ഈ ഏദൻ തോട്ടത്തിൽ മാവുകൾക്ക് ഉഷാകാലം
Wednesday, August 6, 2025 5:47 PM IST
ആശയം മകളുടേത്. യാഥാർഥ്യമാക്കിയത് അമ്മ. ഒരു ഫാം (കൃഷിത്തോട്ടം) വേണമെന്ന ആഗ്രഹം രണ്ടാമത്തെ മകൾ റെയ്ച്ചലാണ് ഉന്നയിച്ചത്. വീട്ടമ്മയായ ബ്ലെയ്സി ജോർജ് (ഉഷ) അത് പ്രാവർത്തികമാക്കിയപ്പോൾ കൊല്ലം നീണ്ടകര ദളവപുരം അന്പിളിമുക്കിലെ നാലര ഏക്കർ സ്ഥലത്ത് "ഏദൻതോട്ടം' എന്ന ഫാം യാഥാർഥ്യമായി.
മാവുകൾക്കാണ് ഇവിടെ പ്രാധാന്യം. സ്വദേശികളും വിദേശികളുമായി നൂറോളം ഇനം മാവുകൾ. ഇതിനൊപ്പം മറ്റു പഴവർഗങ്ങളും പച്ചക്കറികളും പശു, ആട്, കോഴി, താറാവ് തുടങ്ങിയവയും ഫാമിലുണ്ട്.
മാന്പഴങ്ങളുടെ ആസ്വാദ്യകരമായ മാധുര്യമാണു തോട്ടത്തിൽ അവയ്ക്കു പ്രാധാന്യം നൽകാൻ ബ്ലെയ്സിയെ പ്രേരിപ്പിച്ചത്. ഇത്രയേറെ മാവ് ഇനങ്ങൾ സംഘടിപ്പിച്ചു നട്ടു വളർത്താൻ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചു.
നാടൻ മാവ് ഇനങ്ങളോട് പ്രത്യേക കരുതലുള്ള ബ്ലെയ്സി, അവയുടെ സംരക്ഷകയും പ്രചാരകയുമാണ്. അപൂർവ ഇനം നാടൻ മാവുകളുടെ കന്പ് ശേഖരിച്ചു ഫാമിൽ കൊണ്ടുവന്ന് ഗ്രാഫ്റ്റ് ചെയ്താണു തൈകൾ ഉത്പാദിപ്പിക്കുന്നത്.
സുഹൃത്തുക്കളും കർഷക ഗ്രൂപ്പുകളുമാണ് നാടൻ മാവുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്. വംശനാശം നേരിടുന്ന പല ഇനം നാടൻ മാവുകളും ഏദൻതോട്ടത്തിലുണ്ട്.
വിദേശ മാവിനങ്ങൾ ശേഖരിക്കുന്നതു പ്രധാനമായും ഉത്തരേന്ത്യൻ യാത്രകളിലൂടെയാണ്. അന്തർദേശീയ നിലവാരമുള്ള നഴ്സറികളിൽ നിന്ന് അപൂർവ ഇനം വിദേശമാവ് ഇനങ്ങൾ വരുത്തുന്നുമുണ്ട്.
വിദേശ മാവ് ഇനങ്ങൾ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമാണെന്നും നല്ല വിളവ് നൽകുമെന്നും ബ്ലെയ്സി ജോർജ് ചൂണ്ടിക്കാട്ടി. മാത്രമല്ല, വിദേശ മാവ് ഇനങ്ങൾ കേരളത്തിൽ വളർത്തിയാൽ മാങ്ങകൾക്കു വിദേശത്ത് ലഭിക്കുന്നതിനേക്കാൾ രുചിയും മധുരവും ഏറും.
മാവ് മരങ്ങളായി വളരുമെന്ന സങ്കല്പം പോലും ഏദൻ തോട്ടത്തിലില്ല. ഗ്രോ ബാഗുകളിൽ ടെറസിലോ ഡ്രമ്മുകളിൽ വീട്ടുമുറ്റത്തോ മാവ് വളർത്താം. നട്ട് രണ്ട് വർഷം കഴിയുന്പോൾ മുതൽ മാങ്ങ പിടിച്ചു തുടങ്ങും. കായ്ച്ച മാവിൻ തൈകൾക്ക് ആവശ്യക്കാരേറെ.
