കുടംപുളി വളര്‍ത്താം, സിറപ്പാക്കി വില്‍ക്കാം
മഴയത്തു വിളയുന്നതിനാല്‍ സംസ്‌കരണച്ചെലവും കഷ്ടപ്പാടുമോര്‍ത്ത് കൃഷിചെയ്യാന്‍ പലരും മടിക്കുന്ന വിളയാണു കുടംപുളി. ഉണക്കി ഉപയോഗിക്കുന്ന കുടംപുളിയുടെ സത്തു വേര്‍പ്പെടുത്തി വിപണിയിലെത്തിക്കുകയാണ് കണ്ണൂര്‍ ശ്രീകണ്ടാപുരം ചെമ്പേരിയിലെ ജോയി കുരികിലാംകാട്ടില്‍. മഴക്കാലത്ത് വിളവെടുപ്പു നടക്കുന്ന കുടംപുളി വിറകു കത്തിച്ച് ഉണക്കുന്നതിന് അധിക സമയം വേണ്ടിവരുമെന്നതിനാല്‍ പലരും സംസ്‌കരണത്തിനു തയാറാകുന്നില്ല. മറ്റു സുഗന്ധവിളകളെപ്പോലെ പഴുത്തഫലം വാങ്ങാന്‍ ആളുമില്ല. വിദേശ രാജ്യങ്ങളിലെ പുളി സംസ്‌കരണ രീതികളെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഒരു പരീക്ഷണം നടത്തിക്കളയാമെന്നു തീരുമാനിച്ചു ജോയി. ഇങ്ങനെയാണ് കുടംപുളി സംസ്‌കരണത്തിലേക്കിറങ്ങുന്നത്. കണ്ണൂരിലും ഇരിട്ടിയിലുമുള്ള കൃഷിയിടങ്ങളില്‍ കയറിയിറങ്ങി കിലോയ്ക്ക് അമ്പതു രൂപ നല്‍കി ഒരു ടണ്ണോളം കുടംപുളി ശേഖരിച്ചു.

പഴുത്തപുളി കഴുകിയെടുത്ത് കൈകൊണ്ടു പിഴിഞ്ഞ് ചാറെടുക്കുകയായിരുന്നു ആദ്യപടി. ഈ നീര് വലിയ പാത്രത്തിലൊഴിച്ച് വിറകുതീയില്‍ ജലാംശം വറ്റിച്ചു. ഈ ലായനി തണുപ്പിച്ചു സൂക്ഷിച്ചാല്‍ എത്രനാള്‍ വേണമെങ്കിലും ഉപയോഗിക്കാം. നൂറു കിലോ പഴുത്ത കുടംപുളി പിഴിഞ്ഞാല്‍ നാല്പതു കിലോ ചാറുകിട്ടും. സാധാരണ ഒരു മീന്‍ കറിക്ക് മൂന്നു തുള്ളി സിറപ്പു മതി. ക്ഷീണവും തളര്‍ച്ചയും മാറ്റി പ്രസരിപ്പു നേടാന്‍ ദിവസം ഒരു ഗ്ലാസ് ശുദ്ധവെള്ളത്തില്‍ ഒന്നോരണ്ടോ തുള്ളി ഒഴിച്ചു കുടിച്ചാല്‍ മതിയെന്നാണ് ജോയിയുടെ അനുഭവസാക്ഷ്യം. അറുപതു മില്ലിയുടെ കുപ്പികളിലാണ് കുടംപുളി സത്ത് മാര്‍ക്കറ്റിലെത്തിക്കുന്നത്. മുന്നൂറു രൂപയാണു വില. ഒരു കിലോ കുടംപുളിയുടെ ആവശ്യങ്ങള്‍ക്ക് ഈ ഒരു ചെറുബോട്ടില്‍ മതി.

