ഇനി ഇവിടെ വെള്ളം പൊങ്ങില്ല : വയലിക്കടയിൽ റോഡ് ക്ലീൻ..!
1568885
Friday, June 20, 2025 6:27 AM IST
പേരൂര്‍ക്കട: ഓടകള്‍ വ്യാപകമായി അടഞ്ഞതോടെ വെള്ളക്കെട്ടായി മാറിയ വയലിക്കട റോഡില്‍ അധികൃതര്‍ കാര്യമായി ഇടപെട്ടു. ഓടകളിലെ ചളിയും മണലും മണ്ണും നീക്കുന്ന പ്രവര്‍ത്തനം ഒരുദിവസംകൂടി നീളും.
റോഡിന്റെ വശത്തു താമസിക്കുന്നവര്‍ വീടുകളിലേക്കു വാഹനങ്ങള്‍ കയറ്റിയിടുന്നതിനായി സ്വന്തം ചെലവില്‍ സ്ലാബുകള്‍ അടിച്ചിട്ടതാണ് റോഡിലെ വെള്ളക്കെട്ടിനു കാരണമായത്.
അശാസ്ത്രീയമായി സ്ലാബുകള്‍ സ്ഥാപിച്ചതുമൂലം മണ്ണും ചളിയും അടിഞ്ഞ് ഓടയിലെ ഒഴുക്ക് തടസപ്പെടുകയായിരുന്നു.
ഇതുമൂലം ഈ വര്‍ഷം മഴക്കാലത്തു മൂന്നുതവണയാണ് വയലിക്കട-വെയിലിക്കുന്ന റോഡ് വെള്ളക്കെട്ടായി മാറിയത്. 200 മീറ്ററോളം റോഡ് വെള്ളത്തില്‍ മുങ്ങിയതിനാല്‍ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുകയായിരുന്നു. അടുത്തിടെ വി.കെ. പ്രശാന്ത് എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമായിരുന്നു. ചെട്ടിവിളാകം, കിണവൂര്‍ വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടെ മറ്റുസ്ഥലങ്ങളില്‍ നിന്നു വെള്ളമൊഴുകി കെട്ടിക്കിടക്കുകയായിരുന്നു.
കിണവൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്. സുരകുമാരിയുടെ ഇടപെടലാണ് ഈ ഭാഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കാരണമായത്. എം.സി റോഡ്, തിരുവനന്തപുരം മെഡിക്കല്‍കോളജ് എന്നിവിടങ്ങളിലേക്കു പോകുന്നതിനുള്ള സുപ്രധാനമായ റോഡാണ് വയലിക്കട.