ലാൽ സലാം പരിപാടിക്കിടെ ബൗൺസർ തടഞ്ഞെന്ന പ്രചാരണം; യാഥാർഥ്യം വെളിപ്പെടുത്തി നിർമാതാവ് ബാദുഷ
Saturday, October 11, 2025 10:26 AM IST
മോഹൻലാലിനെ ആദരിക്കുന്ന ലാൽ സലാം പരിപാടിക്കിടെ നിർമാതാവ് ബാദുഷയെ ബൗൺസർ തടഞ്ഞെന്ന രീതിയിൽ പ്രചാരണത്തിൽ വ്യക്തത വരുത്തി ബാദുഷ. ബൗൺസർ സുഭാഷ് സഞ്ജയ് തന്നെ തടഞ്ഞിട്ടില്ലെന്നും മറിച്ച് സഹായിക്കുകയാണ് ചെയ്തതെന്നും ബാദുഷ വ്യക്തമാക്കി.
മുഖ്യമന്ത്രി വരുന്നതിനാൽ പോലീസുകാരാണ് അകത്തേക്ക് കയറ്റിവിടാതെ തടഞ്ഞത്. താൻ പ്രൊഡ്യൂസറാണെന്നും ക്ഷണിച്ചിട്ട് വന്നതാണെന്നും സുഭാഷ് പോലീസുകാരെ പറഞ്ഞു മനസിലാക്കുകയായിരുന്നുവെന്നും ബൗൺസർക്കെതിരെ മോശം പരാമർശങ്ങൾ നടത്തുന്നത് നിർത്തണമെന്നും ബാദുഷ ആവശ്യപ്പെട്ടു.
""ശരിക്കും അദ്ദേഹം എന്നെ തടഞ്ഞിട്ടൊന്നുമില്ല. അദ്ദേഹം എന്നെ കയറ്റിവിടാനാണ് ശ്രമിച്ചത്. ഞാൻ ആരാണെന്ന് പോലീസുകാരോട് പറയുകയാണ് ചെയ്തത്. മുഖ്യമന്ത്രി വരുന്നതുകൊണ്ട് പോലീസാണ് ഞങ്ങളെ അകത്തേക്ക് വിടാതെ തടഞ്ഞുവച്ചത്. ഞാൻ പ്രൊഡ്യൂസറാണെന്നും ക്ഷണിച്ചിട്ട് വന്നതാണെന്നും ബൗൺസർ പോലീസുകാരെ പറഞ്ഞു മനസിലാക്കുകയായിരുന്നു.
ഞങ്ങൾ നിർബന്ധം പറഞ്ഞപ്പോൾ അദ്ദേഹത്തെയും പോലീസ് ഇറക്കിവിടുന്ന സ്ഥിതിയുണ്ടായി. അപ്പോൾതന്നെ സജി ചെറിയാൻ സാറിന്റെ പിഎസ് വന്ന് എന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ശരിക്കും ആ ബൗൺസർ നിരപരാധിയാണ്.
ഏതോ യുട്യൂബ് ചാനൽ അദ്ദേഹത്തെക്കുറിച്ച് മോശമായി പറയുന്നതു കണ്ടു. അദ്ദേഹമെന്നെ സഹായിക്കുകയാണ് ചെയ്തത്. തൊഴിലെടുത്ത് ജീവിക്കുന്നവരെ ഉപദ്രവിക്കരുത്''. ബാദുഷ പറഞ്ഞു.
ദാദാ സഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ ആദരിക്കാൻ കേരള സർക്കാർ നടത്തിയ ‘ലാൽസലാം’ എന്ന പരിപാടിയിലാണ് സംഭവം അരങ്ങേറിയത്. നിർമാതാവ് ബാദുഷയെ പോലീസ് തടയുന്നതും ബൗൺസർ സുഭാഷ് പോലീസുകാരോട് സംസാരിക്കുന്നതുമായ വീഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്.
ബൗൺസർ സുഭാഷാണ് ബാദുഷയെ തടഞ്ഞത് എന്ന രീതിയിലായിരുന്നു പ്രചാരണം. ഇതിനുപിന്നാലെ ബൗൺസർക്കെതിരെ വലിയ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.