മലയാളിയുടെ മല്‍സ്യവിഭവങ്ങള്‍ക്ക് രുചിയേറെ നല്‍കുന്ന ഒരു സുഗന്ധവിളയാണ് കുടംപുളി. മരപ്പുളി, പിണംപുളി, വടക്കന്‍പുളി എന്നിങ്ങനെ നിരവധി പേരുകളും കുടംപുളിക്കു സ്വന്തം. ഇന്തോനേഷ്യയില്‍ നിന്ന് ഇവിടേക്ക് വിരുന്നുവന്ന്, വീട്ടുകാരനായ വിളയാണിത്. ഒരു കൃഷി എന്ന രീതിയില്‍ ആരും വളര്‍ത്തുന്നില്ലങ്കിലും ഇപ്പോള്‍ കൃഷിയിടം കീഴടക്കുകയാണ് കുടംപുളി. ആണ്‍പെണ്‍ വൃക്ഷങ്ങള്‍ വെവേറെയുള്ള കുടംപുളി പുഷ്പിക്കാന്‍ കുറഞ്ഞത് പത്തു വര്‍ഷമെടുക്കും. അതു കൊണ്ടാകാം ഇവയുടെ കൃഷി വളര്‍ച്ച നേടാതിരുന്നത്. ഇന്ന് ഗ്രാഫ്റ്റ്, ബഡ് തൈകള്‍ ലഭ്യമാണ്. ഇവ മൂന്നാംവര്‍ഷം മുതല്‍ പുഷ്പിച്ചു തുടങ്ങും. ആണ്‍മരമാകുമോയെന്ന പേടിയും വേണ്ട. ഒരു സുരക്ഷിത പ്രകൃതിദത്ത ഉത്പന്നം എന്ന രീതിയില്‍ കുടംപുളി ഉത്പന്നങ്ങള്‍ക്ക് ലോക വിപണിയില്‍ വലിയൊരു സ്ഥാനമുണ്ട്.

ഔഷധഗുണങ്ങള്‍

പണ്ടുകാലം മുതല്‍ ആയൂര്‍വേദ ഔഷധക്കൂട്ടുകളില്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവിളയാണ് കുടംപുളി. മോണയ്ക്ക് ബലം കൂട്ടാന്‍ കുടംപുളി തിളപ്പിച്ചെടുത്ത് കവിള്‍ കൊള്ളുന്നതു നല്ലതാണ്. മോണകളില്‍ നിന്നു രക്തം വരുന്ന സ്‌കര്‍വി രോഗത്തിനും മോണകളുടെ ബലത്തിനും വീക്കം, കുത്തിനോവ്, വേദന, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കും കുടംപുളി ഔഷധമാണ്. കൊഴുപ്പും അമിതവണ്ണവും കുറയ്ക്കാന്‍ കുടംപുളി കഷായം ഉത്തമം. അമേരിക്കയിലെ ഡോ. ജോണ്‍ ലോവന്‍സ്റ്റെയ്ന്‍ നടത്തിയ പഠനത്തില്‍ കുടംപുളിയിലെ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്‌ളങ്ങള്‍, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിട്ടുള്ള കുടംപുളി നിത്യേന ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. കുടംപുളിയുടെ തോടാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ തളിരില, വിത്ത്, വേരിന്റെ തൊലി, പള്‍പ്പ് എന്നിവയും ആഹാരമായും ഔഷധമായും ഉപയോഗിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലും മധ്യ ആഫ്രിക്കയിലും കൃഷി ചെയ്യുന്ന കുടംപുളിയുടെ ആരോഗ്യദായക ശേഷിയെക്കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കുന്നത് 1835 മുതലാണ്. വാതം, കഫം എന്നിവ ശമിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം ദഹനശക്തി വര്‍ധിപ്പിക്കാനും കഴിവുണ്ട്. ശരീരത്തിന്റെ ചൂട്ടുനീറ്റല്‍, ദാഹം എന്നിവ നിയന്ത്രിക്കുന്നു. അമിത കൊഴുപ്പിനെ അലിയിച്ചു കളയാനും രക്തദോഷം ഇല്ലാതാക്കാനും ഹൃദയത്തെ ബലപ്പെടുത്താനും കുടംപുളിക്കു കഴിയും. തണുപ്പുകാലത്ത് ഉണ്ടാകുന്ന ഉദരരോഗങ്ങള്‍ക്ക് ഔഷധമാണ്. പ്രമേഹരോഗികള്‍ ദിവസവും കുടംപുളി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനാകും. വായുകോപത്തെ നിയന്ത്രിക്കാന്‍ കുടംപുളി ഇട്ടുവച്ച കരിമീന്‍ കറിക്കാവും.