ഇത്തരം തൈകൾ വാങ്ങുന്നവരിൽ കൂടുതലും ഡോക്ടർമാരാണ്. പ്രൂണിംഗ് നടത്തി അമിത വളർച്ച നിയന്ത്രിച്ചാണു തൈകൾ പരിപാലിക്കുന്നത്. വിപണനശാലയായ ന്ധഫാംസ്റ്റോറി’ യുടെ ടെറസ് മുഴുവൻ ഗ്രോ ബാഗുകളിലും ഡ്രമ്മുകളിലും വളർന്നു നിൽക്കുന്ന മാവിൻ തൈകളാണ്.
ബഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തുമാണ് പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നത്. ന്ധസൂപ്പർ ഗ്രാഫ്റ്റിന്ധലും 2021 ലെ സംസ്ഥാന സർക്കാരിന്റെ കർഷകതിലക പുരസ്കാര ജേതാവായ ബ്ലെയ്സി വിജയം നേടിക്കഴിഞ്ഞു.
ഐശ്വര്യമായി മിയാസാക്കി
പൊന്നിന്റെ വിലയുള്ള മിയാസാക്കി മാവാണ് ഏദൻ തോട്ടത്തിന്റെ ഐശ്വര്യം. ഒരു കിലോ മാങ്ങയ്ക്ക് ലക്ഷത്തിലധികം രൂപ വരെ ലഭിക്കുമത്രേ! അതിന്റെ കായ്ച്ചു തുടങ്ങിയ രണ്ട് തൈകൾ ഇവിടെയുണ്ട്.
വിദേശികളിൽ പ്രധാനിയായ മറ്റൊരിനമാണ് ബനാന മാംഗോ. പേരു പോലെ തന്നെ നല്ല നീളവും വലിപ്പമുള്ള മാങ്ങയാണിത്. മഹാചെനക് എന്നും പേരുണ്ട്. നല്ല മധുരമുള്ള നാരില്ലാത്ത മാങ്ങ എന്ന പ്രത്യകതയും ഇതിനുണ്ട്.
അര കിലോവരെ തൂക്കം വരുന്ന ഇതു മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിൽ രണ്ട് ഇനങ്ങളുണ്ട്. ഒരു കുലയിൽ ഒന്നു മുതൽ നാല് വരെ മാങ്ങ പിടിക്കും.
നാംടേക്കു മൂവൻ വിദേശ ഇനമാണ്. തീരെ പുളിയില്ലാത്ത ഇതു പച്ചയ്ക്കും രുചിയോടെ കഴിക്കാം. നാര് തീരെയില്ല. പഴുത്താൽ നല്ല മധുരവുമുണ്ട്. മഞ്ഞ ഇനമാണ് ഏദൻതോട്ടത്തിലുള്ളത്. ഒരു മാങ്ങ ഒരു കിലോ വരെ തൂക്കം വയ്ക്കും.
ആർ2 ഇ2 എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ റെഡിനും ഒട്ടും നാരില്ല. ഒന്നര കിലോവരെ വരും ഒരു മാങ്ങയ്ക്ക് തൂക്കം വയ്ക്കും. ജെംറോ റെഡ് എന്നും ഇതറിയപ്പെടും. വിദേശിയായ സൂഷൻ ക്യൂൻ ഒന്നര കിലോ വരെ തൂക്കം വരുന്ന മാങ്ങയാണു സമ്മാനിക്കുന്നത്.
നല്ല മഞ്ഞ നിറമാണ്. നാരില്ല. നല്ല നീളവുമുണ്ട്. ബ്ലാക്ക് റോസ് വലിയ ഉണ്ട മാങ്ങയാണ്. റെഡ് ഐവറി, ഗ്രേപ്പ് മാംഗോ, ഉറുവിൻറെഡ്, ബ്ലാക്ക് മാംഗോ, ഹോംസിയാംഗ്, റെഡ് സ്പാർക്കിൾ, ഡോണിയ, റെഡ് സ്പാർക്കിൻ, ബ്രൂണോ കിംഗ്, കാറ്റി മോൻ, കെൻസാ റോഡ്, ആപ്പിൾ റുമാനി, ചില്ലി മാംഗോ, ബംഗയ പോൾ... അങ്ങനെ പോകുന്നു ഏദൻതോട്ടത്തിലെ വിദേശ മാവുകൾ
നാരങ്ങയുടെ രുചിയുള്ള, നാരില്ലാത്ത ഹിമപസന്ത് വലിയ മാങ്ങയാണ്. എന്നാൽ, കാലാപ്പാടി ചെറുതെങ്കിലും നല്ല മധുരവും നാരില്ലാത്തതുമാണ്. മാവ് നിറയെ മാങ്ങ പിടിക്കും. പുഴുശല്യം തെല്ലും ബാധിക്കാറുമില്ല. ചക്കരക്കട്ടി ചെറിയ ഉണ്ട മാങ്ങയാണ്.
