ഹരിതാഭം ഈ യുവക്ഷേത്ര
ഹരിതാഭം ഈ യുവക്ഷേത്ര
Tuesday, April 5, 2022 3:22 PM IST
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്‍കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ എഴക്കാടുള്ള യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്.

കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള മികച്ച കോളജുകളിലൊന്നായ യുവക്ഷേത്രയുടെ ഹരിതമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത് കൃഷിയെ നെഞ്ചിലേറ്റിയ ഡയറക്ടര്‍ റവ. ഡോ. മാത്യു വാഴയില്‍. 2018 ഫെബ്രുവരി 13 നാണ് അദ്ദേഹം ചുമതലയേറ്റത്.

23 ഏക്കറില്‍ പരന്നുകിടക്കുന്ന കാമ്പസില്‍ അക്കാദമിക് ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും മൈതാനവും കഴിഞ്ഞാല്‍ ബാക്കിയുള്ള സ്ഥലങ്ങളെല്ലാം കൃഷിയിടങ്ങളാണ്. കോളജിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഹരിത, കാര്‍ഷിക പ്രധാനമാകണമെന്ന ചിന്ത ഒരു പാരമ്പരാഗത കാര്‍ഷിക കുടുംബത്തിലെ അംഗമായ ഫാ. മാത്യുവിനുണ്ടായതു സ്വാഭാവികം.

രണ്ടായിരത്തിയഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ നാനൂറ്റിയമ്പതോളം പേര്‍ ഹോസ്റ്റല്‍വാസികളാണ്. ഇവര്‍ക്ക് പോഷകസമൃദ്ധമായ വിഷരഹിത 'ഭക്ഷണം നല്‍കുക എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് ലഭ്യമായ സ്ഥലസൗകര്യം കൃഷിക്കും മറ്റുമായി വിനിയോഗിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കന്നുകാലി ഫാം, പച്ചക്കറി, പഴം കൃഷികള്‍ ആരംഭിച്ചു.

ഏറെ ശ്രദ്ധേയമാണു കാമ്പസിലെ കന്നുകാലി ഫാം. വെച്ചൂര്‍, നാടന്‍, എച്ച്.എഫ്., സഹിവാള്‍, ഗീര്‍, ജേഴ്സി, റെഡ് സിന്ധി, കാങ്കറേജ് ഇനങ്ങളിലായി നാല്‍പ്പത്തിയഞ്ചോളം പശുക്കളുണ്ട്. ദിവസേന 200 ലിറ്ററോളം പാല്‍ കിട്ടും. ഇതില്‍ പകുതി ഹോസ്റ്റല്‍, കോളജ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. ബാക്കി വില്‍ക്കും. കോളജിനു സമീപത്ത് താമസിക്കുന്നവരാണു പ്രധാന ഉപഭോക്താക്കള്‍.

അവര്‍ ഫാമിലെത്തി പാല്‍ വാങ്ങും. യുവക്ഷേത്ര മില്‍ക്ക് എന്ന പേരില്‍ ശുദ്ധമായ പാല്‍ വില്‍ക്കുന്ന കൗണ്ടര്‍ അധികം വൈകാതെ തുടങ്ങാന്‍ തീരുമാനമുണ്ട്. നെയ്യ്, തൈര്, മോര് എന്നിവയും തയാറാക്കുന്നുണ്ട്. നേരത്തെ കോളജിന്റെ ആവശ്യത്തിനായി വര്‍ഷം പത്തു ലക്ഷം രൂപയുടെ പാലാണ് പുറത്തു നിന്നു വാങ്ങിയിരുന്നത്.

ഗുജറാത്തില്‍ നിന്നു കൊണ്ടുവന്ന കാങ്കറേജ് ഇനത്തില്‍പെട്ട പശുവാണ് ഫാമിലെ പ്രധാന ആകര്‍ഷണം . വലിയ കൊമ്പുകളും ശരീര വലുപ്പവുമൊക്കെയുണ്ടെങ്കിലും നല്ല ഇണക്കവും സ്നേഹവുമുള്ളവയാണിവ. പാലിനു നല്ല പോഷകഗുണവും. ഇതിന്റെ പാല്‍ പ്രത്യേകമായി ചോദിച്ചുവരുന്നവരുണ്ട്.


പഞ്ചാബുകാരിയായ സഹിവാള്‍ ഇനത്തില്‍പെട്ട പശു ദിവസവും 20 ലിറ്റര്‍ പാല്‍ ചുരത്തും. അഞ്ഞൂറു കിലോയോളം തൂക്കം വരുന്ന ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനത്തില്‍പെട്ട മണി എന്ന മൂരിക്കുട്ടന്‍ ഫാമിന്റെ അഴകാണ്. കറവയുള്ള പകുതി പശുക്കള്‍ എപ്പോഴും ഫാമിലുണ്ടാകും. ബാക്കിയുള്ളവ ഗര്‍ഭാവസ്ഥയിലും. കിടാരികളെയും ഇതോടൊപ്പം സംരക്ഷിക്കുന്നുണ്ട്.

