ശിരുവാണി റോഡ് നിർമാണം: തഹസിൽദാർ ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകും
1587501
Friday, August 29, 2025 1:23 AM IST
പാലക്കാട്്: ശിരുവാണി അണക്കെട്ടിലേക്ക് ശിങ്കന്പാറ ഉന്നതിയിലേക്കും ഉള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ട ് അട്ടപ്പാടി തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറും. കേരള-തമിഴ്നാട് സർക്കാരുകൾ ഉൾപ്പെട്ട കരാറിൽ ശിരുവാണിയിലേക്കുള്ള റോഡ് നവീകരണത്തിനായി 16 കോടി രൂപയുടെ പദ്ധതിയാണ് ജലസേചന വകുപ്പ് സമർപ്പിച്ചിട്ടുള്ളത്. ഇതിന്റെ കരാർ നടപടികളും പൂർത്തിയായി കൊണ്ടിരിക്കുകയാണ്.
ശിരുവാണി റോഡരികിലെ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തികൾ തടസപ്പെട്ട അവസ്ഥയിലാണ്.ഉന്നതിയിലെ കുടുംബങ്ങൾ കളക്ടറെ നേരിട്ട്കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടി തഹസിൽദാർ ഷാനവാസ്ഖാൻ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇഞ്ചിക്കുന്ന് ചെക്ക്പോസ്റ്റ് മുതൽ കേരളമേടുവരെയുള്ള 17 കിലോമീറ്റർ റോഡ് ആണ് നവീകരിക്കുന്നത്. നിർമാണം പൂർത്തിയാക്കണമെങ്കിൽ റോഡിന്റെ വശങ്ങളിൽനിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കണം. മരങ്ങൾ മുറിച്ചുനീക്കി റോഡ് നവീകരിക്കുന്നത് വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുമെന്ന പരാതിയാണ് റോഡ് നിർമാണം തടസപ്പെടാൻ കാരണം. ശിങ്കന്പാറ ഉന്നതിയിൽ ഉള്ളവർ തകർന്നുകിടക്കുന്ന റോഡിലൂടെ പുറംലോകത്തേക്ക് എത്താൻ പ്രയാസപ്പെടുകയാണ്. ഓട്ടോറിക്ഷകൾപോലും പോകാൻ വിസമ്മതിക്കുകയാണ്.
ശിരുവാണി സന്ദർശിക്കുന്നതിനായി വനംവകുപ്പ് യാത്ര സൗകര്യം ഒരുക്കിയെങ്കിലും റോഡിന്റെ തകർച്ചമൂലം സന്ദർശകർ ആരും ശിരുവാണിയിലേക്ക് പോകാൻ തയ്യാറാകുന്നില്ല. റോഡിന്റെ പല ഭാഗത്തും മെറ്റലുകൾ ഇളകി റോഡ് ഒലിച്ചുപോയ അവസ്ഥയിലാണ്. തടസങ്ങൾ നീക്കി റോഡ് നിർമാണം പൂർത്തിയാക്കണമെന്നാണ് ശിങ്കന്പാറ ഉന്നതിക്കാരുടെ ആവശ്യം.