പൂട്ടിക്കിടക്കുന്ന വീടുകളിലെ കവർച്ചകളെല്ലാം അതിവിദഗ്ധമായി
1587233
Thursday, August 28, 2025 12:58 AM IST
വടക്കഞ്ചേരി: പിടികൊടുക്കാതെ തുടരുന്ന വീടുകവർച്ചക്കാർ പോലീസിന് വലിയ തലവേദനയായി മാറുന്നു. ചൊവ്വാഴ്ച രാത്രി മുടപ്പല്ലൂർ കണ്ടംപറമ്പിൽ സിബി മാത്യുവിന്റെ വീട്ടിൽ നടന്ന കവർച്ചയാണ് ഒടുവിലത്തേത്.
സിബിയും ഭാര്യയും വീട് പൂട്ടി പുറത്തുപോയി നാലുമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വീട് കുത്തിത്തുറന്ന് കവർച്ച നടന്നു. താഴെ ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുപത്തിമൂന്നര പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.
അടുക്കളഭാഗത്തെ തറയിലെ വാട്ടർടാങ്കിനു മുകളിൽ പെയിന്റ് ബക്കറ്റ് വച്ച് അതിൽ കയറി സൺഷെയ്ഡ് വഴിയാണ് മോഷ്ടാവ് മുകളിലേക്ക് കയറിയത്. രണ്ടുമാസം മുമ്പാണ് സിബിയുടെ വീടിനടുത്ത് പടിഞ്ഞാറേത്തറയിൽ റിട്ട. ഡിഫൻസ് ഉദ്യോഗസ്ഥൻ ഗംഗാധരന്റെ വീട്ടിൽനിന്നു 13 പവൻ സ്വർണാഭരണങ്ങളും 8500 രൂപയും പന്ത്രണ്ടായിരം രൂപ വിലയുള്ള വാച്ചും കവർന്നത്. വീട് പൂട്ടി അടുത്ത് പന്തംപറമ്പിലുള്ള തറവാട്ടുവീട്ടിൽ പോയ സമയത്തായിരുന്നു സംഭവം.
വാതിലുകൾക്കൊന്നും വലിയ കേടുപാടുകൾ വരുത്താതെയായിരുന്നു കവർച്ച. തുറന്ന വാതിലുകൾ അതേപടി അടച്ചുവച്ച് പെട്ടെന്ന് സംശയം തോന്നിക്കാത്ത വിധമായിരുന്നു ഗംഗാധരന്റെ വീട്ടിൽ മോഷ്ടാവ് പെരുമാറിയത്.
അതിനു രണ്ടുദിവസം മുമ്പ് മുടപ്പല്ലൂരിൽതന്നെ ചക്കാന്തറ ആറുമുഖന്റെ വീട്ടിൽ മോഷണശ്രമമുണ്ടായി. പിറകിലെ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് മുകൾനിലയിലായിരുന്ന മകൻ താഴേക്ക് ഓടിവരുമ്പോഴേക്കും മുഖംമൂടി ധരിച്ച മോഷ്ടാവ് രക്ഷപ്പെട്ടു.
നാലുമാസംമുമ്പ് ദേശീയപാതയ്ക്കടുത്ത് ചുവട്ടുപാടത്ത് പ്രസാദ് പിള്ളയുടെ ഒറ്റപ്പെട്ട ഇരുനിലവീട്ടിൽനിന്നു 45 പവൻ സ്വർണാഭരണങ്ങൾ കവർന്നതും അതിവിദഗ്ധമായിട്ടായിരുന്നു. രാത്രി വീട്ടുകാർ ഉറങ്ങിക്കിടന്നിരുന്ന മുറിയിൽനിന്നാണ് ആഭരണങ്ങൾ കവർന്നത്. അടുക്കളഭാഗത്തെ ചിമ്മിനിക്കുഴലിലൂടെ കയറി മുകളിലെ നിലയിലെ വാതിൽവഴിയായിരുന്നു അന്ന് മോഷ്ടാവ് അകത്തുകടന്നത്. സ്വർണം കണ്ടെത്താനുള്ള പുതിയ ഉപകരണങ്ങൾ വല്ലതും മോഷ്ടാക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കുംവിധമാണ് ആഭരണക്ക വർച്ചകൾ നടക്കുന്നത്.