മഴയില്‍ കുടയൊരുക്കാം തേനീച്ചകള്‍ക്ക്
മഴയില്‍ കുടയൊരുക്കാം തേനീച്ചകള്‍ക്ക്
ഷഡ്പദങ്ങളായ തേനീച്ചകള്‍ നമുക്കു നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ആവാസവ്യവസ്ഥയുടെ സന്തുലനം, ജൈവ വൈവിധ്യ സംരക്ഷണം, പരാഗണത്തിലൂടെ വിളവര്‍ധന, ഇതുമൂലമുണ്ടാകുന്ന ഭക്ഷ്യസുരക്ഷ എന്നിവയെയൊക്കെ ഏറെ സഹായിക്കുന്നുണ്ട് തേനീച്ചകള്‍.

തേനീച്ച: മികച്ച ആവാസവ്യവസ്ഥയുടെ അടയാളം

മികച്ച ആവാസവ്യവസ്ഥയുടെ അടയാളമാണ് തേനീച്ചകള്‍. ജീവികളെന്ന നിലയില്‍ 365 ദിവസവും ഭക്ഷണവും സംരക്ഷണവും ആവശ്യമായവ. തേനീച്ച കൃഷിയിലെ വസന്തകാലമാണ് തേന്‍കാലം. ഇതേതുടര്‍ന്നു വരുന്ന ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങള്‍ തേനീച്ചകള്‍ക്ക് ക്ഷാമകാലമാണ്. ഈ കാലത്ത് ഇവയ്ക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കേണ്ടിയിരിക്കുന്നു. തേനീച്ചകളുടെ ഭക്ഷണമായ പൂമ്പൊടിയുടെയും പൂന്തേനിന്റെയും പ്രകൃതിദത്ത ലഭ്യത കുറയുന്ന കാലമാണ് ക്ഷാമകാലം. തുടര്‍ച്ചയായ മഴക്കാലത്ത് തേനീച്ചയ്ക്ക് പുറത്തുസഞ്ചരിച്ച് പൂന്തേനോ പൂമ്പൊടിയോ ശേഖരിക്കാനാവില്ല. കനത്ത മഴകാരണം ഇവയുടെ സ്രോതസുകള്‍ ഒലിച്ചുപോയും ലഭ്യതയില്ലാതാകുന്നു. പൂമ്പൊടിയിലടങ്ങിയിരിക്കുന്ന മാംസ്യം, കൊഴുപ്പ്, വിറ്റാമിനുകള്‍, ലവണങ്ങള്‍ എന്നിവ തേനീച്ചപ്പുഴുക്കളുടെ വളര്‍ച്ചയ്ക്കും കോശങ്ങള്‍, മാംസപേശികള്‍, ഗ്രന്ഥികള്‍ എന്നിവയുടെ വികാസത്തിനും അത്യാവശ്യമാണ്.

പൂമ്പൊടിയുടെ അഭാവം പുഴുക്കളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത് വേലക്കാരി ഈച്ചകളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടാക്കും. തന്മൂലം അട കെട്ടാനുള്ള മെഴുകിന്റെ അഭാവവുമുണ്ടാകും. ഈ ക്ഷാമകാലത്ത് പ്രത്യേക സംരക്ഷണം നല്‍കി തേനീച്ച കോളനികളെ ശക്തമായി സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി ചെയ്യേണ്ട പരിചരണമുറകള്‍ ചുവടെ ചേര്‍ക്കുന്നു.

1. തേന്‍ തട്ടുകള്‍ നീക്കം ചെയ്യുക

തേനുത്പാദനം അവസാനിച്ചതിനാല്‍ തേനെടുക്കാനായി തയാറാക്കിയിരിക്കുന്ന തേന്‍തട്ടുകളിലെ വേലക്കാരി ഈച്ചകളുടെ സാന്നിധ്യം ഇല്ലാതാകും. ഈ അടകളില്‍ മഴുകുപുഴുവിന്റെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ മേല്‍ തട്ടുകള്‍ ഉടനടി നീക്കം ചെയ്യണം. ഇതിലെ ഒഴിഞ്ഞ മഴുക് അടകളെ മുറിച്ചുമാറ്റി ശുദ്ധമായ മെഴുക് ആക്കിമാറ്റി വിപണനം ചെയ്യാവുന്നതാണ്.

* പഴയ തേനടകള്‍ തേന്‍തട്ടുകളില്‍ തന്നെ വായൂകടക്കാതെയും കേടുകൂടാതെയും സൂക്ഷിച്ചാല്‍ അടുത്ത തേനുത്പാദനകാലത്ത് വീണ്ടും ഉപയോഗിക്കാനാവും.

