ബോർഡ് നീക്കിയ പോലീസുദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
1587497
Friday, August 29, 2025 1:22 AM IST
പാലക്കാട്: ഉത്സവത്തോട് അനുബന്ധിച്ച് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ബോർഡ് നീക്കം ചെയ്ത ഒറ്റപ്പാലം സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ഷൊർണൂർ ഡിവൈഎസ്പി കമ്മീഷനിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനുള്ളിൽ കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. അന്പലവട്ടം പനവണ്ണ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് സംഭവമുണ്ടായത്. നവോത്ഥാന മൂല്യങ്ങൾ എഴുതിയ ബോർഡ് സ്വകാര്യവ്യക്തിയുടെ അനുവാദത്തോടെയാണ് അവരുടെ സ്ഥലത്ത് സ്ഥാപിച്ചതെന്നും ഇത് പ്രൊബേഷനറി എസ്ഐ തല്ലിപ്പൊളിച്ചു കളഞ്ഞെന്നും പരാതിക്കാരനായ പനമണ്ണ സ്വദേശി ബാലസുബ്രഹ്മണ്യൻ കമ്മീഷനെ അറിയിച്ചു.
തന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ലാത്തികൊണ്ട് മർദിച്ചെന്നും പരാതിയിൽ പറയുന്നു.ഷൊർണൂർ ഡിവൈഎസ്പിയിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. ബോർഡിനെകുറിച്ച് ആരിൽ നിന്നും പരാതി ലഭിച്ചിരുന്നില്ലെന്നും പ്രൊബേഷനറി എസ്ഐ അനാവശ്യതിടുക്കം കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സമചിത്തതയോടെ പ്രവർത്തിക്കേണ്ടതിന് പകരം അനാവശ്യതിടുക്കം കാണിച്ചെന്നും റിപ്പോർട്ടിൽ പറഞ്ഞു. പോലീസ് സ്ഥലത്തെത്തുന്പോൾ സംഘർഷാവസ്ഥ നിലവിലുണ്ടായിരുന്നില്ലെന്നും എന്നിട്ടും ജനങ്ങളെ ലാത്തിവീശി ഓടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരന് ലാത്തിയടിയേറ്റ് പരിക്കേറ്റതായും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരനെ നേരിൽകേട്ടശേഷം പോലീസുദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.