉപേക്ഷിച്ച് പ്രവർത്തകർ പോകാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഇതു പിടിച്ചെടുത്ത് കേസാക്കി.
അങ്ങാടിക്കൽ വീട്ടിലേക്കും മാർച്ച്
മന്ത്രി വീണാ ജോർജിന്റെ അങ്ങാടിക്കലിലെ വീട്ടിലേക്ക് വൈകുന്നേരം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. പോലീസ് രാവിലെ മുതൽ തന്നെ വീട്ടുപരിസരത്ത് കാവൽ ഏർപ്പെടുത്തിയിരുന്നു. മാർച്ച് വഴിയിൽ തടഞ്ഞു. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പിന്നീട് അറസ്റ്റു ചെയ്തു നീക്കി.
ബിജെപി മാർച്ച് നടത്തി
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിലെ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.ബിനുമോൻ യോഗം ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട മണ്ഡലം പ്രസിഡൻറ് വിപിൻ വാസുദേവ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.സി.മണിക്കുട്ടൻ, വൈസ് പ്രസിഡന്റുമാരായ വിദ്യാധിരാജൻ, സുമാരവി , രഞ്ജിനി അടകൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ, ശംഭു ഇലന്തൂർ, വർഗീസ് മാത്യു, മഹിളാമോർച്ച ഭാരവാഹികളായ ശ്രീവിദ്യ, പ്രിയ സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ടയിലെ സിപിഎമ്മുകാർക്ക് വേണ്ടാത്ത മന്ത്രിയെ കേരളത്തിനും വേണ്ട: പഴകുളം മധു
പത്തനംതിട്ട: സിപിഎം ലോക്കൽ, ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ പര്യായമായ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കേരളത്തിനും വേണ്ട എന്നതാണ് പൊതു സമൂഹത്തിന്റെ നിലപാടെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം മെഡിക്കൽ കോളജിലെ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങി ജീവൻ വെടിഞ്ഞ വീട്ടമ്മയുടെ മരണത്തിന് ഉത്തരവാദി വസ്തുതാ വിരുദ്ധമായ പ്രഖ്യാപനം നടത്തി രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യ മന്ത്രിയാണെന്ന് കെപിസിസി ജനൽ സെക്രട്ടറി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.മോഹൻരാജ്, ഡിസിസി ഭാരാവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ഏഴംകുളം അജു, കെ.ജാസിം കുട്ടി, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, എം സി ഷെരീഫ്, റോജി പോൾ ഡാനിയേൽ, സിന്ധു അനിൽ, വിനീത അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധക്കാരെ തടയുവാൻ മന്ത്രിയുടെ ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിടുകയും പോലീസുമായ സംഘർഷമുമുണ്ടാകയുംഓഫീസിലേക്ക് ചാടിക്കടക്കുവാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകാരയ വിജയ് ഇന്ദുചൂഡൻ, നഹാസ് പത്തനംതിട്ട, നിതിൻ മണക്കാട്ടു മണ്ണിൽ, അലൻ ജിയോ മൈക്കിൾ, ഷിജു അറപ്പുരക്കൽ, ജോമി വർഗീസ്, അഖിൽ സന്തോഷ്, ടേറിൻ ജോർജ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയക്കണമെന്ന് ആവിശ്യപ്പെട്ട് നേതാക്കൾ സെൻട്രൽ സ്റ്റേഷൻ ഉപരോധിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: വർഗീസ് മാമ്മൻ
പത്തനംതിട്ട: സംസ്ഥാനത്തെ ആരോഗ്യ സംവിധാനം തകരാറിലാണെന്നു സ്വയം സമ്മതിക്കുകയും ഏറ്റവും അവസാനം കോട്ടയത്ത് ഒരു പാവപ്പെട്ട സ്ത്രീയുടെ ജീവൻ പോലും ബലികഴിക്കേണ്ടി വരികയും ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കേണ്ട മന്ത്രി വീണാ ജോർജ് അധികാരത്തിൽ തുടരുന്നത് ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളു സർക്കാർ ആശുപത്രികളും ഇന്ന് കേവലം നോക്കു കുത്തികളായി മാറിയിരിക്കുകയാണ് .ആരോഗ്യ മേഖലയിൽ പേരുകേട്ട സംസ്ഥാനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തിയതിന്റെ പൂർണ ഉത്തരവാദിത്വം ആരോഗ്യ മന്ത്രിക്കും വകുപ്പിനുമാണെന്നും ഇതേ മന്ത്രിയുടെ കീഴിൽ ആരോഗ്യവകുപ്പ് ജനങ്ങളുടെ ജീവനു തന്നെ വെല്ലുവിളിയായി മാറുകയാണെന്നും വർഗീസ് മാമ്മൻ പറഞ്ഞു.