ഓണ്‍ലൈന്‍ പഠനം: ആശങ്കയുമായി അമ്മമാര്‍
ഓണ്‍ലൈന്‍ പഠനം: ആശങ്കയുമായി അമ്മമാര്‍
Monday, August 24, 2020 4:50 PM IST
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. മക്കള്‍ക്ക് ടിവിയും മൊബൈല്‍ ഫോണും വിലക്കിയിരുന്ന നമ്മളില്‍ പലരും ഇന്ന് അവ മക്കളെ ഏല്‍പ്പിച്ചിട്ടാണ് തൊഴിലിടങ്ങളിലേക്ക് പോകുന്നത്. മക്കള്‍ ഈ ഉപാധികളെല്ലാം പഠനത്തിന് തന്നെയായിരിക്കുമോ ഉപയോഗിക്കുന്നതെന്ന ചിന്ത പല അമ്മമാരെയും അലട്ടുന്നുണ്ടെന്ന സത്യം പറയാതെ വയ്യ.

ഒരു മണിക്കൂര്‍ പഠനം അടുത്ത ഒരു മണിക്കൂര്‍ ഗെയിം കളി

അടുത്തിടെ പന്ത്രണ്ടുകാരനുമായി മാതാപിതാക്കള്‍ എന്നെ കാണാന്‍ വന്നു. ഓണ്‍ലൈന്‍ പഠനത്തിനായി മകന്‍ ഉന്നയിച്ച ആവശ്യത്തില്‍ നന്നേ വിഷമിച്ചിരിക്കുകയാണ് ആ മാതാപിതാക്കള്‍. ഒരു മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസിനിരുന്നാല്‍ അടുത്ത ഒരു മണിക്കൂര്‍ ഗെയിം കളിക്കാനായി ഫോണ്‍ നല്‍കണമെന്നായിരുന്നു ആ പന്ത്രണ്ടുകാരന്റെ ആവശ്യം. ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ലെങ്കില്‍ ക്ലാസില്‍ പങ്കെടുക്കാതെ ഇരിക്കും.

പത്തുവയസുള്ള മകന്റെ കൈയില്‍ ഫോണ്‍ ഏല്‍പിച്ചു ജോലിക്കു പോയാല്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുമോയെന്നായിരുന്നു ഉദ്യോഗസ്ഥ ദമ്പതികളായ മറ്റൊരു അമ്മയുടെ ആശങ്ക. പതിനഞ്ചുകാരിയായ മകള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ സൗഹൃദങ്ങള്‍ തേടി പോയാലോയെന്ന് ആശങ്കപ്പെട്ട അമ്മയുമുണ്ട്.

വൈരുധ്യാത്മക സാഹചര്യം

ടിവി കാഴ്ച കുറയ്ക്കൂ, മൊബൈല്‍ ഗെയിം കളിക്കല്ലേ തുടങ്ങി ഈ സാമഗ്രികളില്‍ മക്കള്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയിരുന്ന മാതാപിതാക്കളാണ് ഇന്ന് പഠിക്കാന്‍ വേണ്ടി ഇവയെ ആശ്രയിക്കാന്‍ മക്കളോട് പറയുന്നത്. ആ നിര്‍ദേശം കുട്ടികള്‍ പഠനത്തിനുവേണ്ടി മാത്രമാണോ ഉപയോഗിക്കുക അതോ ഈ വക സാമഗ്രികള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമായി കാണുമോയെന്ന ആശയക്കുഴപ്പം മുന്നിലുണ്ട്.നിയന്ത്രണങ്ങളില്‍ നിന്ന് ഇത് പഠനോപാധിയായി മാറുമ്പോള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടില്ലെങ്കില്‍ ആശയക്കുഴപ്പം ഉണ്ടാകാം.

മാതാപിതാക്കള്‍ ഇരുവരും ജോലിക്കാരായ വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ സമയത്ത് മിക്കവാറും കുട്ടികള്‍ തനിച്ചായിരിക്കും. അപ്പോള്‍ അവര്‍ അത് ഫലപ്രദമായിട്ടാണോ കാണുന്നതെന്ന് ഉറപ്പാക്കണം.

