ജനമനസുണർത്തി എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രതിഷേധാഗ്നി
അങ്കമാലി: ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീമാരായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരോട് ഐക്യദാർഢ്യമറിയിച്ചും,രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും ജനമനസുണർത്തി എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രതിഷേധാഗ്നിയിൽ ആയിരങ്ങൾ അണിനിരന്നു. അങ്കമാലി അടുത്ത കാലത്തൊന്നും കാണാത്ത വൻജനാവലിയാണ് പ്രതിഷേധ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തത്.
ഇന്നലെ വൈകുന്നേരം അഞ്ചിന് അങ്കമാലി കിഴക്കേ പള്ളിയില്‍ നിന്ന് ആരംഭിച്ച റാലി വികാരി ജനറാൾ റവ. ഡോ. ജോസ് പുതിയേടത്ത് ഫ്ളാഗ് ഓഫ് ചെയ്തു. കിഴക്കേ കപ്പേള വഴി ടൗണിലൂടെ അങ്കമാലി സെന്റ് ജോസഫ് സ്കൂള്‍ മൈതാനത്ത് റാലി സമാപിച്ചു. അതിരൂപതയിലെ വൈദികരും സമർപ്പിതരും ഇടവകകളിൽ നിന്നു വിശ്വാസികളും റാലിയിൽ മുദ്രാവാക്യങ്ങളുമായി അണിചേർന്നു.
അങ്കമാലി, കൊരട്ടി, കറുകുറ്റി, മൂഴിക്കുളം, മൂക്കന്നൂര്‍, മഞ്ഞപ്ര, വല്ലം, കാഞ്ഞൂര്‍ ഫൊറോനകളിലെ വിശ്വാസികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ അങ്കമാലി ബസിലിക്ക റെക്ടർ ഫാ.ലൂക്കോസ് കുന്നത്തൂര്‍ അധ്യക്ഷത വഹിച്ചു.
അതിരൂപത വികാരി ജനറാൾ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ, സിഎംസി പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ അഡ്വ. മെറിൻ, എഎസ്എംഐ പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ധന്യ ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗം മഞ്ജു ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.
ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലി
നെടുമ്പാശേരി: കരിപ്പാശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും സംഘടിപ്പിച്ചു. വികാരി ഫാ. ജോർജ് മാണിക്കത്താൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
വട്ടപ്പറമ്പ് കവലയിൽ എത്തിച്ചേർന്ന റാലിയിൽ പള്ളി ട്രസ്റ്റിമാരായ കെ.എ. ജോസ്, ജോൺസൺ കടേപ്പറമ്പിൽ, വൈസ് ചെയർമാൻ നൈജോ ഏബ്രഹാം, മദർ സുപ്പീരിയർ മരിയ ജോസഫ്, എന്നിവർ പ്രസംഗിച്ചു.
പ്രാർഥനാ ജ്വാല തെളിച്ചു
പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി അങ്കണത്തിൽ പ്രാർഥന ജ്വാല തെളിച്ചു. ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. നിവിൻ കളരിത്തറ, സെന്റ് ജോസഫ്സ് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ വിനീത, പാരീഷ് കൗൺസിൽ സെക്രട്ടറി സേവി വലിയമരത്തിങ്കൽ, ജോർജ് വർഗീസ്, തോമസ് കളത്തിൽ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ സദസും റാലിയും
അങ്കമാലി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിക്കെതിരെ കെസിവൈഎം എറണാകുളം - അങ്കമാലി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന സദസും റാലിയും നടത്തി. അങ്കമാലി കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സദസ് കെസിവൈഎം അതിരൂപത അസി. ഡയറക്ടർ ഫാ. എബിൻ ചിറക്കൽ ഉദ്ഘാടനം ചെയ്തു.
കെസിവൈഎം അതിരൂപത വൈസ് പ്രസിഡന്റ് മെൽവിൻ വിൽസൺ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സൂരജ് ജോൺസ് പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കറുകുറ്റി ഫൊറോന വികാരി ഫാ സേവ്യർ ആവള്ളിൽ, കറുകുറ്റി പഞ്ചായത്തംഗം റോയി ഗോപുരത്തിങ്കൽ, കെസിവൈഎം അതിരൂപത മുൻ പ്രസിഡന്റ് ജിസ്മോൻ ജോൺ, ജനറൽ സെക്രട്ടറി ജോസഫ് സാജു, കറുകുറ്റി ഫൊറോന പ്രസിഡന്റ് ഡിനോ പോൾ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ ജ്വാല തീർത്തു
ഫോർട്ടുകൊച്ചി: കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല റാലി നടത്തി. വികാരി ഫാ. ആന്റണി അഞ്ചുകണ്ടത്തിൽ, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോണി പുളിക്കിൽ, ഇടവക കൺവീനർ ടെനി തോമസ്, പീറ്റർ പുളിക്കിൽ, ജോർജ് മട്ടമ്മൽ, ശോഭാ ജോസഫ് കട്ടിക്കാട്ട് എന്നിവർ നേതൃത്വം നൽകി.
എംഎൽഎയുടെ ഏകദിന ഉപവാസം ഇന്ന്
ആലുവ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ചും ജയിൽ വാസമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖാപിച്ചും അൻവർ സാദത്ത് എംഎൽഎ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ആലുവ എംജി ടൗൺ ഹാളിനു സമീപമുള്ള ഗാന്ധി സ്ക്വയറിൽ ഉപവാസം അനുഷ്ടിക്കും.
തിരികത്തിച്ച് പ്രതിഷേധിച്ചു
കാലടി: ചുള്ളി സെന്റ് ജോർജ് പള്ളിയിൽ നടന്ന തിരികത്തിച്ച് പ്രതിഷേധം വികാരി ഫാ. ഷനു മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. കൈക്കാരൻമാരായ രാജു മറ്റത്തി, മനോജ് കാഞ്ഞൂക്കാരൻ, വൈസ് ചെയർമാൻ രാജു ചിറമേൽ, മദർ സുപ്പീരിയർ അഞ്ജന എന്നിവർ നേതൃത്വം നൽകി. പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചു.