ഓട്ടോയിലിടിച്ച് അഞ്ചു സ്കൂൾ വിദ്യാർഥികൾക്കു ഗുരുതരപരിക്ക്
1587231
Thursday, August 28, 2025 12:58 AM IST
പാലക്കാട്: കോങ്ങാട് ചല്ലിക്കലിൽ അമിതവേഗത്തിലെത്തിയ കാർ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെവന്ന ഓട്ടോയിലും മറ്റൊരു ബസിലും ഇടിച്ച് അപകടം. സംഭവത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന കോങ്ങാട് ഗവ. യുപി സ്കൂളിലെ വിദ്യാർഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.
പച്ചാണി ലക്ഷം വീട് യൂസഫിന്റെ മക്കളായ സൻഹ ഫാത്തിമ (10), ഹുസ്ന (8), ഷാജഹാന്റെ മകൾ സന ഫാത്തിമ (11), അബ്ദുള്ളയുടെ മകൻ ഹിസ്ബുള്ള (11), ഷാജഹാന്റെ മകൻ മിൻഹാജ് (11), ഓട്ടോ ഡ്രൈവർ ഷുഹൈൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ കോയന്പത്തൂർ കോവൈ മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിൻഹാജ്, സൻഹ ഫാത്തിമ എന്നീ വിദ്യാർഥികൾ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. അമിതവേഗതയിലായിരുന്ന കാർ മദ്രസയിൽനിന്നും വിദ്യാർഥികളുമായി വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കോങ്ങാട് പോലീസ് കേസെടുത്ത് കാർ ഓടിച്ചിരുന്ന കോളജ് വിദ്യാർഥിയായ ശ്രീജിത്ത് ഉണ്ണിയെ കസ്റ്റഡിയിൽ എടുത്തു.