* ഇതിനായി തേന്‍തട്ടുകളിലെ തേനിന്റെ അംശം തേനെടുക്കല്‍ യന്ത്രത്തിന്റെ സഹായത്താല്‍ നീക്കം ചെയ്യണം. ഈ അടകള്‍ ഒന്നുരണ്ടു ദിവസം കാറ്റത്തുണക്കിയശേഷം അതേ മേല്‍തട്ടുകളില്‍ തിരികെ ഇടാം. മേല്‍തട്ട് ഒന്നിനുമുകളില്‍ ഒന്നായി വച്ച് വായൂ കടക്കാതെ സെലോടേപ്പ് കൊണ്ടു ഭംഗിയായി അടയ്ക്കണം.

* തേന്‍ തട്ടുകളുടെയുള്ളില്‍ അടകളുടെ മുകളിലായി പാരാഡൈക്ലോറോബന്‍സീന്‍(പി.ഡി.ബി.) കിഴികെട്ടി താഴത്തെ തട്ടുകളിലും രണ്ടു തട്ടുകള്‍ ഇടവിട്ടും നിക്ഷേപിക്കുക. അടുക്കിവച്ചിരിക്കുന്ന പെട്ടികള്‍ക്കുള്ളില്‍ പി.ഡി.ബി. വാതകമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ അടകള്‍ക്ക് മെഴുകുപുഴുവില്‍ നിന്നു സംരക്ഷണം ലഭിക്കും.

* അടുത്ത തേന്‍കാലമാകുന്നതോടെ (ജനുവരി-ഫെബ്രുവരി) ഒഴിഞ്ഞ അറകളെ പുറത്തെടുത്ത് ശുദ്ധജലം സ്‌പ്രേ ചെയ്ത് തണലത്തുണക്കി വീണ്ടും കൂടുകളില്‍ ഇടാം. ഇത് തേനീച്ചയുടെ ജോലിഭാരം കുറച്ച് വേഗത്തില്‍ തേനുത്പാദനം സാധ്യമാക്കും.

2. കോളനി സംയോജനം

പുഴുത്തട്ട് അഥവാ അടിത്തട്ട് ശക്തിയായി സൂക്ഷിക്കുന്നത് കൂടുകളെ രോഗകീടങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ സഹായിക്കും. ഇതിനായി ബലഹീനമായ കൂടുകളെ സംയോജിപ്പിച്ച് ശക്തിപ്പെടുത്തേണ്ടതാണ്. ഒരു എപ്പിയറിലെ ബലഹീനമായ കൂടിനെ ശക്തിയുള്ള കൂടുമായി ഒരുമിപ്പിച്ചാണ് കോളനി സംയോജനം സാധ്യമാക്കുന്നത്. ഇതിനായി

* ശക്തമായ തേനീച്ചക്കൂടിന്റെ മേല്‍മൂടി നീക്കി, ന്യൂസ് പേപ്പറില്‍ 'പഞ്ച്' കൊണ്ട് സുഷിരങ്ങളുണ്ടാക്കി അടിതട്ടിനു മുകളില്‍ വയ്ക്കുക.

* പേപ്പറിനു മുകളില്‍ ടാല്‍ക്കം പൗഡര്‍ വിതറുന്നത് കോളനി ഗന്ധം മാറ്റുന്നതിനു സഹായിക്കും.

* ബലഹീനമായ കൂട്ടിലെ റാണിയെ നീക്കം ചെയ്തശേഷം പുഴുത്തട്ടിന്റെ അടിപ്പലക മാറ്റി ന്യൂസ് പേപ്പറിനു മുകളില്‍ വയ്ക്കുക.

* മണിക്കൂറുകള്‍ക്കകം പേപ്പറിലെ സുക്ഷിരങ്ങള്‍ രണ്ടു കൂട്ടിലെയും വേലക്കാരി ഈച്ചകള്‍ കടിച്ചു വലുതാക്കും.

* മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബലഹീനമായ റാണിയെ നീക്കം ചെയ്ത കൂട്ടിലെ തേനീച്ചകള്‍ റാണിയുള്ള താഴെത്തെ കൂട്ടില്‍ പ്രവേശിച്ച് ശക്തമായ കോളനിയായി മാറും.

* അടിതട്ടില്‍ ഈച്ചയുടെ അംഗസംഖ്യ കുറഞ്ഞാല്‍ വിഭജന പലക ഉപയോഗിച്ച് കൂടിന്റെ വിസ്തൃതി ക്രമപ്പെടുത്തണം.

