അർബൻ സൊസൈറ്റിയിൽ മുക്കുപണ്ടം പണയംവയ്ക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
1587740
Saturday, August 30, 2025 1:31 AM IST
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം അർബൻ ഗ്രാമീൺ സൊസൈറ്റിയിൽ 10 പവൻ മുക്കുപണ്ടം പണയംവയ്ക്കാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് പിടികൂടി. ആലങ്ങാട് സ്വദേശികളായ ഷമീർ, ഉണ്ണികൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 20 ന് അമ്പലപ്പാറ സ്വദേശിയായ വിശ്വനാഥൻ എന്നയാൾ 11 പവൻ മുക്കുപണ്ടം ഇതേ സ്ഥാപനത്തിൽ പണയംവച്ച് 7.17 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. വിശ്വനാഥനാണ് ഷമീറിനെയും ഉണ്ണികൃഷ്ണനേയും മുക്കുപണ്ടം പണയം വയ്ക്കാൻ കൊണ്ടുവന്നത്. സംശയം തോന്നിയ സൊസൈറ്റി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്നുനടത്തിയ പരിശോധനയിൽ ഇവർ കൊണ്ടുവന്നത് മുക്കുപണ്ടമാണെന്നു കണ്ടെത്തി. രണ്ടുപേർക്കുമെതിരേ പോലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.