ഡിവൈഡറിൽ ഇടിച്ച് കാർ മറിഞ്ഞു
1459672
Tuesday, October 8, 2024 6:59 AM IST
വിഴിഞ്ഞം: ബൈപ്പാസിൽ നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ഡ്രൈവർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിനു കുറുകെ കിടന്ന കാറിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നു മാറ്റി ഗതാഗത തടസം ഒഴിവാക്കി. കോവളം കാരോട് ബൈപ്പാസ് റോഡിൽ പുന്നമൂട് പയറും മുട് പാലത്തിനു സമീപം ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു അപകടം.
തമിഴ്നാട് സ്വദേശി ഗാഡ്വി(35)നാണ് പരിക്കേറ്റത്.
തമിഴ്നാട്ടിൻനിന്നു തിരുവനന്തപുരത്തേക്കു വരുകയായിരുന്ന സ്വിഫ്റ്റ് ഡിസൈർകാറാണ് അപകടത്തിൽപ്പെട്ടത്. പൂർണമായി തകർന്ന കാറിൽനിന്നു ഡ്രൈവർ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്നു വിഴിഞ്ഞം ഫയർ ഫോഴ്സ് അറിയിച്ചു. ഏറെ തിരക്കുള്ള ബൈപ്പാസിൽ ഈ സമയം കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നതും വൻ അപകടം ഒഴിവാക്കി.