നിരത്തുകൾ കീഴടക്കി തെരുവുനായ്ക്കൂട്ടം
1573648
Monday, July 7, 2025 2:16 AM IST
കല്ലടിക്കോട്: ചെറുറോഡുകൾ കൈയടക്കി തെരുവുനായ്ക്കൂട്ടം. പത്തും ഇരുപതും നായകളാണ് കൂട്ടമായി വഴികളിലൂടെ സഞ്ചരിക്കുന്നത്. ഇവ ആളുകളെ ആക്രമിക്കുന്നതും പതിവാണ്.
കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട്, ടിബി, ദീപ, മാപ്പിളസ്കൂൾ, ഇരട്ടക്കൽ, കൂരിക്കുന്ന്, വാക്കോട്, പാങ്ങ്, ചുങ്കം, കല്ലടി തുടങ്ങി നിരവധി സ്ഥലങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
കഴിഞ്ഞ രണ്ടാഴ്ച മുൻപ് വാക്കോട് ഉന്നതിയിൽ വീട്ടിലെ പശുവിനെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.
ഇപ്പോഴും പശുവിനു പ്രതിരോധ കുത്തിവയ്പ്പുകൾ തുടരുകയാണ്. ഉന്നതിയിൽ വളർത്തുന്ന മറ്റു നായകൾക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്തു.
രണ്ടുദിവസങ്ങൾക്കു മുമ്പാണ് സ്കൂളിൽനിന്നും മടങ്ങുകയായിരുന്ന യുവതിയെ നായകടിച്ചത്. രാവിലെ മദ്രസ്സയിലേക്കുപോകുന്ന കുട്ടികൾക്കെതിരെയും നായകളുടെ അക്രമമുണ്ടാകുന്നുണ്ട്,
സ്കൂൾ വിദ്യർഥികളും ഇരുചക്ര വാഹനയാത്രികരും ഭയന്നാണ് യാത്ര ചെയ്യുന്നത്. ശക്തമായ നടപടി എടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.