ദേശീയ ജൂണിയർ ബോക്സിംഗിൽ മെഡൽ നേട്ടവുമായി അജയ് കൃഷ്ണ
1571317
Sunday, June 29, 2025 6:37 AM IST
നെടുമങ്ങാട്: ദേശീയ ജൂണിയർ ബോക്സിംഗിൽ വെങ്കലമെഡൽ നേടി എ.എസ്.അജയ് കൃഷ്ണ. ഹരിയാനയിൽ നടന്ന ദേശീയ 80കിലോഗ്രാം ജൂണിയർ ബോക്സിംഗ് ചാമ്പ്യൻ ഷിപ്പിലാണ് ആര്യനാട് സ്വദേശിയായ എ.എസ്.അജയ്കൃഷ്ണ നേട്ടം കൈവരിച്ചത്.
ദേശീയ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നടന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിലും അജയ്കൃഷ്ണ ഒന്നാം സ്ഥാനം നേടിയിരുന്നു.നാല് വഷത്തെ കഠിന പ്രയത്നമാണ് അജയ് കൃഷ്ണയ്ക്ക് നേട്ടങ്ങൾ കൈവരാൻ അവസരമൊരുക്കിയത്.മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇടംനേടാനും കഴിഞ്ഞു.
എട്ടാംക്ലാസ് മുതലാണ് അജയ് കൃഷ്ണ ബോക്സിംഗിൽ സമ്മാനങ്ങൾ വാങ്ങി തുടങ്ങിയത്.പത്താം ക്ലാസിനിടയിൽ മൂന്ന് പ്രാവശ്യം സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടാനായി. പത്താം ക്ലാസ് വരെ അരുവിക്കര മൈലം ജിവി രാജ സ്കൂളിലായുരുന്നു പഠനം. ഇവിടത്തെ സ്പോർട്ട്സ് കൗൺസിലിന്റെ കോച്ചായിരുന്ന മനോജാണ് അജയ് കൃഷ്ണയെ ഇപ്പോൾ നാഷണൽ ലവൽവരെ എത്തിക്കാൻ പ്രേരക ശക്തിയായി മാറിയത്.
ആര്യനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ തങ്കംവിലാസത്തിൽ പത്മനാഭപുരം ക്ഷേത്രത്തിലെ സുരക്ഷാ വിഭാഗത്തിലെ പോലീസ് സബ് ഇൻസ്പെക്ടർ അരുൺകുമാറിന്റെയും ശിവപ്രിയയുടേയും മകനാണ്. മാർ ഇവാനിയോസ് കോളജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിനി അരുണിമ സഹോദരിയാണ്. അജയ് കൃഷ്ണയ്ക്ക് ആര്യനാട്ട് സ്വീകരണ മൊരുക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.