ഊട്ടിയിലെ കേബിൾകാർ പദ്ധതി പത്തുവർഷമായി കടലാസിൽ
1586977
Wednesday, August 27, 2025 1:28 AM IST
കോയന്പത്തൂർ: നീലഗിരി ജില്ലയിലെ കൂനൂരിൽനിന്ന് മേട്ടുപ്പാളയംവരെ നടപ്പാക്കാനുദ്ദേശിച്ച കേബിൾകാർ പദ്ധതി 10 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്നു.
പദ്ധതി യാഥാർഥ്യമായാൽ 30 കിലോമീറ്റർ ദൂരം 6.5 കിലോമീറ്ററായി കുറയും, കൂടാതെ ഒന്നരമണിക്കൂർ മലയോര പാതയിലൂടെ സഞ്ചരിക്കുന്നതിനുപകരം, കൂനൂരിൽ നിന്ന് മേട്ടുപ്പാളയത്ത് 10 മിനിറ്റിനുള്ളിൽ എത്താൻ കഴിയും. ഊട്ടി പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ടൂറിസം മേഖലയുടെ വളർച്ചയ്ക്കും പദ്ധതി ഉപകരിക്കുമെന്നു നീലഗിരി ജില്ലാ എന്‍ജിനീയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിജയകാന്ത് മുത്തുകൃഷ്ണനും അമേരിക്കൻ നിവാസിയായ ഇന്ത്യാ സാമിനാഥനും പറയുന്നു. പരിസ്ഥിതിക്കോ വന്യജീവികൾക്കോ ദോഷം വരുത്താതെ കേബിൾകാർ പദ്ധതി നടപ്പിലാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 400 കോടി രൂപ ചെലവിൽ ഈ പദ്ധതി നടപ്പിലാക്കാമെന്ന ആശയം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അസോസിയേഷൻ അറിയിച്ചു.
ഗതാഗതക്കുരുക്കും വിനോദസഞ്ചാരികൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടും സംബന്ധിച്ച് പഠനം പുരോഗമിക്കുന്നതായി മുൻ മന്ത്രിയും നിലവിലെ ചീഫ് വിപ്പുമായ കെ. രാമചന്ദ്രനും നീലഗിരി ലോക്സഭാംഗം എ. രാജയും അറിയിച്ചു. കേബിൾകാർ പദ്ധതിയുടെ സാധ്യതയെക്കുറിച്ച് ടൂറിസം വകുപ്പും പഠനം നടത്തുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്തഘട്ടം നടപടികളിലേക്കു കടക്കുമെന്നും ഇവർ അറിയിച്ചു.