ഐഫോണ്‍ 2021 എത്തുക ഈ ഫീച്ചറുകളോടെ?
ഐഫോണ്‍ 2021 എത്തുക ഈ ഫീച്ചറുകളോടെ?
പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ നിരയില്‍ എക്കാലവും മുമ്പന്തിയിലാണ് ആപ്പിള്‍ പുറത്തിറക്കുന്ന ഐഫോണ്‍. എല്ലാ വര്‍ഷവും പുതിയ ഫോണുകള്‍ അവതരിപ്പിക്കുന്ന ഐഫോണിന്റെ പുതിയ മോഡലില്‍ എന്തൊക്കെ ഫീച്ചറുകളാകും ഉണ്ടാവുകയെന്നറിയാന്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ എപ്പോഴും ആകാംക്ഷ പുലര്‍ത്താറുണ്ട്.

ഒരു മാസം മുമ്പ് യുഎസിലെ പ്രമുഖ മാധ്യമമായ ബ്ലൂംബര്‍ഗ് ചില ഫീച്ചറുകളെക്കുറിച്ച് സൂചന നല്‍കിയിരുന്നു. അടുത്ത ദിവസം പുറത്തിറങ്ങിയ വാള്‍ സ്ട്രീറ്റ് ജേര്‍ണലും ഈ ഫീച്ചറുകള്‍ തന്നെ പുതിയ ഐഫോണില്‍ ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്.

2021ലെത്തുന്ന ഐഫോണ്‍ ഇന്‍സ്‌ക്രീന്‍ ടച്ച് ഐഡി, ഫേസ് ഐഡി ഫീച്ചറുകളോടെയാകും എത്തുകയെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ ഇന്‍സ്‌ക്രീന്‍ ടച്ച് ഐഡിയുടെ പേറ്റന്റ് ആപ്പിള്‍ സ്വന്തമാക്കിയിരുന്നു.

എന്നാല്‍ സമാനമായ ചില പേറ്റന്റുകള്‍ കമ്പനി 2016 മുതല്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ഇവ ഉപയോഗിച്ചിട്ടില്ലെന്നതിനാല്‍ തന്നെ ഈ ഫീച്ചറുകള്‍ ഈ വര്‍ഷത്തെ ഫോണിലുണ്ടാകുമെന്നുറപ്പില്ല.


ജനുവരി ആദ്യം തന്നെ ആപ്പിള്‍ എന്‍ജിനീയര്‍മാരെ ഉദ്ധരിച്ച് ഇന്‍സ്്രകീന്‍ ടച്ച് ഐഡി ആപ്പിള്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതേ സമയം ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

മുന്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ മോഡലില്‍ ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ടാവില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വയര്‍ലെസ് ചാര്‍ജിംഗ് മാത്രമേ പുതിയ മോഡലില്‍ ഉണ്ടാവൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഫീച്ചര്‍ കൂടുതലായും പ്രൊ വേരിയന്റില്‍ മാത്രമേ കാണു എന്നും റിപ്പോര്‍ട്ട് പറയുന്നു.

പഴയ മോഡലുകളെ അപേക്ഷിച്ച് എന്തെങ്കിലും പുതിയ ഫീച്ചറുകള്‍ എത്തുന്നതായി സ്ഥിരീകരണമില്ല.