കുലയോടെയാണ് മാങ്ങ പിടിക്കുന്നത്. മാംഗോ ജൂസിനു മാത്രം ഉപയോഗിക്കുന്ന തോത്താപ്പൂരി, മല്ലിക, കൊളന്പ്, സിന്ദൂരം, ബങ്കനപ്പള്ളി, മൾഗോവ, നീലം, രണഗിരി അൽഫോണ്സ, പ്രിയോർ, ജഹാംഗീർ, ജവാരി, സുന്ദരി... ഇങ്ങനെ പോകുന്നു ഇന്ത്യൻ വംശജർ.
കേരളത്തിന്റെ തനത് ഇനങ്ങളിൽപ്പെട്ട കോട്ടപ്പറന്പൻ, കോട്ടൂർക്കോണം, കർപ്പൂരം, മൂവാണ്ടൻ, കിളിചുണ്ടൻ, പഞ്ചവർണം, കരട്ടി കരിനീലം, ചെങ്കവരിക്ക, കുറ്റിയാട്ടൂർ, കണ്ടം പെയ്ത് തുടങ്ങിയവയും ഏദൻതോട്ടത്തെ സന്പന്നമാക്കുന്നു.
മാവ് കൃഷി ശാസ്ത്രീയമായി നടത്തുന്നു എന്നു മാത്രമല്ല മാങ്ങയിൽ നിന്നും നിരവധി മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കി വിപണനം നടത്തുകയും ചെയ്യുന്നുണ്ട് ഈ മാന്പഴ വനിത.
ഇതിന്റെ പ്രചരണ വിപണനത്തിനായി മാംഗോ ഫെസ്റ്റും സംഘടിപ്പിക്കാറുണ്ട്. കൃഷി പ്രോത്സാഹനത്തിനായി വർഷം തോറും പുരസ്കാരങ്ങൾ നൽകാനും ബ്ലെയ്സി ജോർജ് ശ്രദ്ധിക്കുന്നു.
പാലക്കാട്ട് തെങ്ങിൻ തോട്ടം
പാലക്കാട് ജില്ലയിലെ എരുത്തിയാംപതിയിൽ 25 ഏക്കർ തെങ്ങിൻ തോട്ടമുണ്ട്. അടുത്തകാലത്തായി ഇവിടെ മാവ് കൃഷിയും സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇവിടെ നിന്നും ഒന്നര ടണ് മാങ്ങ സംസ്ഥാന ഹോർട്ടി കൾച്ചറൽ മിഷൻ വാങ്ങിയിരുന്നു.
എരുത്തിയാംപതിയിൽ നിലക്കടല, എള്ള്, മുതിര, മഞ്ഞൾ എന്നിവ വൻതോതിൽ ഇടവിളയായും കൃഷി ചെയ്യുന്നുണ്ട്. ജാതി, മുരിങ്ങ, പപ്പായ ശീമചക്ക തുടങ്ങിയവയും ഇവിടെയുണ്ട്. പച്ചമുളക് ഉൾപ്പെടെയുള്ള പച്ചക്കറി വിഭവങ്ങളും കൃഷി ചെയ്യുന്നു.
ഇരുപത് വർഷമായി കാർഷികരംഗത്ത് സജീവമാണ് ബ്ലെയ്സി ജോർജ്. മാവ് കൃഷിയിൽ മനസ് ലയിപ്പിച്ചിട്ട് അഞ്ചു വർഷത്തിലേറെയായി.
കൃഷി രീതിയും വളപ്രയോഗവും
ഗ്രാഫ്റ്റിംഗ് നടത്തിയ തൈകൾ ഗ്രോ ബാഗുകളിലാണു നടുന്നത്. അടിസ്ഥാന വളം മണ്ണുമായി മിക്സ് ചെയ്താണു ഗ്രോ ബാഗുകളിൽ നിറയ്ക്കുന്നത്. അതിനുമുന്പ് മണ്ണ് പരിശോധന നടത്തും.
വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, എല്ലുപൊടി എന്നിവയുടെ മിശ്രിതമാണ് അടിസ്ഥാന വളം. മത്സ്യവും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഫിഷ് അമിനോയും വളമായി ഉപയോഗിക്കും. മഴക്കാലത്ത് രാസവളമായ 16:16:16 നൽകും.
ഗ്രോ ബാഗുകളിൽ വളരുന്ന തൈകളുടെ വേരുകൾ ഉപരിതലത്തിലേക്ക് വളർന്നാൽ ഗ്രോബാഗിലെ മേൽമണ്ണ് ചുരണ്ടി മാറ്റി പുറത്തേക്ക് വന്ന വേരുകൾ മുറിച്ചു മാറ്റും. പിന്നീട് വളവും മണ്ണും മിക്സ് ചെയ്തു വീണ്ടും ഗ്രോ ബാഗുകൾ നിറയ്ക്കും.
കപ്പലണ്ടി പിണ്ണാക്ക്, മഞ്ഞൾ പൊടി, ശർക്കര, തേയില, തൈര് എന്നിവ നന്നായി മിക്സ് ചെയ്തു ഏഴ് ദിവസം വച്ചശേഷം ലിറ്ററിന് 20 ഇരട്ടി വെള്ളവും ചേർത്താണ് വളമായി ഉപയോഗിക്കുന്നത്. ഇത് സെപ്റ്റംബർ മാസത്തിനു മുന്പു ചെയ്യും.
മൈക്രോ ന്യൂട്രീഷ്യനായി ഫിഷ് അമിനോയും നല്കും. തുരിശും ചുണ്ണാവും ചേർത്തുണ്ടാക്കുന്ന ബോഡോ മിശ്രിതമാണ് പ്രധാന കീടനാശിനി. രാസ കീടനാശിനികൾ അങ്ങനെ ഉപയോഗിക്കാറില്ല.
ഫംഗസുകളാണ് സാധാരണ മാവുകളെ ബാധിക്കുന്നത് കീടനിയന്ത്രണത്തിന് മാന്പഴ കെണിയും ഫ്രൂട്സ് കെണിയുമുണ്ട്. ഒരു കെണിക്ക് 25 ഓളം മാവുകളെ സംരക്ഷിക്കാൻ കഴിയും. മാവുകൾക്കു ചൂടും ചൂടും വെളിച്ചവും കാറ്റും അത്യാവശ്യമാണ്.
ചില്ലകൾ അതിനു തടസമാകുന്നുണ്ടെങ്കിൽ മുറിച്ചു മാറ്റും. ഉണ്ണി മാങ്ങകൾ കൊഴിഞ്ഞു വീണാൽ വാരിക്കുട്ടി വെള്ളത്തിലിട്ട് നശിപ്പിക്കും. ഇവ ചുവട്ടിൽ കിടന്നാൽ പുഴുശല്യം ഉണ്ടാകും.
മാവിൻ ചുവട്ടിൽ കരിയിലകൾ വീണു കിടക്കാൻ അനുവദിക്കില്ല. ഡിസംബറിന് മുന്പ് തന്നെ അവ ശേഖരിച്ച് ദൂരെ കൊണ്ടുപോയി കത്തിച്ചുകളയും. കീടനിയന്ത്രണത്തിന് മാവുകളുടെ ചുവടും പരിസരവും ശുചിയായും വൃത്തിതായും സൂക്ഷിക്കേണ്ടതുണ്ട്.
ഏക്കറിൽ 380 മാവ് എന്നതാണ് ബ്ലെയ്സിയുടെ കണക്ക്. അവക്കാഡോ, അബിയു, പേര, പാക്കിസ്ഥാൻ മൾബറി, ഇന്ത്യൻ മുസംബി, മക്കൊട്ടദേവ, തുടങ്ങിയ പഴ സസ്യങ്ങളുടെ വിപുലമായ കൃഷിയും ഏദനിലുണ്ട്.

മൂല്യവർധിത ഉത്പന്നങ്ങൾ
മാന്പഴ പായസം, മാംഗോതേര, സ്ക്വാഷ്, ജാം, ഹൽവ, ജൂസ്, അച്ചാർ, മാങ്ങ ഇഞ്ചി, കണ്ണിമാങ്ങ അച്ചാർ എന്നിവയാണ് മാങ്ങ കൊണ്ടുള്ള പ്രധാന മൂല്യവർധിത ഉത്പന്നങ്ങൾ.