സ്‌കൂളിലാകുമ്പോള്‍ ക്ലാസില്‍ കയറാതെ ചുറ്റിക്കറങ്ങുന്ന കുട്ടികളെ അധ്യാപകര്‍ കണ്ടെത്തി വീട്ടുകാരെ അറിയിക്കും. പുതിയ സാഹചര്യത്തില്‍ ക്ലാസ് നേരങ്ങളില്‍ ഇതേ ഉപകരണം വച്ച് കുട്ടികള്‍ സൈബര്‍ ചുറ്റിക്കറക്കങ്ങള്‍ നടത്തുമോ ഇല്ലയോയെന്നതാണ് വിഷയം. ഇത്തരം കുട്ടികള്‍ പിടിക്കപ്പെടാതിരിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടാകാം. കാരണം ചില സ്‌കൂളുകളിലെങ്കിലും എല്ലാ കുട്ടികളെയും കണ്ടുകൊണ്ടായിരിക്കില്ല ക്ലാസ് നടത്തുന്നത്. ഓണ്‍ലൈന്‍ ക്ലാസിന്റെ പ്ലാറ്റ്‌ഫോമിന് പല സ്‌കൂളുകളിലും മാറ്റം ഉണ്ടാകാം.

അങ്ങനെ വരുമ്പോള്‍ കുട്ടി ടീച്ചറിനു മുമ്പില്‍ ഇരിക്കുന്നുവെന്ന വ്യാജേന മറ്റു പരിപാടികളില്ലേക്ക് പോകുമോഎന്ന ആശങ്കയും പല മാതാപിതാക്കള്‍ക്കും ഉണ്ട്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികളെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം പിടിഎ വിചാരിച്ചാല്‍ പ്രാവര്‍ത്തികമാക്കാവുന്നതേയുള്ളൂ. അതുകണ്ടു പിടിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണ്. പക്ഷേ ഭൂരിപക്ഷം മാതാപിതാക്കള്‍ക്കും സൈബര്‍ സാക്ഷരതയില്‍ പ്രാവീണ്യം കാണണമെന്നില്ല.

നിയന്ത്രണങ്ങള്‍ വേണം

ഓണ്‍ലൈന്‍ ക്ലാസുകളിലെ മൊബൈല്‍/കംപ്യൂട്ടര്‍ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കള്‍ കര്‍ശന നിയന്ത്രണങ്ങള്‍ മക്കള്‍ക്ക് പറഞ്ഞു കൊടുക്കണം. അതായത് മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ പഠനത്തിനായി ഉപയോഗിക്കുന്നത് വേറെ, വിനോദത്തിനായി ഉപയോഗിക്കുന്നത് വേറെ എന്ന തിരിച്ചറിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഈ സാമഗ്രികള്‍ വിനോദത്തിനായി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം. വിനോദത്തിന് നിശ്ചിത സമയം ഏര്‍പ്പെടുത്തണം. ആ സമയത്തേക്കായി ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തണം. കുട്ടി സ്വയം അച്ചടക്കം പാലിക്കണം എന്നൊക്കെ കുട്ടിയെ പറഞ്ഞു മനസിലാക്കിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. ഒരു മണിക്കൂര്‍ നേരത്തെ പഠനത്തിനുശേഷം ഗെയിം കളിക്കാന്‍ ഫോണ്‍ ആവശ്യപ്പെടുന്ന കുട്ടി സ്‌കൂളില്‍ ക്ലാസ് ടീച്ചറുടെ മുന്നിലിരിക്കുമ്പോള്‍ ഈ ആവശ്യം ഒരിക്കലും ഉന്നയിക്കില്ല. വീട്ടിലായതുകൊണ്ടാണ് ഇത്തരം ഗുണ്ടായിസം കാണിക്കുന്നത്.



