പുഴയിൽ വിദ്യാർഥിനി മുങ്ങിമരിച്ചു
1574434
Thursday, July 10, 2025 12:38 AM IST
കല്ലടിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങിമരിച്ചു. കടമ്പഴിപ്പുറം അമൃതാലയം സന്തോഷ്കുമാറിന്റെ മകൾ ശിവാനി(14)യാണ് പുലപ്പാറ്റ ചീനിക്കടവ് പുഴയിൽ മുങ്ങിമരിച്ചത്. ശ്രീകണ്ഠേശ്വരം കടവിനുസമീപമാണ് കുട്ടി വെള്ളത്തിൽപ്പെട്ടത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ശിവാനിയും കുടുംബങ്ങളും കുളിക്കാനായി ഈ കടവിൽ എത്തിയത്. കുളിക്കുന്നതിനിടയിൽ ശിവാനിയെ കാണാതായതിനെതുടർന്ന് കൂടെയുള്ളവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. ഇവരുടെ കരച്ചിൽ കേട്ട് തൊട്ടടുത്തുണ്ടായിരുന്നവർ ഓടിയെത്തി കടവിനരികിലുള്ള കയത്തിൽനിന്നു കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
ഉടൻതന്നെ ശ്രീകൃഷ്ണപുരം സ്വകാര്യആശുപത്രിയിലും തുടർന്നു വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടമ്പഴിപ്പുറം ഹൈസ്കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിയാണ്. അമ്മ: സൗമ്യ, സഹോദരി: സ്വാസ്തിക.