ജിമെയിൽ പണിമുടക്കി
Friday, August 21, 2020 2:43 PM IST
മുംബൈ: ടെക് വന്പൻ ഗൂഗിളിന്റെ ഇ-മെയിൽ സേവനവിഭാഗമായ ജിമെയിലിന്റെ പ്രവർത്തനം ഭാഗികമായി മുടങ്ങിയത് നിരവധി ഉപയോക്താക്കളെ വലച്ചു. ഇന്നലെ രാവിലെ മുതൽ ഇന്ത്യയിലുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ജിമെയിൽ പണിമുടക്കിയതായാണു വിവരം. മെയിൽ അയയ്ക്കാനോ ഫയലുകൾ അറ്റാച്ചുചെയ്യാനോ കഴിഞ്ഞില്ലെന്നു നിരവധി ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടു.
ചില ഉപയോക്താക്കൾക്കു ലോഗ് ഇൻ ചെയ്യാനും കഴിഞ്ഞില്ല. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പല രാജ്യങ്ങളിലും കന്പനികൾക്കും മറ്റും പ്രവർത്തന നിയന്ത്രണമുള്ളതിനാൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കു ജിമെയിലിനെ ആശ്രയിച്ചിരുന്ന പല സ്ഥാപനങ്ങളും ജീവനക്കാരും പ്രതിസന്ധിയിലായി.
ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്സ്, ഗൂഗിൾ മീറ്റ് തുടങ്ങിയവയും പണിമുടക്കി. അതേസമയം തകരാർ നേരിട്ടതായി സ്ഥിരീകരിച്ചുവെന്നും ഇതിന്റെ കാരണം അന്വേഷിക്കുകയാണെന്നും ഗൂഗിൾ അറിയിച്ചു.