നെന്മാറ- കരിമ്പാറ- അടിപ്പെരണ്ട റോഡ് അറ്റകുറ്റപ്പണികൾക്കു തുടക്കം
1586971
Wednesday, August 27, 2025 1:28 AM IST
നെന്മാറ: നെന്മാറ- കരിമ്പാറ- അടിപ്പെരണ്ട റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വർഷങ്ങളായി ഉപരിതലം പുതുക്കലും അറ്റകുറ്റപ്പണിയും നടക്കാതെ തകർന്നു തുടങ്ങിയ റോഡാണിത്.
പോത്തുണ്ടി റോഡിലെ പേഴുംപാറയിൽനിന്നും അടിപ്പെരണ്ട റോഡിലെ പൂവച്ചോട് വരെയുള്ള 8.5 കിലോമീറ്റർ ദൂരമാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്.
നെന്മാറ- അയിലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കൂടിയാണിത്. കഴിഞ്ഞ മൂന്നുവർഷമായി ഉപരിതലം പുതുക്കിപ്പണിയുന്നതിനു സംസ്ഥാന ബജറ്റിൽ ആറുകോടിരൂപ വകയിരുത്തിയിരുന്നെങ്കിലും നവീകരണപ്രവർത്തികൾ ആരംഭിച്ചിരുന്നില്ല.
ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും കല്ലുകൾ ഇളകിയും കുഴികൾ നിറഞ്ഞും ഗതാഗതത്തിനു തടസമായിരുന്നു. കുടിവെള്ളത്തിന് പൈപ്പുകൾ സ്ഥാപിക്കാൻ ചാലുകീറിയതോടെ മിക്ക സ്ഥലങ്ങളിലും റോഡിന്റെ വശങ്ങൾ ഇടിഞ്ഞ നിലയിലുമായിരുന്നു.
കൂടാതെ പോത്തുണ്ടി അണക്കെട്ടിൽ നിന്നുള്ള അമിതവെള്ളം തുറന്നു വിടുമ്പോൾ ചാത്തമംഗലം ചപ്പാത്ത് ഭാഗത്ത് റോഡുകവിഞ്ഞ് വെള്ളം ഒഴുകിയതിനെതുടർന്ന് നിരവധി സ്ഥലങ്ങളിൽ റോഡ് തകർന്നിട്ടുമുണ്ട്.
ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ ഇതിനെല്ലാം താത്കാലിക പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
നിലവിൽ ഈ റോഡിൽ ഗതാഗതം ദുഷ്കരമായതോടെ ബഹുഭൂരിപക്ഷം വാഹനങ്ങളും ഇപ്പോൾ കരിമ്പാറവഴിയുള്ള റോഡിനെയാണ് നെന്മാറയിലേക്ക് യാത്ര ചെയ്യാൻ ആശ്രയിക്കുന്നത്. അടിപ്പെരണ്ട റോഡിലെ യാത്രാവാഹനങ്ങളും ഭാരവാഹനങ്ങളുംകൂടി ഈ റോഡിലേക്ക് എത്തിത്തുടങ്ങിയതോടെ മിക്കസ്ഥലങ്ങളും തകർന്നു തുടങ്ങിയിരുന്നു. ഈ ഭാഗങ്ങളിലാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തൽ ആരംഭിച്ചത്.