മൂവാറ്റുപുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുന്നു. മൂവാറ്റുപുഴ മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സദസുകളും പ്രകടനങ്ങളും വായ്മൂടിക്കെട്ടി പ്രതിഷേധവും ധർണകളും നടന്നു.
സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നെഹ്റുവിന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധയോഗം നടത്തി. സിപിഐ സംസ്ഥാന കമ്മറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാകമ്മറ്റി അംഗങ്ങളായ എൽദോ ഏബ്രഹാം, കെ.എ. നവാസ് എന്നിവർ പ്രസംഗിച്ചു.
കൊച്ചി: ഛത്തീസ്ഗഡില്‍ നിരപരാധികളായ രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനെതിരെ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എം.പി. ജോസഫ്, ജോണി അരീക്കാട്ടില്‍, ബേബി വി. മുണ്ടാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാഴക്കുളം: മഞ്ഞളൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഴക്കുളത്ത് പ്രതിഷേധ സദസ് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.പി എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. മഞ്ഞള്ളൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി ജനറൽ സെക്രട്ടറി ഉല്ലാസ് തോമസ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുന്പളിക്കുനേൽ, ടോമി തന്നിട്ടമാക്കൽ, സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോർജ് പൊട്ടക്കൽ, മഞ്ഞള്ളൂർ പഞ്ചായത്തിലെ വിവിധ കോണ്‍വെന്റുകളിൽ നിന്നുള്ള കന്യാസ്ത്രീകൾ തുടങ്ങിയവർ പ്രസംഗിച്ചു.
ആം ആംദ്മി പാർട്ടി മൂവാറ്റുപുഴ നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കുളം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഐസക് പോൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിബിൻ റാത്തപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
കോതമംഗലം: ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച മലയാളി കന്യാസ്ത്രീകളെ കുറ്റ വിമുക്തരാക്കണമെന്ന് കോണ്‍ഗ്രസ്-എസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് സാജൻ അന്പാട്ട് അധ്യക്ഷത വഹിച്ചു. ബെന്നി ഐക്കരക്കുടി, സുനി മാത്യു, ബിനു പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
സിപിഐ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി. സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.റ്റി ബെന്നി അധ്യക്ഷത വഹിച്ചു.
പോത്താനിക്കാട്: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ അകാരണമായി കല്‍ത്തുറുങ്കിലടച്ച ഭരണകൂട ഭീകരതക്കെതിരെ പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പള്ളി ഇടവക സമൂഹത്തിന്റെ നേതൃത്വത്തില്‍ കറുത്ത റിബണ്‍ ഉപയോഗിച്ച് വായ് മൂടിക്കെട്ടി പ്രകടനവും ടൗണില്‍ പ്രതിഷേധ സംഗമവും നടത്തി. വികാരി ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. പള്ളി ട്രസ്റ്റി സെബാസ്റ്റ്യന്‍ പെരിങ്ങാരപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു.
പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വര്‍ഗീസ്, വൈസ് പ്രസിഡന്റ് ആശ ജിമ്മി, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് ഏബ്രഹാം, സെന്റ് തോമസ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഹിമ , ബ്ലോക്ക് പഞ്ചായത്തംഗം സാലി ഐപ്പ്, പഞ്ചായത്തംഗം വിന്‍സന്‍ ഇല്ലിക്കല്‍, ട്രസ്റ്റി ബിനീഷ് നമ്പ്യാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടവൂരില്‍ നടത്തിയ പ്രതിഷേധജ്വാലയും, വിശദീകരണയോഗവും കടവൂര്‍ സെന്റ്ജോര്‍ജ് പള്ളി വികാരി ഫാ. മാത്യു വടക്കുംപാടം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിന് ഏബ്രഹാം അധ്യക്ഷനായി. സിസ്റ്റര്‍ തെരേസ ജോര്‍ജ്, മാണി പിട്ടാപ്പിള്ളില്‍, ഷെജി ജേക്കബ്, ഇബ്രാഹിം ലൂഷാദ്, കെ.എം. ചാക്കോ, സിജോ ജോണ്‍, തുടങ്ങിയവർ പ്രസംഗിച്ചു.
കോതമംഗലം രൂപത പ്രതിഷേധ ധർണയും ജപമാല റാലിയും ഇന്ന്
തൊടുപുഴ: ഛത്തീസ്ഗഡിൽ എട്ടുദിവസമായി ജയിലിൽ കഴിയുന്ന രണ്ടു മലയാളി കന്യാസ്ത്രീകളുടെ ജയിൽമോചനം സാധ്യമാക്കുന്നതിനു കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് തൊടുപുഴയിൽ പ്രതിഷേധ ധർണയും ജപമാല റാലിയും നടത്തും. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരിക്കുന്നത്.
രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലും ആതുര ശുശ്രൂഷാരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അമൂല്യമായ സംഭാവനകളാണ് ക്രൈസ്തവ സഭയും മിഷനറിമാരും നടത്തുന്നത്. രൂപതയിലെ തൊടുപുഴ, മുതലക്കോടം, മാറിക, മൈലക്കൊന്പ്, കരിമണ്ണൂർ, മൂവാറ്റുപുഴ, വാഴക്കുളം, ആരക്കുഴ എന്നീ എട്ടു ഫൊറോനകളിലെ 64 ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ, വൈദികർ, സമർപ്പിതർ, ജനപ്രതിനിധികൾ, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലുള്ളവർ തുടങ്ങി നൂറുകണക്കിനാളുകൾ പ്രതിഷേധ റാലിയിൽ പങ്കെടുക്കും.
തൊടുപുഴ ഗാന്ധിസ്ക്വയറിൽ നിന്നും ആരംഭിക്കുന്ന ജപമാല റാലി ടൗണ്‍ ഫൊറോന പള്ളിയങ്കണത്തിൽ സമാപിക്കും. തുടർന്നു നടക്കുന്ന സമാപന സമ്മേളനം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാൾമാർ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് ടൗണ്‍ പള്ളി വികാരിയും സംഘാടക സമിതി ചെയർമാനുമായ ഫാ. ജോസ് പൊതൂർ അറിയിച്ചു.
വിവിധ ഇടവകകളിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഗാന്ധിസ്ക്വയറിൽ നിർത്തി ആളുകളെ ഇറക്കിയ ശേഷം തെനംകുന്ന് ബൈപ്പാസ് റോഡിൽ പ്രവേശിച്ച് ഹൈസ്കൂൾ ഗ്രൗണ്ട്, തെനംകുന്ന് പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.