കോതമംഗലം: വന്യമൃഗശല്യത്തിനെതിരെ കീരംപാറ കുട്ടന്പുഴ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. രണ്ട് പഞ്ചായത്തിലുൾപ്പെടുന്ന പുന്നേക്കാട്, തട്ടേക്കാട് റോഡിലും, വിവിധ പ്രദേശങ്ങളിലും നിരന്തരമായ കാട്ടാനകളുൾപ്പെടെയുള്ള വന്യമൃഗശല്യത്തിനെതിരെയായിരുന്നു പ്രതിക്ഷേധം.
ആർആർടിയെ മുഴുവൻ സമയവും നിയോഗിക്കുക, ഫെൻസിംഗ് പൂർത്തീകരിക്കുക, പുന്നേക്കാട് - തട്ടേക്കാട് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കുക. അടിക്കാട് വെട്ടുക, പ്ലാന്റേഷനിൽ തങ്ങുന്ന കാട്ടാനകളെ പുഴകടത്തി വനത്തിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
കീരന്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത്, കുട്ടന്പുഴ പഞ്ചായത്തു പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡന്റുമാരായ ബീന റോജോ, സൽമ പരീത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. സിബി, ഇ.സി. റോയി, മഞ്ജു സാബു, പഞ്ചായത്തംഗങ്ങളായ മാമച്ചൻ ജോസഫ്, ജോഷി പൊട്ടയ്ക്കൽ, എൽദോസ് ബേബി, കെ.എസ്. സനൂപ്, ബേസിൽ ബേബി എന്നിവരാണ് പുന്നേക്കാട് ഫോറസ്റ്റ് ഓഫീസിനു മുന്പിൽ കുത്തിയിരുപ്പു സമരം നടത്തിയത്.