ടെക്‌നോപാര്‍ക്കില്‍ നിന്നു കൃത്യത കൃഷിയിലേക്ക്
ടെക്‌നോപാര്‍ക്കില്‍ നിന്നു കൃത്യത കൃഷിയിലേക്ക്
Saturday, August 24, 2019 3:13 PM IST
എംകോം ഫിനാന്‍സിനുശേഷം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കമ്പനിയില്‍ ഫിനാഷ്യല്‍ അനലിസ്റ്റായിരിക്കുന്ന സമയം. അവിടെ താന്‍ താമസിക്കുന്ന വീട്ടിലെ ടെറസില്‍ കൃഷി ചെയ്തായിരുന്നു തുടക്കം. പാലക്കാട് ഇളവംപാടം പന്തലത്തു വീട്ടില്‍ സനലിന്റെ മനസില്‍ കൃഷിയുടെ വിത്തുകള്‍ മുളയ്ക്കുന്നതങ്ങനെ. കൃഷിതാത്പര്യം വര്‍ധിച്ചപ്പോള്‍ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടെയാണ് 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സിനിമകാണുന്നത്. ഇതിനുശേഷം കൃഷി ഒരാവേശമായി. ഇതിനിടെ തിരുവനന്തപുരം സമേതിയില്‍ ഇടയ്ക്കിടക്ക് സന്ദര്‍ശനമായി. അവിടെ പോളിഹൗസ് കൃഷിയുടെ ചുമതല വഹിച്ചിരുന്ന ഓഫീസറുമായുള്ള ചങ്ങാത്തം കൃഷിയിലേക്ക് വേരിറക്കി. ജോലി രാജിവച്ച് കൃഷി തുടങ്ങണമെന്ന കടുത്തതീരുമാനത്തില്‍ നിന്നു പിറകോട്ടു പോയില്ല. വീടിനു സമീപത്തുള്ള ഒരേക്കര്‍ പച്ചക്കറികൃഷിക്കായി തയാറാക്കിയായിരുന്നു തുടക്കം.

പാടം ശരിയാക്കി കുമ്മായമിട്ട് ഉഴുതു. ചാല്‍കീറി. കോണ്‍ക്രീറ്റ് തൂണും കമ്പിയുമുപയോഗിച്ച് സ്ഥിരം പന്തലുണ്ടാക്കി. ജലസേചനത്തിനായി ഡ്രിപ് ഇറിഗേഷന്‍ സംവിധാനം സ്ഥാപിച്ചു. യുവി ഷീറ്റുപയോഗിച്ച് മള്‍ച്ചിംഗും(തടം മൂടുന്നത്) നിര്‍ മിച്ചു. ഇത്തരത്തി ല്‍ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗാണ് സനല്‍ കൃഷിയിടത്തില്‍ നടപ്പാക്കിയത്. നിലമുഴുത് ബെഡ് എടുത്ത് ഇതിന്റെ നടുവില്‍ ചാലുണ്ടാക്കി ചാണകം, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയിട്ട് ബെഡ്ഡുമൂടി. ഇതിനുമുകളില്‍ ഡ്രിപ് ഇറിഗേഷന്‍ പൈപ്പുസ്ഥാപിച്ചു. ഇത് മള്‍ച്ചിംഗ് ഇട്ട് മൂടിയാണ് കൃഷി തുടങ്ങുന്നത്. 30 മൈക്രോണ്‍ ഘനവും അഞ്ചടി വീതിയുമുള്ള യുവി ഷീറ്റാണ് മള്‍ച്ചിംഗിനുപയോഗിക്കുന്നത്. മൊത്തം 38 ബെഡ്ഡുകള്‍ ഇത്തരത്തില്‍ തയാറാക്കി. പടവലം, മത്തന്‍, പാഷന്‍ഫ്രൂട്ട്, കോവല്‍ തുടങ്ങിയവയെല്ലാം മാറിമാറി നട്ട് പന്തലിലേക്കു പടര്‍ത്തി. തക്കാളിയും പച്ചമുളകും ചിലബെഡ്ഡുകളില്‍ നട്ടു. ഒന്നാം വിളവെടുപ്പില്‍ തന്നെ എല്ലാവിളകളും കൂട്ടി 15-20 ടണ്‍ പച്ചക്കറി വിളഞ്ഞു. വേനല്‍ക്കാലത്ത് ദിവസം രണ്ടുമണിക്കൂര്‍ ജലസേചനം നടത്തി. മഴക്കാലത്ത് അതിനനുസരിച്ച് ജലസേചനം കുറയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യും.

വര്‍ഷം മൂന്നു കൃഷി

മേയ്- ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍, ജനുവരി-ഏപ്രില്‍ കാലങ്ങളിലായി മൂന്നു കൃഷിയാണ് നടക്കുന്നത്. വര്‍ഷം മുഴുവന്‍ പച്ചക്കറിയുള്ളതിനാല്‍ ഡിമാന്‍ഡ് താഴെ പോകുന്നില്ല. പ്രോട്രേയില്‍ പാകി കിളിര്‍പ്പിച്ച തൈയാണ് നടീല്‍ വസ്തു. വിത്തിട്ടു മുളച്ചുവരുന്നതിനുള്ള കാലതാമസം അങ്ങനെ ഒഴിവായിക്കിട്ടുന്നു.