3. മഴക്കാല പരിചരണം

* കൂടുകള്‍ നനയാതെയും പെട്ടിക്കുള്ളില്‍ വെള്ളം പ്രവേശിക്കാതെയും സൂക്ഷിക്കണം.

* കോളനികള്‍ പൂമ്പൊടി സാന്നിധ്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം.

* തേനീച്ചക്കൂടിനു താഴെയുള്ള കളകള്‍ നീക്കം ചെയ്യുന്നത് ഉറുമ്പുകളുടെ ആക്രമണത്തില്‍ നിന്നു സംരക്ഷിക്കും. മതിയായ വായൂസഞ്ചാരം ഉറപ്പാക്കും.


* അടിത്തട്ടിലെ കൂടുപരിശോധിച്ച് അടിപ്പലക വൃത്തിയാക്കുക.

* പഴയതും കറുത്തതുമായ അടകള്‍ നീക്കം ചെയ്തു പുതിയ അടകള്‍ മധ്യഭാഗത്തു വരത്തക്ക രീതിയില്‍ ക്രമീകരിക്കുക. ഒഴിഞ്ഞ ചട്ടങ്ങള്‍ ഒരു വശത്തായി നല്‍കുന്നത് പുതിയ അടകള്‍ നിര്‍മിച്ച് പുഴുവളര്‍ത്തല്‍ സുഗമമാക്കും.

* മടിയന്‍ ഈച്ചകളുടെ വര്‍ധിച്ച തോതിലുള്ള സമാധികളെ തേനട കത്തി കൊണ്ട് അരിഞ്ഞുമാറ്റി അവയുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതു തടയുക.

* വളര്‍ന്നുവരുന്ന റാണി കൂടുകളെ നശിപ്പിക്കുന്നത് കൂട്ടം പിരിയല്‍ തടയാന്‍ സഹായകരമാവും.


4. കൃത്രിമാഹാരം നല്‍കല്‍

മഴക്കാലത്തും പ്രകൃതിദത്ത തേനോ പൂമ്പൊടിയോ ലഭ്യമല്ലാത്ത അവസരങ്ങളിലും തേനീച്ചകൂടിന്റെ സുഗമമായ വളര്‍ച്ചയ്ക്ക് കൃത്രിമാഹാരം നല്‍കണം.

പൂന്തേന്‍ അഥവാ മധു പ്രകൃതിയില്‍ ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഇതിനു പകരമായി പഞ്ചസാരലായനി തയാറാക്കി തേനീച്ചയ്ക്ക് നല്‍കണം. ഇതിനായി പഞ്ചസാരയും ശുദ്ധജലവും തുല്യഅളവിലെടുത്ത് തിളപ്പിക്കണം. പഞ്ചസാര പൂര്‍ണമായി അലിഞ്ഞു കഴിയുമ്പോള്‍ പഞ്ചസാരയിലെ പൊടിപടലങ്ങള്‍ അരിച്ചു നീക്കി, തണുപ്പിച്ച് തേനീച്ചകള്‍ക്ക് ഒരാഴ്ച ഇടവിട്ടു നല്‍കാം.

* ഭക്ഷണ ദൗര്‍ലഭ്യം ഏറെ അനുഭവിക്കുന്ന കൂടുകള്‍ക്ക് ഒരു കിലോ പഞ്ചസാരയില്‍ അരലിറ്റര്‍ വെള്ളം എന്ന അനുപാതത്തില്‍ ലായനി തയാറാക്കി 3-5 ദിവസം ഇടവിട്ട് ആവശ്യാനുസരണം നല്‍കണം. ഇത് കോളനി പെട്ടെന്നു ശക്തിപ്രാപിക്കാന്‍ ഇടയാകും.

* എപ്പിയറിലെ എല്ലാ കൂടിനും ഭക്ഷണം നല്‍കി യെന്ന് ഉറപ്പു വരുത്തുന്നതു തേന്‍ മോഷണം തടയാന്‍ സഹായകമാകും. കൃത്രിമാഹാരം നല്‍കാന്‍ ഉച്ചകഴിഞ്ഞ സമയമാണ് തെരഞ്ഞെടുക്കേണ്ടത്. പാത്രം കവിഞ്ഞൊഴുകാത്ത രീതിയില്‍ ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം. കൃത്രിമാഹാരം നല്‍കുന്ന പാത്രത്തിലെ ലായനിയില്‍ തേനീച്ചകള്‍ മുങ്ങി ചാകാതിരിക്കാന്‍ ഉണക്ക മരച്ചില്ലകളിടണം.

