കൊയ്ത്തിനൊരുങ്ങി കുറുവായ് പാടശേഖരം
1586987
Wednesday, August 27, 2025 1:28 AM IST
വടക്കഞ്ചേരി: വിളവെടുപ്പ് ഉത്സവം കൂടിയാണ് ഓണം. മഴ മാറി മാനം തെളിഞ്ഞതോടെ ഓണസദ്യക്കുള്ള വിളകളുടെയെല്ലാം വിളവെടുപ്പ് തുടങ്ങി. ഇക്കുറി തിരുവോണത്തിന് തൂശനിലയിൽ വിളമ്പാൻ കുറുവായ് പാടത്തെ തുമ്പപ്പൂവെണ്മയുള്ള പുത്തരിചോറുമുണ്ടാകും. അടുത്തദിവസം പാടശേഖരത്തിൽ കൊയ്ത്ത് നടക്കും.
ജില്ലയിൽതന്നെ ഒന്നാംവിളക്കൊയ്ത്ത് ആദ്യം നടക്കുന്നതും കുറുവായ് പാടശേഖരത്തിലാകുമെന്ന് സമിതി പ്രസിഡന്റ് ശാന്തകുമാർ പറഞ്ഞു. വർഷങ്ങളായി ജൈവകൃഷിരീതികൾ പിന്തുടരുന്ന പാടശേഖരമാണ് കരപ്പാടമായ കുറുവായ്. ജ്യോതി, കാഞ്ചന നെല്ലിനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്. ഭേദപ്പെട്ട വിളവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പന്നിശല്യം കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.
രാത്രികാലങ്ങളിൽ പാടശേഖരത്തിന്റെ മൂന്നു ഭാഗത്തുനിന്നും പന്നിക്കൂട്ടങ്ങളെത്തി കണ്ടങ്ങൾ കുത്തിമറിച്ച് നശിപ്പിക്കുകയാണ്. ഇതുമൂലം നെല്ല് വീണ് യന്ത്രകൊയ്ത്ത് ദുർഘടമാകും. സംഭരണനടപടികൾ ആരംഭിക്കാത്തതും കർഷകർക്ക് ബുദ്ധിമുട്ടാകും. മാറിനിൽക്കുന്ന മഴ വീണ്ടും കനത്താൽ നെല്ല് സൂക്ഷിക്കലും ചെലവേറിയതാകുമെന്ന് കർഷകർ പറയുന്നു.