‘ജലമാണ് ജീവൻ’ കാന്പയിൻ: ശുചീകരണയജ്ഞം 30, 31 തീയതികളിൽ
1586981
Wednesday, August 27, 2025 1:28 AM IST
പാലക്കാട്: അമീബിക് മസ്തിഷ്കജ്വരം അടക്കമുള്ള ജലജന്യരോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ‘ജലമാണ് ജീവൻ’ എന്ന പേരിൽ ജനകീയ ശുചീകരണ കാന്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ, ഹരിത കേരളം മിഷൻ എന്നിവയുടെ ഏകോപനത്തിൽ 30, 31 തിയതികളിലാണ് ശുചീകരണയജ്ഞം നടക്കുക. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടിയിൽ വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകൾ, കുളങ്ങൾ, വാട്ടർ ടാങ്കുകൾ തുടങ്ങിയ ജലസ്രോതസുകൾ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.
ഓരോരുത്തരും തങ്ങളുടെ വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഈ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. വൃത്തിയില്ലാത്ത കുളങ്ങളിലും തോടുകളിലും കുളിക്കുന്നവർക്ക് മാത്രമല്ല വീടുകളിലെ കിണർ ജലം ഉപയോഗിച്ചവർക്കു പോലും മസ്തിഷ്കജ്വരം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലങ്ങളോളം വാട്ടർടാങ്കുകൾ വൃത്തിയാക്കാതെയിരിക്കുന്നത് അപകടകരമായ അമീബ വളരാൻ ഇടയാക്കും. ജലജന്യരോഗങ്ങളെ തുരത്തുന്നതിനും ശുദ്ധമായ ജലം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവും അനിവാര്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.