5. കൃത്രിമ പൂമ്പൊടികൂട്ട്

തേനീച്ചക്കൂട്ടില്‍ പൂമ്പൊടിയുടെ ലഭ്യത കുറയുമ്പോഴും പ്രകൃതിയില്‍ പൂമ്പൊടി സ്രോതസ് ഇല്ലാതിരിക്കുമ്പോഴും കൃത്രിമ പൂമ്പൊടികൂട്ട് നല്‍കേണ്ടതാണ്.

ചേരുവകള്‍, തയാറാക്കുന്ന വിധം

25 ഗ്രാം പൊരിക്കടല അല്ലെങ്കില്‍ സോയാബീന്‍ പൊടിയില്‍ 15 ഗ്രാം പാല്‍പൊടിയും 40 ഗ്രാം പൊടിച്ച പഞ്ചസാരയും 10 ഗ്രാം ഈസ്റ്റും 10 ഗ്രാം തേനും ചേര്‍ത്ത് ചപ്പാത്തിക്കു മാവു കുഴയ്ക്കുന്ന പരുവത്തില്‍ തയാറാക്കണം. കൂടൊന്നിന് 10 ഗ്രാം എന്ന തോതില്‍ ഉരുളകളാക്കി കൈകൊണ്ട് പരത്തി ആഴ്ചയിലൊരിക്കല്‍ കൂടിന്റെ ചട്ടങ്ങളുടെ മുകളില്‍ വച്ചുകൊടുക്കണം. ഇതിനു മുകള്‍ഭാഗം ഒരു കഷണം ബട്ടര്‍ പേപ്പര്‍ കൊണ്ടുമൂടുന്നത് ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ നല്ലതാണ്. പെട്ടിയുടെ മുകള്‍ മൂടി അടച്ചു സൂക്ഷിച്ചാല്‍, വേലക്കാരി ഈച്ചകള്‍ മണിക്കൂറുകള്‍ക്കകം മുഴുവന്‍ കൃത്രിമ പൂമ്പൊടികൂട്ടും ശേഖരിച്ച് അറകളില്‍ സംഭരിക്കും. ഇത് ബീ ബ്രഡ് ഉണ്ടാക്കാനായി തേനീച്ച ഉപയോഗപ്പെടുത്തി വരുന്ന പുഴുക്കളുടെ ഭക്ഷണ ലഭ്യത ഉറപ്പാക്കും.

6. ശത്രുക്കളില്‍ നിന്നു രക്ഷിക്കാം

* മെഴുകുപുഴു

തേനീച്ച കോളനികളെ ശക്തിയായി സൂക്ഷിക്കാത്ത സാഹചര്യത്തില്‍ കീടങ്ങളുടെ ആക്രമണം വര്‍ധിക്കും. മതിയായ പരിചരണമില്ലാത്ത, ശേഷി കുറഞ്ഞ കൂടുകളില്‍ മഴക്കാലത്ത് രൂക്ഷമാകുന്ന ഒന്നാണ് മെഴുകു പുഴുവിന്റെ (ഗലേറിയ മെലോണെല്ല) ആക്രമണം.

ശക്തിക്ഷയിച്ചതും ഒഴിഞ്ഞ അടകളുള്ളതുമായ തേനീച്ച കൂടിന്റെ വാതിലിലൂടെയോ, വിടവുകളിലൂടെയോ പ്രവേശിച്ച് മെഴുകുപുഴുവിന്റെ ശലഭങ്ങള്‍ 300-600 മുട്ടകള്‍ നിക്ഷേപിക്കും. ഇണചേരല്‍ കഴിഞ്ഞയുടനെ മുട്ടയിടല്‍ ആരംഭിക്കുന്ന ശലഭങ്ങള്‍ അഞ്ചുദിവസം തുടരും. 12 ദിവസമാണ് ശലഭത്തിന്റെ ജീവിത ദൈര്‍ഘ്യം, 3-5 ദിവസം കൊണ്ട് മുട്ട വിരിയും. പ്രതികൂല സാഹചര്യത്തില്‍ മുട്ടവിരിയല്‍ 35 ദിവസം വരെ നീണ്ടുപോകും.