സമ്മിശ്ര വളപ്രയോഗം

രാസ- ജൈവവളങ്ങള്‍ സമ്മിശ്രമായാണ് കൃഷിത്തോട്ടത്തിലുപയോഗിക്കുന്നത്. ജലസേചനത്തോടൊപ്പം വളം കൂടി നല്‍കുന്നരീതിയാണ് അവലംബിക്കുന്നത്. 19-19-19, പൊട്ടാസ്യം നൈട്രേറ്റ്, യൂറിയ, മോണോ അമോണിയം ഫോസ്‌ഫേറ്റ്, കാല്‍സ്യം നൈട്രേറ്റ് എന്നിവ കൃത്യമായ ഷെഡ്യൂളില്‍ 10 ദിവസ ഇടവേളകളില്‍ നല്‍കുന്നു. 30 കിലോ ചാണകം, ഒരുപിടി മണ്ണ്, തേങ്ങാവെള്ളം, 10 കിലോ കടലപ്പിണ്ണാക്ക് അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് എന്നിവയെവല്ലാം ചേര്‍ത്ത് പുളിപ്പിച്ച ജൈവലായനി രണ്ടാഴ്ചയിലൊരിക്കല്‍ നല്‍കുന്നു. മത്തി, ശര്‍ക്കര മിശ്രിതം ഇടയ്ക്കു നല്‍കും.

കീടനിയന്ത്രണം, വിളവെടുപ്പ്

നട്ട് 45-60 ദിവസത്തിനുള്ളില്‍ വിവിധ വിളകള്‍ വിളവെടുപ്പു പ്രായമെത്തും. ഇക്കാലയളവിലുണ്ടാകുന്ന കീട ആക്രമണങ്ങള്‍ തടയാന്‍ ഫിറമോണ്‍ കെണി, സോളാര്‍ ലൈറ്റ് ട്രാപ്പ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വൈകിട്ട് ഏഴുമുതല്‍ ഒമ്പതുവരെയാണ് ശത്രുകീടങ്ങള്‍ കൃഷിയിടം സന്ദര്‍ശിക്കുന്നത്. ഇവയെക്കുരുക്കാന്‍ ഈസമയത്താണ് ലൈറ്റ് ട്രാപ്പ് പ്രവര്‍ത്തിക്കുക. ഇതിനുശേഷം ഓട്ടോമാറ്റിക്കായി ഇത് ഓഫാകും. പിന്നീട് എത്തുന്ന മിത്രകീടങ്ങള്‍ക്ക് കൃഷിയിടത്തില്‍ വ്യാപരിക്കാനും വിളവര്‍ധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഈ ക്രമീകരണം അവസരമൊരുക്കും. സ്യൂഡോമോണസ്, ബ്യുവേറിയ മുതലായ മിത്രജീവാണു പ്രയോഗവും കീടങ്ങളെ അകറ്റുന്നു.

അത്യുത്പാദനശേഷിയുള്ള വിളകള്‍

മഹികോ കമ്പനിയുടെ മത്തന്‍, സണ്‍ഗ്രോ കമ്പനിയുടെ കുമ്പളം, ഹൈവെജ് സീഡിന്റെ ഷോട്ട് ആന്‍ഡ് വൈറ്റ് പടവലം, നാംധാരിയുടെ പാവല്‍ തുടങ്ങി അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളാണ് സനല്‍ കൃഷിക്കുപയോഗിക്കുന്നത്. അര്‍ക്കാ മംഗള ഇനത്തില്‍പ്പെട്ട പയര്‍കൃഷിചെയ്യുന്നു. ഏത്തവാഴ, പൂവന്‍ എന്നിവയും കൃഷിചെയ്യുന്നുണ്ട് സനല്‍. മൊത്തം അഞ്ചേക്കറിലാണ് കൃഷി. വാഴയ്ക്കിടവിളയായി ചേന നട്ടിരിക്കുന്നു. 40 സെന്റില്‍ റബറും കൃഷി ചെയ്യുന്നു. ഭാര്യ ശ്രുതി,അച്ഛന്‍ പി. സുന്ദരന്‍, അമ്മ രമാദേവി, മകന്‍ ആയുഷ് എന്നിവരെല്ലാം സനലിനൊപ്പം കൃഷിയില്‍ സജീവമാണ്. വിഎഫ്പിസികെ, ആലത്തൂര്‍ ബ്ലോക്ക് ജൈ വകര്‍ഷക സമിതി എന്നിവ വഴിയൊക്കെയാണ് പച്ചക്കറി വിപണനം. ഫോണ്‍: സനല്‍- 98479 17914.

ടോം ജോര്‍ജ്‌