കുടംപുളി കൃഷി

വിത്തുപാകി മുളപ്പിച്ചെടുക്കുന്ന തൈകള്‍ പുഷ്പിച്ചു തുടങ്ങുന്ന കാലഘട്ടത്തില്‍ മാത്രമേ ആണ്‍- പെണ്‍ മരങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ. ആണ്‍മരമായാലുണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍ ഒട്ടുതൈകള്‍ സഹായിക്കും. മാതൃവൃക്ഷത്തിന്റെ പാര്‍ശ്വശാഖകള്‍ ഒട്ടിച്ചാണ് ഒട്ടു കുടംപുളി ത്തൈകളുണ്ടാക്കുന്നത്. ഒട്ടു തൈകള്‍ മൂന്നു മുതല്‍ ആറു മാസം വരെ വളര്‍ത്തിയശേഷമാണ് കൃഷിയിടത്തിലേക്കു മാറ്റി നടേണ്ടത്. ഏക വിളയായും തനിവിളയായും മലബാര്‍ റ്റമറിന്‍ഡ് എന്നറിയപ്പെടുന്ന കുടംപുളി കൃഷി ചെയ്യാം. കേരളത്തിലെ കാലാവസ്ഥയില്‍ തീരമേഖലയിലും ഹൈറേഞ്ച് പ്രദേശങ്ങളിലുമെല്ലാം കൃഷി ചെയ്യാം. ഒരു മീറ്റര്‍ ചുതുരത്തിലും ആഴത്തിലുമുള്ള കുഴികളാണ് നടീലിനായി തയാറാക്കേണ്ടത്. ആറ്റു തീരങ്ങളില്‍ ഇതിന്റെ പകുതിമതി. തനിവിളയായി കൃഷി ചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ അഞ്ചു മീറ്റര്‍ അകലം വേണം. കുഴിയൊന്നിന് രണ്ടരക്കിലോ കമ്പോസ്റ്റും ഒരു കിലോ ചാണകവും ചേര്‍ത്തു കുഴിയില്‍ ഇടണം. പിന്നീട് മേല്‍മണ്ണിട്ടു മൂടണം. കുഴിയുടെ നടുവിലായി ചെറിയൊരു കുഴിയെടുത്ത് ഒട്ടുതൈ നടാം. ഒട്ടുകമ്പ് മണ്‍നിരപ്പിനു മുകളില്‍ വരുന്ന വിധത്തിലാണു നടേണ്ടത്.

മഴയുടെ തുടക്കത്തില്‍ തൈകള്‍ നടാന്‍ ശ്രമിക്കണം. വര്‍ഷംതോറും പത്തുകിലോ കാലിവളം നല്‍കണം. വളര്‍ച്ചനോക്കി ഓരോ വര്‍ഷവും അളവു കൂട്ടണം. കാലിവളവും കമ്പോസ്റ്റും ചേര്‍ത്തു നല്‍കുന്നതും നല്ലതാണ്. ഒട്ടുതൈകള്‍ മൂന്നാം വര്‍ഷം മുതല്‍ പുഷ്പിച്ചു തുടങ്ങും. പത്തു വര്‍ഷം കഴിയുന്നതോടെ സ്ഥിരവിളവ് ഉറപ്പാക്കാം. സൂര്യപ്രകാശം കൂടുന്തോറും വിളവു കൂടിക്കൊണ്ടിരിക്കും. മരങ്ങളില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന കമ്പുകള്‍ വെട്ടി സൂര്യപ്രകാശം എല്ലായിടത്തും എത്തിക്കാന്‍ ശ്രമിക്കണം. നല്ല വേനലില്‍ ആഴ്ചയില്‍ രണ്ടു നന അത്യാവശ്യമാണ്. ഉത്പാദനക്ഷമത കൂടിയ കുടംപുളി ഇനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിട്ടുണ്ട്. അമൃതം, ഹരിത എന്നീ ഇനങ്ങളില്‍ പുരയിടക്കൃഷിക്കു യോജിച്ചതു ഹരിതയാണ്.

വിളവെടുപ്പ്

എണ്‍പതു വര്‍ഷത്തിനുമേല്‍ ആയുസുള്ള കുടംപുളി ജനുവരി മുതല്‍ മാര്‍ച്ചു വരെയാണു പുഷ്പിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ കൂടുതല്‍ കായ്കള്‍ പിടിക്കാന്‍ ഒരേക്കറില്‍ ഒരാണ്‍മരം വേണം. ആണ്‍ മരങ്ങളില്‍ പെണ്ണിനം ഒട്ടിച്ചെടുക്കുന്ന രീതിയുമുണ്ട്. നല്ല വളര്‍ച്ചയെത്തിയ ഒരു മരത്തില്‍ നിന്ന് ഇരുപതു കിലോ ഉണക്കപ്പുളി ലഭിക്കും. പഴുത്തു മഞ്ഞ നിറമാകുമ്പോഴാണ് പറിച്ചെടുക്കുന്നത്. സാധാരണഗതിയില്‍ പഴുത്തു വിഴുന്നത് പെറുക്കിയെടുക്കുന്ന രീതിയാണുള്ളത്. ഇതിലെ വിത്തു മാറ്റിയശേഷം ശുദ്ധീകരിച്ച് വെയിലത്തും പുകയത്തും വച്ച് ഉണക്കിയെടുക്കുന്നു. ഒരു കിലോയ്ക്കു 200 മുതല്‍ 350 രൂപ വരെ വിലയുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ വിളവു ലഭിക്കും. ഫോണ്‍: 9387614930.

നെല്ലി ചെങ്ങമനാട്‌