പശുക്കള്‍ക്കുള്ള തീറ്റപ്പുല്ലും കാമ്പസില്‍ വിളയിച്ചെടുക്കുന്നു. സിഒ- 3, സൂപ്പര്‍ നേപ്പിയര്‍ ഇനങ്ങളില്‍പെട്ട പുല്ലാണ് കൃഷി ചെയ്യുന്നത്. അഞ്ച് ഏക്കറിലാണ് പുല്‍കൃഷി. സ്പ്രിംഗ്ലര്‍ ഉപയോഗിച്ചാണ് ജലസേചനം. പാലക്കാട് നെല്ലറയുടെ നാടായതിനാല്‍ കുറഞ്ഞ വിലയ്ക്ക് വൈക്കോലും കിട്ടും.

എല്ലാ സീസണിലും പച്ചക്കറി കൃഷിയുണ്ട്. നേന്ത്രന്‍, റോബസ്റ്റ, ചെറുവാഴകള്‍ എന്നിവ വന്‍തോതിലുണ്ട്. കാബേജ്, പാവല്‍, പടവലം, തക്കാളി, കോവയ്ക്ക, പച്ചമുളക്, കപ്പ എന്നിവ സമൃദ്ധമായി വിളയുന്നു. ഗ്രോബാഗ് കൃഷിയുമുണ്ട്. ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി ജൈവകൃഷിയാണ് എല്ലായിടത്തും.

വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്ലാവ്, വിവിധ ഇനങ്ങളില്‍ പെട്ട മാവുകള്‍, ബദാം, ബറാബ, ചാമ്പകള്‍, മാങ്കോസ്റ്റീന്‍, റമ്പുട്ടാന്‍, കസ്റ്റാഡ, പിസ്ത, ബട്ടര്‍ ഫ്രൂട്ട്, പേരയ്ക്ക, മുള്ളാത്ത, മിറക്കിള്‍ ഫ്രൂട്ട്, ജാതി തുടങ്ങിയവ ഫലവൃക്ഷ തോട്ടത്തെ സമ്പന്നമാക്കുന്നു.

മുട്ടയ്ക്കും മാംസത്തിനുമായി ഒരു പൗള്‍ട്രി ഫാമും കാമ്പസിലുണ്ട്. വിവിധ ഇനത്തില്‍ പെട്ട കോഴികള്‍, താറാവ്, വാത്ത, ഫ്ളയിംഗ് ഡക്ക് എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കോഴിക്കുഞ്ഞുങ്ങളെ ഇന്‍കുബേറ്റര്‍ വഴി വിരിയിച്ചെടുക്കുകയാണ്. പത്തോളം ഇനങ്ങളില്‍പെട്ട അമ്പതോളം പ്രാവുകള്‍, തത്തകള്‍ എന്നിവയും ഇവിടെ സംരക്ഷിക്കപ്പെടുന്നു. റോഡ് വീലര്‍, ലാബ്രഡോര്‍, പോമറേനിയന്‍ ഇനത്തില്‍പെട്ട അഞ്ച് നായകളുമുണ്ട്.

നാലേക്കറോളം വരുന്ന മുളങ്കാട് കാമ്പസിനെ കൂടുതല്‍ ഹരിതാഭമാക്കുന്നു. മുള വെട്ടി വില്ക്കുന്നതിലൂടെ മോശമല്ലാത്ത വരുമാനവും ലഭിക്കുന്നുണ്ട്. പതിനഞ്ചോളം ഇനത്തില്‍ പെട്ട മുളകള്‍ ഇവിടെയുണ്ട്.

കാമ്പസില്‍ 95 കെ.വി. സോളാര്‍ പാനല്‍ സ്ഥാപിച്ചതിലൂടെ മാസം രണ്ടു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലാഭിക്കാനാകുന്നു. ഒപ്പം മിച്ച വൈദ്യുതി വില്പനയിലൂടെ വരുമാനവും കിട്ടുന്നു. കഴിഞ്ഞ മാസം കോളജില്‍ നടത്തിയ ഗ്രീന്‍ ഓഡിറ്റിംഗില്‍ കാര്‍ബണ്‍ പുറംതള്ളുന്നതില്‍ പൂജ്യം ശതമാനം എന്ന വന്‍ നേട്ടമാണ് ഈ ഹരിത കാമ്പസ് കൈവരിച്ചത്. 0.12 ശതമാനം ആണ് കാമ്പസിലെ കാര്‍ബണ്‍ പുറംതള്ളല്‍ റേറ്റ്.

ജിമ്മി ജോര്‍ജ്