മുടപ്പല്ലൂരിലെ വീടുകവർച്ച; സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം
1587493
Friday, August 29, 2025 1:22 AM IST
വടക്കഞ്ചേരി: മുടപ്പല്ലൂർ പടിഞ്ഞാറേത്തറ വഴിയിലുള്ള കണ്ടപറമ്പിൽ സിബി മാത്യൂസിന്റെ വീട്ടിൽ ചൊവ്വാഴ്ച രാത്രി നടന്ന കവർച്ച സംബന്ധിച്ച് പോലീസ് അന്വേക്ഷണം ഊർജിതം. സമീപപ്രദേശങ്ങളിലെ സിസി ടിവികൾ പരിശോധിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. വീടിനു പിറകിൽ മറ്റൊരാളുടെ കെട്ടിടനിർമാണ സ്ഥലത്ത് സ്ഥാപിച്ച കാമറയിൽ ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും അതിന് സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
സംഭവ ദിവസം വൈകുന്നേരം മറ്റാരെങ്കിലും വീടിനടുത്ത് വന്നിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് പേർ ബൈക്കിൽ പ്രദേശത്ത് വന്നിരുന്നതായി വിവരമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരക്കും രാത്രി ഒമ്പതിനും ഇടയ്ക്കുള്ള മൂന്നര മണിക്കൂർ സമയത്തിനുള്ളിലാണ് കവർച്ച നടന്നത്. വടക്കഞ്ചേരി ടൗണിലെ സൂപ്പർ മാർക്കറ്റ് മാനേജരായ സിബിയും ഭാര്യ ശ്രീജയും അഞ്ചരക്കു ശേഷം വീടുപൂട്ടി പുറത്തുപോയിരുന്നു.
സിബി സൂപ്പർമാർക്കറ്റിലേക്കും ശ്രീജ മണ്ണുത്തിയിട്ടുള്ള ബന്ധുവീട്ടിലും പോയി. രണ്ട്പേരും രാത്രി ഒമ്പത് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ചവിവരം അറിഞ്ഞത്. ഇരുപത്തിമൂന്നര പവൻ സ്വർണാഭരണങ്ങളാണ് താഴെ ബെഡ്റൂമിലെ അലമാരയിൽ നിന്നും നഷ്ടപ്പെട്ടത്. ആലത്തൂർ ഡിവൈഎസ്പി എൻ. മുരളീധരൻ, വടക്കഞ്ചേരി സിഐ കെ.പി. ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷണം നടത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഹാർലി എന്ന പോലീസ്നായ മണംപിടിച്ച് വീടിനു പിറകുവശത്ത് കറങ്ങി പിന്നീട് പിറകിലെ ഉയരംകുറഞ്ഞ മതിൽചാടി കെട്ടിടനിർമാണം നടക്കുന്ന സൈറ്റ് വഴി മെയിൻ റോഡിലേക്കുള്ള വഴിയിലേക്ക് ഓടിയാണ് നിന്നത്. വീടിനു പിറകിലെ ഉയരം കുറഞ്ഞ മതിൽ ചാടിക്കടന്നാകും മോഷ്ടാക്കൾ വീടിന്റെ കോമ്പൗണ്ടിൽ കടന്നതെന്നാണ് പോലീസും സംശയിക്കുന്നത്.