കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കവര്‍ച്ച: 40 പവൻ സ്വർണം നഷ്ടപ്പെട്ടു
1568879
Friday, June 20, 2025 6:27 AM IST
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ വന്‍ കവര്‍ച്ച. കോൺഗ്രസ് നേ താവിന്റെ വീട്ടില്‍ നിന്നും 40 പവന് സ്വര്‍ണാഭരണങ്ങളും 5,000 രൂപയും നഷ്ടമായി. കോണ്‍ഗ്രസ് നേതാവും നെല്ലനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ വലിയകട്ടയ് ക്കാല് പാലത്തറ സുരേഷ് ഭവനില്‍ ആര്. അപ്പുക്കുട്ടന് പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ പിന്‍വശത്തുള്ള വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്്്ടാവ് ഒന്നാം നിലയിലെത്തി അപ്പുക്കുട്ടന് പിള്ളയുടെ കൊച്ചുമക്കള്‍ ഉറങ്ങുകയായിരുന്നമുറിയില് നിന്നും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു.
അപ്പുക്കുട്ടന് പിള്ളയുടെ മരുമകളുടേതായിരുന്നു ആഭരണങ്ങള്‍. അധ്യാപികയായ ഇവര്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ ഉണര്‍ന്നെണീറ്റു വന്നപ്പോള്‍ മുറിക്ക് പുറത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടു നിലവിളിച്ചു. ഇതോടെ വീട്ടിലെ മറ്റംഗങ്ങള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് പുറത്തേക്കോടി രക്ഷപ്പെട്ടു.
തുടര്‍ന്നു നടന്ന പരിശോധനയില്‍ മറ്റൊരു മുറിയില്‍ ആഭരണങ്ങള്‍ വെയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ചെറിയ പെട്ടികളിള്നിന്നും അവയെല്ലാം എടുത്തശേഷം ഉപേക്ഷിച്ച നിലയിലും വീടിന്റെ പിന്‍വശത്തെയും അകത്തേക്കുമുള്ള വാതിലുകള്‍ പൊളിച്ച നിലയിലും കണ്ടെ ത്തുകയായിരുന്നു.
രാവിലെ നടന്ന പരിശോധനയില്‍ മറ്റു ചില ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടികളും ബാഗും വാതില്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും പുരയിടത്തില്‍ ഉപേക്ഷിച്ചിരിക്കുന്ന നിലയിലും കണ്ടെത്തുകയുണ്ടായി.
തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരം അറിയിക്കുകയും വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ സജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തുകയും ചെയ്തു. പിന്നീട് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാല്‍, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.