മാലിന്യ നിക്ഷേപം; കാമറകൾ സ്ഥാപിക്കാൻ തീരുമാനം
1566082
Tuesday, June 10, 2025 2:45 AM IST
പേരൂർക്കട: ആറന്നൂർ വാർഡ് പരിധിയിൽ മാലിന്യ നിക്ഷേപത്തെ തുടർന്ന് ഉപരോധം ഉണ്ടായ പശ്ചാത്തലത്തിൽ കാമറകൾ സ്ഥാപിക്കാൻ തീരുമാനമെടുത്ത് ക്ഷേത്ര ഭാരവാഹികൾ.
ആറന്നൂർ പാറച്ചിറ മാടൻ തമ്പുരാൻ ക്ഷേത്രത്തിനു സമീപത്താണ് കഴിഞ്ഞദിവസം നാലു കവർ മാലിന്യം കണ്ടെത്തിയത്.കോഴി മാലിന്യമായതുകൊണ്ട് തന്നെ പ്രദേശത്തു രൂക്ഷമായ ഗന്ധം ആയിരുന്നു. ഇതിനെ തുടർന്നു ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്നു രാജീവ് ഗാന്ധി ബയോടെക്നോളജി-മേലാറന്നൂർ റോഡ് ഉപരോധിച്ചിരുന്നു.
മാലിന്യനിക്ഷേപകരെ കണ്ടെത്തണമെന്നതായിരുന്നു ആവശ്യം. പൂജപ്പുര പോലീസുമായി നടത്തിയ ചർച്ചയിലാണ് സമരക്കാർ പിരിഞ്ഞു പോയത്. മാലിന്യം മുഴുവൻ നഗരസഭ നീക്കം ചെയ്തുവെങ്കിലും വീണ്ടും മാലിന്യനിക്ഷേപം ഉണ്ടാകുകയാണെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു വരുമെന്നാണ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും അറിയിച്ചിട്ടുള്ളത്.
മാലിന്യനിക്ഷേപം പൂർണമായി ഒഴിവാക്കുന്നതിനായി സിസിടിവി കാമറകൾ ഉൾപ്പെടെ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാലിന്യം കാക്കകളും മറ്റും കൊത്തി ക്ഷേത്രപരിസരത്ത് കൊണ്ടിരുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഇത് ഒഴിവാക്കുന്നതിനു നഗരസഭ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.