ജാതിക്കയുടെ തോട് ഉപയോഗിച്ചുണ്ടാക്കുന്ന ജാതി കാന്റി, മക്കൊട്ടദേവ ഉണക്കിയത്, നട്ബഗ്, മഞ്ഞൾ പൊടി കുരുമുളക് പൊടി, നെയ്യ്, വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ തുടങ്ങിയവയുമാണ് പ്രധാനമായും ഏദൻതോട്ടത്തിൽ നിന്നും വിപണിയിലെത്തുന്നത്.
വിപണനത്തിനായി ഒരു വാട്സാപ് ഗ്രൂപ്പുണ്ട്. വിൽക്കാനുള്ള പച്ചക്കറികൾ, മുട്ട, ചീര, പാൽ ഉത്പന്നങ്ങൾ, മാങ്ങ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ലിസ്റ്റ് ദിവസവും രാവിലെ ഗ്രൂപ്പിലിടും. ആവശ്യക്കാർ ദളവപുരത്തെ ദി ഫാം സ്റ്റോറി എന്ന ഒൗട്ട്ലെറ്റിൽ എത്തി വാങ്ങും.
ഹോർട്ടികോർപ്
വിപണനത്തിൽ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷന്റെ സഹായം വളരെ വലുതാണെന്ന് ബ്ലെയ്സി ജോർജ് പറയുന്നു. കഴിഞ്ഞ വർഷം ഹോർട്ടി കോർപ്പ് എരുത്തിയാംപതി ഏദൻതോട്ടത്തിൽ നിന്ന് ഏറ്റെടുത്തത് ഒന്നര ടണ് മാന്പഴമാണ്.
പ്രതിഭ ഇനം മഞ്ഞളാണ് അവിടെ കൃഷി ചെയ്യുന്നത്. ഇതിൽ നിന്നുണ്ടാക്കുന്ന മഞ്ഞൾ പൊടിയും പച്ചക്കറികളും ഹോർട്ടികോർപ്പ് ഏറ്റെടുത്ത് വിപണനം ചെയ്തു സഹായിക്കുന്നുണ്ട്. വെജിറ്റബിൽ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്സിൽ ഓഫ് കേരള (വിഎഫ്പിസികെ)യും വിപണനത്തിൽ ഏറെ സഹായിക്കുന്നുണ്ട്.
സുഗന്ധദ്രവ്യങ്ങൾ, കുരുമുളക്, മാവ് എന്നീ കൃഷികൾ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി ഹോർട്ടി കോർപ്പ് സഹായങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു. മണ്ണിര കന്പോസ്റ്റിന് സഹായവും അനുവദിച്ചു.
എരുത്തിയാംപതി ഏദൻതോട്ടത്തിൽ വിപുലമായ ആട്, പശു വളർത്തലുണ്ട്. ഇവിടെ കനേഡിയൻ പിഗ്മി ഇനത്തിൽപ്പെട്ട 150 ഓളം ആടുകളുണ്ട്. ദളവപുരത്തെ ഏദൻതോട്ടത്തിൽ വെച്ചൂർ, കൃഷ്ണ തുടങ്ങിയ നാടൻ പശുക്കളുമുണ്ട്.
അബുദാബിയിൽ ബിസിനസുകാരനായ ഭർത്താവ് ജോർജ് ജോസഫിന്റെ പിൻബലത്തിലാണ് ബ്ലെയ്സി തന്റെ കാർഷിക മേഖല ശക്തിപ്പെടുത്തുന്നത്. 30 വർഷത്തോളം ഭർത്താവിനൊപ്പം അബുദാബിയിലായിരുന്ന ബ്ലെയ്സി, തിരിച്ചെത്തിയ ശേഷമാണ് കൃഷിയിൽ സജീവമായത്.
മൂത്ത മകൾ ഡോ. രചനയും ഭർത്താവ് ഡോ. ജിജു തോമസും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നു. ഇളയ മകൾ റെയ്ച്ചലും ഭർത്താവ് പൃഥിരാജും വ്യവസായ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലാണ്. എഞ്ചിനിയറായ മകൻ റെയ്നോൾഡ് ഗൾഫിലും.
ഫോണ്: 7356864896, 9633664896.