തെരുവുനായ്ശല്യം: ജില്ലയിൽ എബിസി പദ്ധതി ഉൗർജിതം
1586980
Wednesday, August 27, 2025 1:28 AM IST
പാലക്കാട്: തെരുവ്നായ്ക്കളുടെ സംഖ്യ നിയന്ത്രിക്കുന്നതിനും റാബീസ് രോഗവ്യാപനം തടയുന്നതിനുമായി ജില്ലയിൽ ആനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പദ്ധതി കൂടുതൽ ശക്തമാക്കുന്നു.
ജില്ലയിൽ നിലവിൽ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ നാല് എബിസി സെന്ററുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ഉദ്ഘാടനം നടന്ന പറളിയിലെ സെന്റർ ഉപകരണങ്ങളുടെ ലഭ്യതയോടുകൂടെ ഉടൻ പ്രവർത്തനം ആരംഭിക്കും.
കൂടാതെ, പട്ടാന്പിയിൽ നിർമാണം പുരോഗമിക്കുന്ന സെന്റർ അടുത്ത മാസവും മണ്ണാർക്കാട്ടെ സെന്റർ ഡിസംബറോടുകൂടിയും പ്രവർത്തനക്ഷമമാകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ, ഗ്രാമപഞ്ചായത്ത് 3.5 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ സെന്ററുകളും സ്ഥാപിച്ചത്. ഓരോ സെന്ററിലും ഒരു ഡോക്ടർ, മൂന്ന് ഡോഗ് ഹാൻഡ്ലേഴ്സ്, ഒരു ശുചീകരണ തൊഴിലാളി, ഒരു ഓപ്പറേഷൻ തീയറ്റർ അസിസ്റ്റന്റ്, ഒരു ഡ്രൈവർ എന്നിവരടങ്ങുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്.
എബിസി പദ്ധതിയുടെ ഭാഗമായി ഓരോ സെന്ററിലും പ്രതിമാസം 100 മുതൽ 120 വരെ തെരുവ്നായ്ക്കളെ വന്ധ്യംകരണം നടത്തുന്നുണ്ട്. ജില്ലയിൽ 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ 4224 നായ്ക്കളെയും, 2025 ഏപ്രിൽ മുതൽ ജൂണ്‍ വരെ 1405 നായ്ക്കളെയും വന്ധീകരിച്ചിട്ടുണ്ട്. തെരുവ്നായ്ക്കളുടെ സംഖ്യ നിയന്ത്രിക്കുന്നതിനും റാബീസ് പോലുള്ള മാരക രോഗങ്ങൾ തടയുന്നതിനും എബിസി പദ്ധതി നിർണായകമാണ്.
പുതിയ സെന്ററുകളുടെ വരവോടെ ഈ ശ്രമങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.