കിണറ്റിൽവീണ ആടിനെ രക്ഷിച്ചു
1568884
Friday, June 20, 2025 6:27 AM IST
വിഴിഞ്ഞം: ഏറെ താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താൻ ഫയർഫോഴ്സി ന്റെ ജീവൻ പണയം വച്ചുള്ള സാഹസ ശ്രമം ഫലം കണ്ടു. രക്ഷാപ്രവർത്തനത്തിനിടയിൽ കിണറിന്റെ കൈവരികൾ തകർന്നു വീണു നേരിയ പരിക്കേറ്റെങ്കിലും രക്ഷാപ്രവർത്തകൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. വായുസഞ്ചാരമില്ലാത്ത കിണറ്റിനുള്ളിൽ കിടന്നു നിലവിളിച്ച് പിടഞ്ഞആടിനെ ജീവനോടെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു.
പൂങ്കുളം, വടക്കേ കര, മേലെ പുത്തൻവീട്ടിൽ അനിയുടെ വീട്ടുമുറ്റത്തെ 120 അടിയോളം താഴ്ച്ചയുള്ള കിണറിലാണ് ആട് വീണത്. മുകളിൽ നിന്ന് ടോർച്ച് തെളിച്ചാലും കാണാൻ പറ്റാത്ത ആഴത്തിൽ കിടന്ന ആടിനെ രക്ഷിക്കാൻ വീട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടി. വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേന രണ്ടു മണിക്കൂറോളം കാരുക്കിട്ട് കരയിൽനിന്നും ആടിനെ രക്ഷപ്പെടുത്താൻ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല .
മണ്ണിടിച്ചിൽ സാധ്യത ഉള്ള കിണറിൽ ശ്വസന ഉപകരണത്തിന്റെ സഹായത്തോടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ് കുമാർ ദൗത്യം ഏറ്റെടുത്തു. രക്ഷാപ്രവത്തകൻ 80 അടി താഴ്ച്ചയിൽ എത്തുന്നതിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞത് വലിയ ആശങ്കക്ക് വഴി തെളിച്ചു. മണ്ണ് ഉള്ളിലേക്ക് പതിച്ചു സന്തോഷ് കുമാറിനു നേരിയ പരിക്കേറ്റു. പരിശ്രമ ത്തിനൊടു വിൽ ആടിനെ കരയ്ക്കെത്തിച്ചു.