ഒരു കൂട്ടം മുട്ടവിരിഞ്ഞാല്‍ മെഴുക് അടകള്‍ തുളച്ച് ടണല്‍ ഉണ്ടാക്കി അതിലൂടെ സഞ്ചരിച്ചാണ് മെഴുക് ഭക്ഷിച്ച് പുഴുക്കള്‍ ജീവിതയാത്ര തുടങ്ങുന്നത്. സാധാരണ ശക്തിയില്‍ 20 ദിവസം കൊണ്ട് പുഴുക്കള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കും. എന്നാല്‍ തണുത്ത കാലാവസ്ഥയില്‍ ഇത് അഞ്ചു മാസം വരെ നീണ്ടേക്കും. തേനും പൂമ്പൊടിയും മെഴുകും ഭക്ഷിച്ചു വളരുന്ന പുഴു ദിശയാണ് തേനീച്ച കോളനികള്‍ക്ക് ഹാനികരം. പഴയ അടകളിലെ പുറം ചട്ടയും പൂമ്പൊടിയുമാണ് ഏറെ പ്രീയം. പൂര്‍ണ വളര്‍ച്ചയെത്തുന്ന പുഴുക്കള്‍ പട്ടുകൊണ്ടുള്ള വെളുത്ത കൂടുകളില്‍ സമാധിയായി 5-8 ദിവസം കൊണ്ടു വിരിഞ്ഞിറങ്ങും. തണുപ്പു സമയങ്ങളില്‍ രണ്ടുമാസം വരെ സമാധി നീണ്ടുനില്ക്കും. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍ശലഭങ്ങള്‍ക്ക് 12 ദിവസവും ആണ്‍ ശലഭങ്ങള്‍ക്ക് 21 ദിവസവുമാണ് ജീവിത ദൈര്‍ഘ്യം.

ആക്രമണം രൂക്ഷമാകുന്നതോടെ റാണിയീച്ച മുട്ടയിടേണ്ട അറകളെല്ലാം നഷ്ടമാവുകയും അടകളെല്ലാം നശിച്ചു പോവുകയും ചെയ്യുന്നു.

പരിപാലനം

ചെറിയ തോതില്‍ ആക്രമണം കണ്ടയുടനെ ഈ അടകളെ ശക്തമായ കോളനികളിലേക്കു മാറ്റിയാല്‍ ഈച്ചകള്‍ പുഴുക്കളെ നശിപ്പിച്ച് അടകളെ ബലപ്പെടുത്തും. പുഴുബാധയേറ്റ അടകള്‍ 48 മണിക്കൂര്‍ ഫ്രീസറില്‍ വച്ച് തണുപ്പിച്ച് പുഴുക്കളെ നശിപ്പിച്ച് ഉപയോഗയോഗ്യമാക്കാവുന്നതാണ്. ആക്രമണം രൂക്ഷമായാല്‍ അടകള്‍ കത്തിച്ചുകളയണം.

ഉറുമ്പുകള്‍

വിവിധ തരത്തിലുള്ള ഉറുമ്പുകളില്‍ നിന്നു സംരക്ഷണം ഉറപ്പാക്കണം. കൂടിന്റെ അടിഭാഗത്ത് വെള്ളം നിറച്ച ഉറുമ്പുകെണികള്‍, സ്റ്റാന്‍ഡില്‍ ഗ്രീസ് , കരി ഓയില്‍ ഇവയുടെ പ്രയോഗം എന്നിവ ഒരു പരിധിവരെ ഉറുമ്പുകളെ നിയന്ത്രിക്കും. തേനീച്ചക്കൂടില്‍ സ്പര്‍ശിച്ചു കാണുന്ന ചെടികളുടെ ശിഖരങ്ങള്‍ നീക്കം ചെയ്യുന്നത് നീറിന്റെ ആക്രമണത്തില്‍ നിന്നു സംരക്ഷണം നല്‍കും.

കടന്നലുകള്‍

വെസ്പാ സിക്ട എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന യെല്ലോ ബാന്‍ഡഡ് വാസ്പ് കടന്നലുകളുടെ ആക്രമണത്തില്‍ നിന്നു കൂടുകളെ സംരക്ഷിക്കേണ്ടതാണ്. പ്രതിദിനം 150-200 ഈച്ചകളെ പിടിച്ചു കൊല്ലാന്‍ കഴിവുള്ള ഈ കടന്നലുകളുടെ കൂടു കണ്ടെത്തി നശിപ്പിച്ചു കളയുന്നതാണ് കോളനിയെ സംരക്ഷിക്കാനുള്ള എളുപ്പമാര്‍ഗം.

ഡോ. സ്റ്റീഫന്‍ ദേവനേശന്‍
മുന്‍ മേധാവി, തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം
കേരള കാര്‍ഷിക സര്‍വകലാശാല
ഫോണ്‍: : 9400185001