മരുതറോഡ് ജനവാസമേഖലയിലെ വെള്ളക്കെട്ട് പരിശോധിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
1587224
Thursday, August 28, 2025 12:58 AM IST
പാലക്കാട്: മരുതറോഡ് എസ്എസ്കെ നഗറിലുണ്ടായിരുന്ന നീർച്ചാൽ രണ്ടുവർഷങ്ങൾക്കുമുന്പ് ചിലർ നികത്തിയതു കാരണം വീട്ടിൽ മഴവെള്ളവും മലിനജലവും ഒഴുകിയെത്തുകയാണെന്ന പരാതി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി നീർച്ചാൽ നികത്തിയിട്ടുണ്ടോയെന്നും തടസം മാറിയാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുമോ എന്നും പരിശോധിക്കണം.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി പരിഹരിക്കുന്നതിനുള്ള നിർദേശം മരുതറോഡ് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണമെന്നും കമ്മീഷൻ ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആറാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. മരുതറോഡ് പഞ്ചായത്ത് സെക്രട്ടറിയിൽനിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
പരാതിക്കാരനായ മരുതറോഡ് എസ്എസ്കെ നഗർ സ്വദേശി എ. സയ്യിദ് മുഹമ്മദിന്റെ വീട് ഏറ്റവും താഴത്തെ ഭാഗത്തായതു കൊണ്ടാണ് വെള്ളം കെട്ടി നിൽക്കാൻ കാരണമെന്നു ഈ റിപ്പോർട്ടിൽ പറയുന്നു.
കോളനിയോടു ചേർന്നുള്ള മരുതറോഡ് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ കെട്ടിയടച്ചതു കാരണം ഒഴുക്ക് തടസപ്പെട്ടിട്ടുണ്ടെന്നും മഴവെള്ളം സ്കൂളിന്റെ പിന്നിലുള്ള പറന്പിൽ ഒഴുക്കുന്നതിനുള്ള അനുമതിക്കായി കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകാൻ കമ്മീഷൻ പരാതിക്കാരനു നിർദേശം നൽകി.