കെ. മുരളീധരൻ
തിരുവനന്തപുരം: കോഴിക്കോട്ട് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും മരുന്നിനുമായി നടത്തുന്ന ധനസമാഹരണ ക്യാമ്പയിനെതിരെ ചോദ്യങ്ങളുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
എസ്എംഎ രോഗത്തിനുള്ള മരുന്ന് സർക്കാരിന്‍റെ പക്കൽ ലഭ്യമാണെന്നും പിന്നെ എന്തിനാണ് ഇത്തരമൊരു ക്യാമ്പയിൻ നടത്തുന്നതെന്നും മന്ത്രി ചോദിച്ചു. 12 വയസുവരെയുള്ള കുട്ടികൾക്ക് സർക്കാർ വഴി മരുന്ന് സൗജന്യമായി ലഭിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കുട്ടികളുടെ ചികിത്സയ്ക്കായി രണ്ട് കോടി രൂപ സാമ്പത്തിക സഹായം നൽകിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രതികരണം. നിലവിൽ 30 കോടി രൂപയോളമാണ് ഈ ക്യാമ്പയിനിലൂടെ സമാഹരിച്ചിട്ടുള്ളത്.
അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മുരളീധരൻ പറഞ്ഞു. അധ്യക്ഷസ്ഥാനത്തേക്ക് ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കും.
പാർട്ടിക്ക് പുതിയൊരു പ്രസിഡന്‍റ് അനിവാര്യം തന്നെയാണെന്നും സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തണമെങ്കിൽ സംഘടന ശക്തമാകേണ്ടതുണ്ടെന്നും അതിന് മുഴുസമയ പ്രസിഡന്‍റ് വേണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Tags : SMA Health Treatment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash