കുത്തനൂർ ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ കെട്ടിടം പൂർത്തീകരണ ഉദ്ഘാടനം
1586972
Wednesday, August 27, 2025 1:28 AM IST
കുഴൽമന്ദം: കെ- സ്മാർട്ട്, ടേക്ക് എ ബ്രേക്ക് പദ്ധതികൾ ജനജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നു മന്ത്രി എം.ബി. രാജേഷ്. കുത്തനൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കെട്ടിട പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടേക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം നാലായിരത്തോളം പൊതുശൗചാലയങ്ങൾ നിർമിക്കാൻ സാധിച്ചു. എല്ലാ പഞ്ചായത്തുകളിലും ശൗചാലയ സൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ കെ- സ്മാർട്ട് ആപ്ലിക്കേഷൻ വഴി ലോകത്തെവിടെ നിന്നും ലഭ്യമാകും.
നേരിട്ട് ഓഫീസുകളിൽ പോകാതെ വീഡിയോ കോൾവഴി വിവാഹ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ചെയ്യാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.
കെ- സ്മാർട്ട് രാജ്യത്തുടനീളം നടപ്പാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ കേരളമിഷനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുത്തനൂർ ശ്രീ ചിത്തിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.പി. സുമോദ് എംഎൽഎ അധ്യക്ഷനായി. മുൻ മന്ത്രി എ.കെ. ബാലൻ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവൻ എന്നിവർ പ്രസംഗിച്ചു.