വീഡിയോ ഗെയിമുകള്‍ക്കു പകരം കായിക വിനോദങ്ങളാണ് ഉണ്ടാകേണ്ടത്. ടിവി, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയ്ക്കുവേണ്ടി ഒന്നരമണിക്കൂര്‍ മാത്രം ചെലവഴിച്ചാല്‍ മതിയെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. ഇതെല്ലാം കുട്ടിയുടെ സ്വഭാവരൂപീകരണത്തിനും ബുദ്ധിവികാസത്തിനും പാലിക്കേണ്ടതാണെന്നും കുട്ടികളെ പറഞ്ഞു മനസിലാക്കണം. ഇതെല്ലാം കൃത്യമായി പാലിച്ചില്ലെങ്കില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അറിയിക്കാം. പഠനത്തിനായി ഈ ഉപാധിതന്നെയല്ലേ ഉപയോഗിക്കുന്നത്. അതുകൊണ്ട് അല്ലാത്ത സമയത്തും ഇത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും പറയുന്ന കുട്ടികളെ തിരുത്തണം.

വിവേകത്തോടെയാകണം ഉപയോഗം

ഓണ്‍ലൈന്‍ ഉപയോഗത്തില്‍ വിവേകവും വിവേചനവും ഒപ്പത്തിനൊപ്പം ഉണ്ടാകണം. കോവിഡ് പശ്ചാത്തലത്തില്‍ പഠനത്തോടുള്ള താല്‍പര്യം നിലനിര്‍ത്താനുള്ള ഒരു ഉപാധിമാത്രമാണ് ഇതെന്നു കുട്ടികളെ ബോധ്യപ്പെടുത്തണം. പഠനത്തോടുള്ള ആഭിമുഖ്യം വിടാതിരിക്കാനുള്ള ഒരു ബദല്‍ സംവിധാനം മാത്രമാണിത്. കോവിഡ് മാറി ക്ലാസ്മുറിയിലെ പഠനം എന്നു സാധ്യമാകുമെന്ന ആശങ്ക ഇപ്പോഴും തുടരുകയാണ്. കൂട്ടുകാരുമായുള്ള സമ്പര്‍ക്കത്തെക്കുറിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഈ നിര്‍ദേശങ്ങളൊക്കെ രക്ഷിതാക്കള്‍ മക്കള്‍ക്കു പകര്‍ന്നു നല്‍കണം. അതുകൊണ്ടുതന്നെ മറ്റു ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സമയം ഓണ്‍ലൈന്‍ ഉപയോഗിക്കാമെന്ന ധാരണ തിരുത്തിക്കൊടുക്കണം. രക്ഷിതാക്കള്‍ പറയുന്ന ഈ തത്വങ്ങള്‍ പാലിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയാണ് വേണ്ടത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നും ഉള്ളതിനാല്‍ ഇതേക്കുറിച്ച് കുട്ടികളെ എന്നും ഓര്‍മപ്പെടുത്തുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് ഗാഡ്ജറ്റ് അഡിക്ഷന്‍ ആകാതെ കാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. വണ്ണം വയ്ക്കാതെ ഭക്ഷണം കഴിക്കാം. അതുപോലെതന്നെ തോന്നിയ അളവില്‍ ഭക്ഷണം കഴിച്ച് അമിതവണ്ണത്തിലേക്കും എത്താം. വിവേകത്തോടെയാകണം ഓണ്‍ലൈന്‍ ഉപയോഗിക്കേണ്ടത്.

മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്ക് ഭാവിയില്‍ മറ്റു വിദേശ യൂണിവേഴ്‌സിറ്റികളിലെ ഓണ്‍ലൈന്‍ ക്ലാസിനുള്ള ഒരു പരിശീലന മാര്‍ഗവുമായി ഇതിനെ കാണാനാകും.

തയാറാക്കിയത്
സീമ മോഹന്‍ലാല്‍

ഡോ.സി.ജെ ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം